ക്രിസ്റ്റ്യാനോയും രക്ഷകനായില്ല, ചുവന്ന ചെകുത്താന്മാര്‍ പുറത്ത്‌; അത്‌ലറ്റികോ കോച്ചിനെ ആക്രമിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പ്രീക്വാര്‍ട്ടറില്‍ പുറത്താക്കി അത്‌ലറ്റിക്കോ മാഡ്രിഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഓള്‍ഡ്ട്രഫോര്‍ഡ്: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പ്രീക്വാര്‍ട്ടറില്‍ പുറത്താക്കി അത്‌ലറ്റിക്കോ മാഡ്രിഡ്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഒരു ഗോള്‍ ബലത്തില്‍ ജയിച്ചതോടെ 1-2 എന്ന ഗോള്‍ വ്യത്യാസത്തിലാണ് അത്‌ലറ്റിക്കോ അവസാന എട്ടിലേക്ക് കയറുന്നത്. 

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോയെ നേരിടുന്നതിന് തൊട്ടുമുന്‍പ് നടന്ന കളിയില്‍ ടോട്ടനത്തിന് എതിരെ ഹാട്രിക് നേടി നിറഞ്ഞ ക്രിസ്റ്റിയാനോയ്ക്കും ക്ലബിനെ രക്ഷിക്കാനായില്ല. ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ 41ാം മിനിറ്റില്‍ റെനന്‍ ലോദിയില്‍ നിന്ന് വന്ന ഗോളിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മറുപടി നല്‍കാനായില്ല. 

പന്തടക്കത്തിലും പാസുകളിലും ടാര്‍ഗറ്റിലേക്ക് ഷോട്ട് എത്തിക്കുന്നതിലുമെല്ലാം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അത്‌ലറ്റിക്കോയ്ക്ക് എതിരെ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. അത്‌ലറ്റിക് പ്രതിരോധത്തിന് മുന്‍പില്‍ യുനൈറ്റഡിന്റെ ഗോള്‍ശ്രമങ്ങളെല്ലാം തട്ടിയകന്നു. 70ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ അക്രോബാറ്റിക് ഷോട്ടും ഗോള്‍കീപ്പറുടെ കൈകളിലേക്ക് ഒതുക്കി. 

മത്സരത്തിന് ശേഷം അത്‌ലറ്റിക്കോ പരിശീലകന്‍ സിമിയോണിക്ക് നേരേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ തിരിഞ്ഞു. ടഗൗട്ടിലേക്ക് മടങ്ങുകയായിരുന്നു സിമിയോണിയുടെ നേരെ ആക്രോഷിക്കുകയും കുപ്പികള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നേരെ വലിച്ചെറിയുകയും ചെയ്തു. 

തോല്‍വിക്ക് പിന്നാലെ റഫറിയിങ്ങിനെ വിമര്‍ശിച്ചാണ് യുനൈറ്റഡ് പരിശീലകന്‍ രംഗത്തെത്തിയത്. രണ്ടാം പകുതി എപ്പോഴും തടസപ്പെട്ടുകൊണ്ടിരുന്നു. ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. എല്ലാ സമയത്തും അത്‌ലറ്റിക്കോയുടെ ആരെങ്കിലും ഗ്രൗണ്ടില്‍ കിടക്കുന്നുണ്ടാവും. സമയം കളയാന്‍ വേണ്ടി മാത്രം ഇടക്കിടക്ക് വീഴുന്നു. റഫറിയും പല വിചിത്രമായ തീരുമാനങ്ങളെടുത്തു. 4 മിനിറ്റ് മാത്രമാണ് സ്റ്റോപ്പേജ് ടൈം ആയി നല്‍കിയത് എന്നും റാഗ്നിക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com