ചെറുത്തു നിൽപ്പിന്റെ 'മനോഹര' ഇന്നിങ്സുകൾ കണ്ട പോരാട്ടം; ഇം​ഗ്ലണ്ടിനെ തകർത്തെറിഞ്ഞ് വിൻഡീസ്; പത്ത് വിക്കറ്റ് ജയം; പരമ്പര

സമീപ കാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് പോരാട്ടം. ചെറുത്തു നിൽപ്പിന്റെ മനോഹാരിത കണ്ട മികച്ച ഇന്നിങ്സുകൾ. ഫലം വന്നപ്പോൾ വെസ്റ്റ് ഇൻഡീസ് പത്ത് വിക്കറ്റ് വിജയം ആഘോഷിച്ച് തലയുയർത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗ്രനാഡ: സമീപ കാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ടെസ്റ്റ് പോരാട്ടം. ചെറുത്തു നിൽപ്പിന്റെ മനോഹാരിത കണ്ട മികച്ച ഇന്നിങ്സുകൾ. ഫലം വന്നപ്പോൾ വെസ്റ്റ് ഇൻഡീസ് പത്ത് വിക്കറ്റ് വിജയം ആഘോഷിച്ച് തലയുയർത്തി. ഇം​ഗ്ലണ്ടിനെ പത്ത് വിക്കറ്റിന് കീഴടക്കി വിൻഡീസ് ടെസ്റ്റ് പരമ്പര 1-0ത്തിന് സ്വന്തമാക്കി. 

ഇം​ഗ്ലണ്ടിനെതിരായ മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിലാണ് വിൻഡ‍ീസ് വിജയവും പരമ്പരയും പിടിച്ചെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിരുന്നു. 

ഒന്നാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് 204 റൺസും രണ്ടാം ഇന്നിങ്സിൽ 104 റൺസുമാണ് എടുത്തത്. വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 297 റൺസെടുത്ത് 93 റൺസിന്റെ ലീഡ് പിടിച്ചെടുത്തു. രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലീഷ് പോരാട്ടം 104 റൺസിൽ അവസാനിപ്പിച്ച് വിജയ ലക്ഷ്യമായ 28 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്. 

‍‍17 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കെയ്ൽ മെയേഴ്സാണ് ഇംഗ്ലണ്ടിനെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ വിൻഡീസ് ബാറ്റർ ജോഷ്വ ഡാ സിൽവയാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് പരമ്പരയുടെ താരം.

സംഭവബഹുലമായിരുന്ന മൂന്നാം ദിനം. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾത്തന്നെ ഇംഗ്ലണ്ട് തോൽവിയുടെ വക്കിലായിരുന്നു. നാലാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും ഒന്നാം ഇന്നിങ്സിൽ വാലറ്റം കാഴ്ച്ചവച്ച പോരാട്ടത്തിലായിരുന്നു. പക്ഷേ ഇത്തവണ സമാനമായ പ്രകടനം ആവർത്തിക്കാൻ അവർക്കായില്ല. ക്രിസ് വോക്സ് (50 പന്തിൽ 19), ജാക്ക് ലീച്ച് (55 പന്തിൽ നാല്) എന്നിവരെ പുറത്താക്കി അവർ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 120 റൺസിൽ ചുരുട്ടിക്കെട്ടി. ഒന്നാം ഇന്നിങ്സ് കടം കിഴിച്ച് ബാക്കിയുണ്ടായിരുന്ന 28 റൺസ് വിജയ ലക്ഷ്യം 4.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ മറികടക്കുകയും ചെയ്തു. ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വയ്റ്റ് 21 പന്തിൽ 20 റൺസോടെയും ജോൺ കാംബൽ ആറ് റൺസോടെയും പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത് ക്രിസ് വോക്സ് ഉൾപ്പെടെ വെറും മൂന്ന് പേർ മാത്രം. 132 പന്തിൽ രണ്ട് ഫോറുകളോടെ 31 റൺസെടുത്ത ഓപ്പണർ അലക്സ് ലീസ്സാണ് അവരുടെ ടോപ് സ്കോറർ. ജോണി‍ ബെയർസ്റ്റോ 82 പന്തിൽ രണ്ട് ഫോറുകൾ സഹിതം 22 റൺസെടുത്തും പുറത്തായി. ഓപ്പണർ സാക് ക്രൗളി (8), ക്യാപ്റ്റൻ ജോ റൂട്ട് (5), ഡാനിയൽ ലോറൻസ് (0), ബെൻ സ്റ്റോക്സ് (4), ബെൻ ഫോക്സ് (2), ക്രെയ്ഗ് ഓവർട്ടൻ (1) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇംഗ്ലീഷ് താരങ്ങൾ. വിൻഡീസിനായി കെയ്ൽ മയേഴ്സ് 17 ഓവറിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. കെമർ റോച്ച് 9.2 ഓവറിൽ 10 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജെയ്ഡൻ സീലസ്, അൽസാരി ജോസഫ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ വാലറ്റക്കാരെ കൂട്ടുപിടിച്ച് വിക്കറ്റ്‍ കീപ്പർ ബാറ്റർ ജോഷ്വ ഡസിൽവ നടത്തിയ പോരാട്ടമാണ് വിൻഡീസിന് കരുത്തായത്. ഡസിൽവ (100*) സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. ഒന്നാം ഇന്നിങ്സിൽ 297 റൺസെടുത്ത വിൻഡീസ് 94 റൺസിന്റെ ലീഡ് നേടിയിരുന്നു. വാലറ്റത്ത് അൽസാരി ജോസഫ് (28), കെമർ റോച്ച് (25), ജയ്ഡൻ സീലസ് (13) എന്നിവരുടെ പോരാട്ടവും വിൻഡീസ് ഇന്നിങ്സിന് കരുത്തായി.

എട്ടിന് 232 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിൻഡീസിനായി വാലറ്റം ഒൻപതാം വിക്കറ്റിലും 10ാം വിക്കറ്റിലും അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്തു. ഒരു ഘട്ടത്തിൽ ഏഴിന് 128 റൺസെന്ന നിലയിൽ തകർന്ന വിൻഡീസിന് കരുത്തായതും വാലറ്റക്കാരെ കൂട്ടുപിടിച്ച് വിക്കറ്റ്‍ കീപ്പർ ബാറ്റർ ജോഷ്വ ഡസിൽവ നടത്തിയ പോരാട്ടം തന്നെ. 257 പന്തുകൾ നേരിട്ട ഡസിൽവ 100 റൺസുമായി പുറത്താകാതെ നിന്നു. 10 ഫോറുകൾ ഉൾപ്പെടുന്നതാണ് ഡസിൽവയുടെ ഇന്നിങ്സ്. 

ഒൻപതാം വിക്കറ്റിൽ കെമർ റോച്ചിനൊപ്പം 133 പന്തിൽ 68 റൺസ് കൂട്ടിച്ചേർത്ത ഡസിൽവ, അവസാന വിക്കറ്റിൽ ജയ്ഡൻ സീലെസിനെ കൂട്ടുപിടിച്ച് 153 പന്തിൽ 52 റൺസും കൂട്ടിച്ചേർത്തു. അതിനു മുൻപ് അൽസാരി ജോസഫിനൊപ്പം ഏഴാം വിക്കറ്റിൽ മറ്റൊരു അർധ സെഞ്ച്വറി കൂട്ടുകെട്ട് കൈവിട്ടത് തലനാരിഴയ്ക്ക്. 129 പന്തിൽ ഡസിൽവ – അൽസാരി സഖ്യം കൂട്ടിച്ചേർത്തത് 49 റൺസ്. ആറാം വിക്കറ്റിൽ കെയ്ൽ മയേഴ്സിനൊപ്പം 70 പന്തിൽ 33 റൺസും ഡസിൽവ കൂട്ടിച്ചേർത്തു.

അൽസാരി ജോസഫ് 59 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്തു. റോച്ച് 82 പന്തിൽ നാല് ഫോറുകളോടെ 25 റൺസും സീലസ് 59 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13 റൺസുമെടുത്തു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ക്രെയ്ഗ് ഓവർട്ടൻ, സാക്വിബ് മഹ്മൂദ്, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ജോ റൂട്ടിനാണ് ശേഷിക്കുന്ന വിക്കറ്റ്.

നേരത്തെ, ഒന്നാം ഇന്നിങ്സിൽ 10–ാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്താണ് ഇംഗ്ലണ്ട് കൂട്ടത്തകർച്ചയിൽ നിന്ന് ഒരു പരിധിവരെ കരകയറിയത്. ജാക്ക് ലീച്ച് 41 റൺസോടെ പുറത്താകാതെ നിന്നപ്പോൾ പതിനൊന്നാമൻ സാക്വിബ് മഹ്മൂദ് 49 റൺസെടുത്ത് പുറത്തായി. 13 ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെയ്ൽ മയേഴ്സാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയെ തൂത്തെറിഞ്ഞത്. ജെയ്ഡൻ സീലെസ് 10 ഓവറിൽ 24 റൺസ് വഴങ്ങിയും അൽസാരി ജോസഫ് 12 ഓവറിൽ 34 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com