കാമറൂണ്‍ ഗ്രീന്‍ തുടങ്ങി, വെയ്ഡ് അവസാനിപ്പിച്ചു; ഇന്ത്യയെ 4 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ 

209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ/ ചിത്രം: ട്വിറ്റർ
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ/ ചിത്രം: ട്വിറ്റർ

മൊഹാലി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. 

ഫിഞ്ച് - കാമറൂണ്‍ ഗ്രീന്‍ കൂട്ടുകെട്ട് തകര്‍പ്പന്‍ തുടക്കമാണ് കുറിച്ചത്. ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് ക്യാപ്റ്റന്‍ ഫിഞ്ച് തുടങ്ങിയത്. 13 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ഫിഞ്ചിനെ നാലാം ഓവറില്‍ മടക്കി അക്ഷര്‍ പട്ടേൽ ഇന്ത്യക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നെ ഗ്രീന്‍ തകർത്താടി. ഉമേഷ് യാദവിന്റെ ആദ്യ ഓവറില്‍ നാല് ബൗണ്ടറികൾ പായിച്ചു. സ്റ്റീവ് സ്മിത്തിനൊപ്പം സ്കോർ 100കടത്തി. ഒടുവിൽ നാലു സിക്‌സും എട്ട് ഫോറുമടക്കം 30 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത ഗ്രീനിനെ അക്ഷറിന്റെ പന്തില്‍ വിരാട് കോലി ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ 24 പന്തില്‍ 35റൺസുമായി സ്മിത്തും പുറത്തായി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ് എന്നിവരും ഒന്നിനുപിന്നാലെ ഒന്നായി മടങ്ങി. 

ആറാം വിക്കറ്റില്‍ ടിം ഡേവിഡ് - മാത്യു വെയ്ഡ് സഖ്യം ഒന്നിച്ചപ്പോഴാണ് ഇന്ത്യ കളി കൈവിട്ടത്. ഹര്‍ഷല്‍ പട്ടേൽ എറിഞ്ഞ 18-ാം ഓവറില്‍ മൂന്ന് സിക്‌സടക്കം 22 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് ബൗണ്ടറിയയടക്കം 16 റണ്‍സും ഇവർ നേടി. വെയ്ഡ് 21 പന്തിൽ രണ്ടു സിക്‌സും ആറ് ഫോറുമടക്കം 45 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടിം ഡേവിഡ് 14 പന്തിൽ 18 റണ്‍സെടുത്തു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍ മാത്രമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് നേടി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 30 പന്തുകള്‍ നേരിട്ട് അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതം ഹര്‍ദിക് 71 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com