'കോഹ്‌ലിക്ക് ബാറ്റിങില്‍ ഉപദേശം നല്‍കുന്നത് സൂര്യന് നേര്‍ക്ക് ടോര്‍ച്ച് അടിക്കുന്നതിന് തുല്യം'

കോഹ്‌ലിക്ക് പൂര്‍ണ പിന്തുണ നല്‍കിയാണ് അമിത് മിശ്രയുടെ രംഗപ്രവേശം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സമീപ കാലത്തൊന്നും കാണാത്ത തരത്തില്‍ ബാറ്റിങില്‍ അമ്പേ പരാജയപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലി. നടപ്പ് ഐപിഎല്ലില്‍ മൂന്ന് തവണയാണ് താരം ഗോള്‍ഡന്‍ ഡക്കായത്. ഇടയ്ക്ക് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാത്തതാണ് കോഹ്‌ലിക്ക് തിരിച്ചടിയായി മാറുന്നത്. വിമര്‍ശനങ്ങള്‍ നാല് ഭാഗത്തു നിന്നും ഉയരുന്നതിനിടെ ശ്രദ്ധേയമായൊരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. 

കോഹ്‌ലിക്ക് പൂര്‍ണ പിന്തുണ നല്‍കിയാണ് അമിത് മിശ്രയുടെ രംഗപ്രവേശം. താരം തിരിച്ചു വരുമെന്നും ബാറ്റിങിലെ മോശം ഫോമില്‍ താരത്തിന് ഉപദേശം നല്‍കണമെന്ന അഭിപ്രായമാണ് പലരും ഉയര്‍ത്തുന്നത്. ഈ കാര്യം മുന്‍നിര്‍ത്തിയാണ് അമിത് മിശ്രയുടെ പ്രതികരണം. കോഹ്‌ലിയെ ഉപദേശിക്കണമെന്ന നിരീക്ഷണങ്ങളെ സൂര്യന് നേരെ ടോര്‍ച്ചടിക്കുന്നത് പോലെ എന്നാണ് അമിത് മിശ്ര വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മിശ്രയുടെ പ്രതികരണം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നലെ നടന്ന പോരാട്ടത്തില്‍ ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസന് ക്യാച് നല്‍കി ഗോള്‍ഡന്‍ ഡക്കായി മടങ്ങുകയായിരുന്നു. പുറത്തായതില്‍ താരം കടുത്ത നിരാശയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. ഡഗൗട്ടില്‍ തിരിച്ചെത്തിയ കോഹ്‌ലിയെ ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകന്‍ സഞ്ജയ് ബംഗാര്‍ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. പിന്നാലെയാണ് മിശ്രയുടെ പിന്തുണ.  

'വിരാട് കോഹ്ലിക്ക് ബാറ്റിങില്‍ ഉപദേശം നല്‍കുന്നത് സൂര്യന് നേര്‍ക്ക് ടോര്‍ച്ച് കാണിക്കുന്നതിന് തുല്യമാണ്. ശക്തമായി തിരിച്ചെത്താന്‍ കോഹ്‌ലിക്ക് കുറച്ചു മത്സരങ്ങള്‍ മാത്രമേ ആവശ്യമുള്ളു. 2014ല്‍ സമാന സാഹചര്യത്തിലൂടെ അദ്ദേഹം കടന്നു പോയിട്ടുണ്ട്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ അദ്ദേഹം ശക്തമായി തിരിച്ചെത്തിയിരുന്നു'- അമിത് മിശ്ര ചൂണ്ടിക്കാട്ടുന്നു. 

2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ താരം അമ്പേ പരാജയമായിരുന്നു. പിന്നീട് അതി ശക്തമായാണ് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അമിത് മിശ്രയുടെ പ്രതികരണം.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com