21 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ ലക്ഷ്യക്കും സാധിച്ചില്ല; ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഫൈനലില്‍ പൊരുതി വീണു

ലക്ഷ്യ സെന്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍കിന്റെ വിക്ടര്‍ അക്‌സെല്‍സെന്നിനോടാണ് കീഴടങ്ങിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യയുടെ പുത്തന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ ലക്ഷ്യ സെന്നിന് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോല്‍വി. ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ 21 വര്‍ഷത്തിന് ശേഷം കിരീടമെന്ന ഇന്ത്യയുടെ സ്വപ്‌നത്തിന് ഇനിയും കാത്തിരിക്കണം. 2001ല്‍ പുല്ലേല ഗോപിചന്ദാണ് അവസാനമായി ഇവിടെ കിരീടം നേടിയ ഇന്ത്യന്‍ താരം. 

ലക്ഷ്യ സെന്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍കിന്റെ വിക്ടര്‍ അക്‌സെല്‍സെന്നിനോടാണ് കീഴടങ്ങിയത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 10-21, 15-21 എന്ന സ്‌കോറിന് ഏകപക്ഷീയമായാണ് അക്‌സെല്‍സെന്‍ വിജയിച്ചത്. 

വിജയം അക്‌സെല്‍സെന്നിനെ സംബന്ധിച്ച് മധുര പ്രതികാരം കൂടിയായി. അക്‌സെല്‍സെനിന്റെ ട്രെയിനിങ് പാര്‍ട്ണര്‍ കൂടിയായ ഇന്ത്യന്‍ താരം ലക്ഷ്യ ജര്‍മന്‍ ഓപ്പണ്‍ സെമിയില്‍ ഡെന്‍മാര്‍ക് താരത്തെ വീഴ്ത്തിയിരുന്നു. 

കൃത്യമായ പദ്ധതികളുമായാണ് താന്‍ ഫൈനലില്‍ ഇറങ്ങിയതെന്ന് ലക്ഷ്യ പറയുന്നു. എന്നാല്‍ ആദ്യ സെറ്റില്‍ തന്നെ നിരവധി പിഴവുകള്‍ സംഭവിച്ചതായി ലക്ഷ്യ സമ്മതിച്ചു. 
ഇതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും താരം പറയുന്നു. അക്‌സെല്‍സെന്‍ മിന്നും ഫോമില്‍ കളിച്ചതായും ലക്ഷ്യ പറയുന്നു. 

നേരത്തെ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന പെരുമയുമായാണ് താരം കലാശപ്പോരിനിറങ്ങിയത്. എന്നാല്‍ ഒളംപിക് ചാമ്പ്യന്‍ കൂടിയായ അക്‌സെല്‍സെന്നിന്റെ മികവിന് മുന്നില്‍ ഇന്ത്യന്‍ കൗമാര താരത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 

ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറുന്ന അഞ്ചാമത്തെ മാത്രം താരമാണ് ലക്ഷ്യ. 1947ല്‍ പ്രകാശ് നാഥ്, 1980, 81 വര്‍ഷങ്ങളില്‍ പ്രകാശ് പദുക്കോണ്‍, 2001ല്‍ ഗോപിചന്ദ്, 2015ല്‍ സൈന നെഹ്‌വാള്‍ എന്നിവരാണ് നേരത്തെ ഫൈനലിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com