ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

റാഷിദിന്റെ വെടിക്കെട്ടില്‍ വിറച്ചു! കടന്നുകൂടി ഓസ്‌ട്രേലിയ; ഇനി ഇംഗ്ലണ്ട് തോല്‍ക്കാന്‍ കാത്തിരിപ്പ്

വെറും 23 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം റാഷിദ് 48 റണ്‍സ് വാരി

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍. അവസാന നിമിഷം വരെ പോരാടിയ അഫ്ഗാന് പക്ഷേ വിജയം തൊടാന്‍ കഴിയാതെ പോയി. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയക്ക് നാല് റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് കണ്ടെത്തിയത്. 

മത്സരം ജയിച്ചെങ്കിലും ഓസ്‌ട്രേലിയയുടെ സെമി പ്രവേശം ഇപ്പോഴും തീരുമാനമായിട്ടില്ല. നാളെ ഇംഗ്ലണ്ട് ശ്രീലങ്കയെ വീഴ്ത്തിയാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്താകും. നാളെ ശ്രീലങ്കയ്ക്ക് വേണ്ടി ഓസ്‌ട്രേലിയ കൈയടിക്കുമെന്ന് സാരം.

എട്ടാമനായി ക്രീസിലെത്തിയ റാഷിദ് ഖാന്‍ നടത്തിയ കടന്നാക്രമണം ഓസീസിന്റെ സകല കണക്കുകൂട്ടലും തെറ്റിക്കുന്നതായി മാറി. വെറും 23 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം റാഷിദ് 48 റണ്‍സ് വാരി. അവസാന ഓവറില്‍ അഫ്ഗാന് ജയിക്കാന്‍ 22 റണ്‍സ് വേണമായിരുന്നു. മാര്‍ക്കസ് സ്‌റ്റോയിനിസ് എറിഞ്ഞ ഈ ഓവറില്‍ 16 റണ്‍സെടുക്കാനേ റാഷിദിന് സാധിച്ചുള്ളു. താരം പുറത്താകാതെ നിന്നു.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ ഒരു ഘട്ടത്തില്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ ഈ സ്‌കോറില്‍ വച്ച് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത് അവരെ സമ്മര്‍ദ്ദത്തിലാക്കി. രണ്ടിന് 99 എന്ന നിലയില്‍ നിന്ന് അവര്‍ അഞ്ചിന് 99 എന്ന സ്‌കോറിലേക്ക് വീണു. സ്‌കോര്‍ 103ല്‍ നില്‍ക്കെ അവര്‍ക്ക് ആറാം വിക്കറ്റും നഷ്ടമായി. 

എന്നാല്‍ ഏഴാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഡാര്‍വിഷ് റസൂലി- റാഷിദ് സഖ്യം ഓസീസിസനെ വിറപ്പിച്ചു. അതിനിടെ റസൂലി പുറത്തായെങ്കിലും ഒരറ്റത്ത് റാഷിദ് താണ്ഡവും തുടര്‍ന്നു. എങ്കിലും താരത്തിന് ടീമിനെ ജയിപ്പിക്കാന്‍ സാധിക്കാതെ പോയി.

റാഷിദാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഗുല്‍ബദിന്‍ നയ്ബ് (39), റഹ്മാനുള്ള ഗുര്‍ബാസ് (30), ഇബ്രാഹിം സാദ്രാന്‍ (26) എന്നിവരും മികവ് പുലര്‍ത്തി. റസൂലി 15 റണ്‍സെടുത്തു. 

ഓസീസിനായി ആദം സാംപ, ജോഷ് ഹാസ്‌ലെവുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. 

നേരത്തെ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിങാണ് ഓസ്‌ട്രേലിയക്ക് കരുത്തായത്. താരം 32 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സെടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 30 പന്തില്‍ 45 റണ്‍സ് വാരി മിച്ചല്‍ മാര്‍ഷും രണ്ട് സിക്‌സുകള്‍ സഹിതം 25 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയിനിസും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കി. താരം 18 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 25 റണ്‍സെടുത്തു. 

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയയുടെ നായകനായത്. ഓപ്പണിങില്‍ വാര്‍ണര്‍ക്കൊപ്പം കാമറൂണ്‍ ഗ്രീനും വന്നു. 

കാമറൂണാണ് ആദ്യം മടങ്ങിയത്. താരം മൂന്ന് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. മികച്ച തുടക്കമിട്ട വാര്‍ണറുടെ ഊഴമായിരുന്നു അടുത്തത്. ടീമിലേക്ക് തിരികെയെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു അവസരം മുതലെടുക്കാന്‍ സാധിച്ചില്ല. താരം നാല് റണ്‍സുമായി തിരികെ കയറി. മാത്യു വെയ്ഡ് ആറ് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. 

അഫ്ഗാനിസ്ഥാന് വേണ്ടി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു. മുജീബ് റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com