മാരക പേസ്; ഒറ്റ സ്റ്റംപ് രണ്ട് കഷ്ണമാക്കി നടരാജന്‍! (വീഡിയോ)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ടീമുകള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ടീമുകള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നെറ്റ്‌സിലെ പരിശീലനത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. 

സണ്‍റൈസേഴ്‌സിന്റെ നിര്‍ണായക താരമായ ടി നടരാജന്റെ വീഡിയോയാണ് ശ്രദ്ധേയമായി മാറുന്നത്. താരം നെറ്റ്‌സില്‍ പന്തെറിയുന്നതാണ് വീഡിയോയില്‍. മികച്ച യോര്‍ക്കറുകള്‍ എറിഞ്ഞ് എതിര്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിക്കാറുള്ള താരമാണ് നടരാജന്‍. താരത്തിന്റെ അളന്നുമുറിച്ച യോര്‍ക്കര്‍ പലപ്പോഴും എതിര്‍ താരങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് വിക്കറ്റുകള്‍ വീഴ്ത്താറുള്ളത്. 

ഒറ്റ സ്റ്റംപ് വച്ച് അതില്‍ ലക്ഷ്യമിട്ടാണ് നടരാജന്‍ ഇവിടെ പന്തെറിയുന്നത്. രണ്ട് ഷൂ വച്ച് അതിന് പിന്നില്‍ ഒറ്റ സ്റ്റംപ് വച്ചാണ് താരത്തിന്റെ പരിശീലനം. പന്തെറിഞ്ഞ് ആ ഒറ്റ സ്റ്റംപ് തന്റെ മാരക പേസില്‍ നടരാജന്‍ എറിഞ്ഞ് മുറിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

അവന്‍ നിങ്ങളുടെ കാല്‍ വിരലുകള്‍ തകര്‍ക്കില്ല, സ്റ്റംപ് എറിഞ്ഞ് മുറിക്കും- എന്ന കുറിപ്പോടെയാണ് സണ്‍റൈസേഴ്‌സ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. 

2017ലാണ് തമിഴ്‌നാട് താരമായ നടരാജന്‍ ഐപിഎല്ലില്‍ അരങ്ങേറുന്നത്. 24 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ മാസം 29ന് രാജസ്ഥാന്‍ റോയല്‍സുമായാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യ പോരാട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com