കൊച്ചി വീണ്ടും കണ്ടു 'കൊമ്പൻമാരുടെ വമ്പ്'- ഇരട്ട ​ഗോളുമായി കലിയുഷ്നി‌; ഈസ്റ്റ് ബം​ഗാളിനെ തകർത്ത് ​ഗംഭീര തുടക്കം 

72ാം മിനിറ്റിലാണ് കാത്തിരുന്ന ഗോളിന്റെ പിറവി. ഹര്‍മന്‍ജോത് ഖബ്ര നല്‍കിയ ലോങ് ബോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ മറികടന്ന് ലൂണയുടെ കാലില്‍. ലൂണയുടെ ഡൈവിങ് ഫിനിഷ് സീസണിലെ ആദ്യ ഗോളായി മാറി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: എല്ലാ അത്ഭുതങ്ങളും ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലേക്ക് കാത്തു വച്ചതായിരുന്നു. അദ്യ പകുതി ​ഗോൾ രഹിതമായപ്പോൾ രണ്ടാം പകുതിയിൽ മൂന്ന് ​ഗോളുകൾ വലയിൽ നിറച്ച് ഐഎസ്എൽ പോരാട്ടത്തിന് ഉജ്ജ്വല തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇടവേളയ്ക്ക് ശേഷം സ്വന്തം മൈതാനത്ത് ഒൻപതാം അധ്യായത്തിന്റെ ഉദ്ഘാടന പോരാട്ടത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ഈസ്റ്റ് ബം​ഗാളിനെ വീഴ്ത്തി. 

കളിയുടെ 72ാം മിനിറ്റിൽ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ ഇവാൻ കലിയുഷ്നി തന്റെ ആദ്യ ഐഎസ്എൽ പോര് തന്നെ അവിസ്മരണീയമാക്കി. ഇറങ്ങി തൊട്ടു പിന്നാലെ രണ്ട് ​ഗോളുകളാണ് താരം വലയിലാക്കിയത്. 82, 89 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഉജ്ജ്വസ ഫിനിഷിങ്. ഈസ്റ്റ് ബം​ഗാളിന്റെ ആശ്വാസ ​ഗോൾ അലക്സ് ലിമയാണ് നേടിയത്. 

കളി തുടങ്ങിയത് മുതല്‍ ഇരു ടീമുകള്‍ ആക്രമിച്ച് തുടങ്ങി. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ വന്നില്ല. ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല. 

മത്സരം ആദ്യ 30 മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ ഇവാന്‍ ഗോണ്‍സാലസ് ഫൗള്‍ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മില്‍ മൈതാനത്ത് കൊമ്പുകോര്‍ക്കുന്നതിന് കാരണമായി. ഉടന്‍ തന്നെ റഫറി ഇടപെട്ട് രംഗം ശാന്തമാക്കി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിക്കുക എന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് നയം. രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്‌സിന് ഗോളിനടുത്തെത്തി. 53ാം മിനിറ്റില്‍ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് സൃഷ്ടിച്ച ആദ്യത്തെ ഏറ്റവും മികച്ച അവസരം വന്നു. എന്നാല്‍ അഡ്രിയാന്‍ ലൂണയ്ക്ക് ഗോളാക്കാന്‍ സാധിച്ചില്ല. 

72ാം മിനിറ്റിലാണ് കാത്തിരുന്ന ഗോളിന്റെ പിറവി. ഹര്‍മന്‍ജോത് ഖബ്ര നല്‍കിയ ലോങ് ബോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ മറികടന്ന് ലൂണയുടെ കാലില്‍. ലൂണയുടെ ഡൈവിങ് ഫിനിഷ് സീസണിലെ ആദ്യ ഗോളായി മാറി. 

പിന്നാലെ ഇവാന്‍ കലിയുഷ്‌നിയെ വുകുമനോവിച് കളത്തിലിറക്കി. താരത്തിന് വരവ് കളിയുടെ താളം തന്നെ മാറ്റി. ഇറങ്ങിയതിന് പിന്നാലെ കലിയുഷ്‌നിയുടെ ഒരു മാന്തിക മുന്നേറ്റം. ഒറ്റയ്ക്ക് മുന്നേറിയ താരം വല ചലിപ്പിച്ചു. ആദ്യ ഗോള്‍ നേടി പത്ത് മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു ഈ ഗോളിന്റെ പിറവി. 

88ാം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ കലിയുഷ്‌നി നിര്‍ത്താന്‍ ഉദ്ദേശിച്ചില്ലായിരുന്നു. 89ാം മിനിറ്റില്‍ താരം തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോളും വലയിലാക്കി ജയം ഉറപ്പാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com