'സമനില ഉറപ്പായിട്ടും അവസാന ഓവർ വരെ കളി; എതിരാളി ഇന്ത്യയോ ന്യൂസിലൻഡോ ആണെങ്കിൽ ഇം​ഗ്ലണ്ട് ഇങ്ങനെ ചെയ്യുമോ?'- വിവാദം

ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആന്റിഗ്വ: ഇം​ഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നിലെ വിവാദം. ഇംഗ്ലീഷ് താരങ്ങൾ വെസ്റ്റ് ഇൻഡീസ് ടീമിനെ അപമാനിച്ചുവെന്ന ആരോപണവുമായി വിൻഡീസ് താരം കാർലോസ് ബ്രാത്‌വയ്റ്റ് രംഗത്ത്. സമനില ഉറപ്പായിട്ടും ആന്റിഗ്വ ടെസ്റ്റ് അവസാന ഓവർ വരെ വലിച്ചുനീട്ടിയ ഇംഗ്ലണ്ടിന്റെ നടപടി വിൻഡീസിനോടുള്ള അനാദരവാണെന്ന് ബ്രാത്‌വയ്റ്റ് ആരോപിച്ചു. 

വിൻഡീസിനായി രണ്ട് ബാറ്റർമാർ നിലയുറപ്പിച്ചതോടെ സമനില ഉറപ്പായിട്ടും, മത്സരം നിർത്താൻ സമ്മതിക്കാതെ ഇംഗ്ലണ്ട് അവസാന ഓവർ വരെ പന്തെറിഞ്ഞതാണ് ബ്രാത്‌വയ്റ്റിനെ പ്രകോപിപ്പിച്ചത്. ആഷസ് പരമ്പരയിലോ ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ ടീമുകൾക്കെതിരെയോ ആയിരുന്നെങ്കിൽ ഇംഗ്ലണ്ട് ഇപ്രകാരം ചെയ്യുമോ എന്നാണ് ബ്രാത്‌വയ്റ്റിന്റെ ചോദ്യം.

‘ഞാൻ വിൻഡീസ് ടീമിലെ ഒരു മുതിർന്ന താരമാണെങ്കിൽ, ഇംഗ്ലണ്ടിന്റെ നടപടി ഞങ്ങളെ അപമാനിക്കുന്ന ഒന്നായേ കാണൂ. മത്സരത്തിന്റെ അവസാന മണിക്കൂറിൽ രണ്ട് ബാറ്റർമാർ ക്രീസിൽ ഉറച്ചുനിൽക്കെ, ബൗളർമാർക്ക് പിച്ചിൽ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് ഉറപ്പായിട്ടും അവസാന ഓവർ വരെ ബൗൾ ചെയ്യാൻ അവർ തയാറായത് നാം കണ്ടു. ആറ് വിക്കറ്റ് കൂടി വീഴ്ത്താമെന്ന് പ്രതീക്ഷിച്ചായിരുന്നോ അത്?’ – ബ്രാത്‌വയ്റ്റ് ചോദിച്ചു.

‘ആഷസ് പരമ്പരയിലായിരുന്നെങ്കിൽ ഇംഗ്ലണ്ട് അങ്ങനെ ചെയ്യുമായിരുന്നോ? ഇന്ത്യയോ ന്യൂസിലൻഡോ പാക്കിസ്ഥാനോ ആയിരുന്നു എതിരാളിയെങ്കിലും ഇതേപോലെ കളിക്കാൻ അവർ തയാറാകുമായിരുന്നോ? ഇല്ല എന്നു തന്നെയാകും ഉത്തരം. പിന്നെ എന്തുകൊണ്ട് ഇംഗ്ലണ്ടുകാർ ഞങ്ങൾക്കെതിരെ അങ്ങനെ ചെയ്തു? വിൻഡീസ് ടീമിന് എന്തെങ്കിലും വിധത്തിലുള്ള നിശ്ചയദാർഢ്യവും പ്രചോദനവും വേണമെങ്കിൽ ആ അവസാന മണിക്കൂറിലെ കളിയിൽനിന്ന് അതു ലഭിച്ചിട്ടുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. ഇംഗ്ലണ്ട് കരുതുന്നതിനേക്കാൾ മികച്ച ടീമാണ് തങ്ങളെന്ന് തെളിയിക്കാൻ വിൻഡീസ് താരങ്ങൾ മോഹിക്കുന്നുണ്ടാകും’ – ബ്രാത്‌വയ്റ്റ് പറഞ്ഞു.

വിൻഡീസ് രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട്, വിൻഡീസിനു മുന്നിൽ 286 റൺസ് വിജയ ലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിൽ തകർന്നെങ്കിലും, പിരിയാത്ത അഞ്ചാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത എൻക്രുമ ബോണർ – ജാസൻ ഹോൾഡർ സഖ്യത്തിന്റെ മികവിൽ മത്സരം സമനിലയിൽ എത്തിക്കുകയായിരുന്നു. ബോണർ 38 റൺസോടെയും ഹോൾഡർ 37 റൺസോടെയും പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com