5 ദിവസത്തില്‍ വീണത് 14 വിക്കറ്റ് മാത്രം; റാവല്‍പിണ്ടിയിലെ പിച്ച് ശരാശരിയിലും താഴെ, ഡിമെറിറ്റ് പോയിന്റ് ചുമത്തി ഐസിസി

പാകിസ്ഥാൻ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം നടന്ന റാവൽപിണ്ടിയിലെ പിച്ചിനെ ശരാശരിയിലും താഴ്ന്നതായി രേഖപ്പെടുത്തി ഐസിസി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: പാകിസ്ഥാൻ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം നടന്ന റാവൽപിണ്ടിയിലെ പിച്ചിനെ ശരാശരിയിലും താഴ്ന്നതായി രേഖപ്പെടുത്തി ഐസിസി. ഒരു ഡിമെറിറ്റ് പോയിന്റും റാവൽപിണ്ടി പിച്ചിന് മുകളിൽ വീണു. 24 വർഷത്തിന് ശേഷം ആദ്യമായി ഓസ്ട്രേലിയ പാകിസ്ഥാനിൽ കളിച്ച ടെസ്റ്റ് വിരസമായ സമനിലയിൽ അവസാനിച്ചിരുന്നു. 

ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ റാവൽപിണ്ടിയിലെ പിച്ചിനെ ചൂണ്ടി വിമർശനങ്ങളും ശക്തമായി. 476-4 എന്ന നിലയിലാണ് പാകിസ്ഥാൻ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഓസ്ട്രേലിയയെ 459 റൺസിന് ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ ഓൾഔട്ട് ആക്കുന്നത് ടെസ്റ്റിന്റെ അവസാന ദിനവും. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 252 റൺസ് എന്ന നിലയിൽ പാകിസ്ഥാൻ നിൽക്കെയാണ് കളി സമനിലയിൽ പിരിഞ്ഞത്. 

5 ദിവസവും പിച്ചിന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടായില്ല

5 ദിവസവും പിച്ചിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടായില്ലെന്നാണ് മാച്ച് റഫറി രഞ്ജൻ മധു​ഗളെ റിപ്പോർട്ട് നൽകിയത്. പേസർമാർക്ക് വേണ്ട പേസോ ബൗൺസോ, സ്പിന്നർമാരെ സഹായിക്കുന്ന ഘടകങ്ങളോ പിച്ചിൽ ഉണ്ടായില്ല.  ബാറ്റും ബോളും തമ്മിലുള്ള പോരാട്ടത്തിന് ഉതകുന്ന ഘടകങ്ങളൊന്നും പിച്ചിലുണ്ടായില്ല. ഇതിനാൽ ഐസിസി മാർ​ഗനിർദേശങ്ങൾ അനുസരിച്ച് ഈ പിച്ചിനെ ശരാശരിയിലും താഴെയായി രേഖപ്പെടുത്തുന്നു, മാച്ച് റഫറി രഞ്ജന്റെ പ്രസ്താവനയിൽ പറയുന്നു. 

രണ്ടാം ടെസ്റ്റ് നടക്കുന്ന കറാച്ചിയിൽ റാവൽപിണ്ടിയിലേതിന് വ്യത്യസ്തമായ പിച്ച് വേണം എന്ന് ഓസീസ് താരം ഡേവിഡ് വാർണർ പറഞ്ഞു. ബാറ്ററുടെ കാഴ്ച്ചപ്പാടിൽ നിന്ന് നോക്കിയാൽ റാവൽപിണ്ടിയിലെ പിച്ചിന് പ്രശ്നമില്ല. കാരണം വിക്കറ്റ് നഷ്ടമാവില്ല. എന്നാൽ അത്തരത്തിലുള്ള ക്രിക്കറ്റ് അല്ല നമുക്ക് വേണ്ടത്. വിക്കറ്റ് വീഴ്ത്താനുള്ള 20 അവസരങ്ങളെങ്കിലും സൃഷ്ടിക്കുന്ന പിച്ച് ആവണം. അതാവും കളിക്കാരേയും കാണികളേയും വിസ്മയിപ്പിക്കുക എന്നും വാർണർ ചൂണ്ടിക്കാണിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com