'വൈഡും നോബോളും എറിയരുത്, പറ്റില്ലെങ്കില്‍ പുതിയ ക്യാപ്റ്റന്റെ കീഴിൽ കളിക്കു'- ബൗളർമാർക്ക് ധോനിയുടെ താക്കീത്

ലഖ്‌നൗവിനെതിരെ പേസര്‍മാരായ ദീപക് ചഹര്‍ 55 റണ്‍സും തുഷാര്‍ ദേശ്പാണ്ഡെ 45 റണ്‍സുമാണ് വഴങ്ങിയത്
ചെന്നൈ ക്യാപ്റ്റൻ ധോനി/ പിടിഐ
ചെന്നൈ ക്യാപ്റ്റൻ ധോനി/ പിടിഐ

ചെന്നൈ: ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ വിജയം സ്വന്തമാക്കിയപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് അവരെ സംബന്ധിച്ച് ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. പ്രത്യേകിച്ച് പേസര്‍മാര്‍. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അത് നല്ല രീതിയില്‍ പ്രതിരോധിക്കുന്നതില്‍ പേസര്‍മാര്‍ പരാജയപ്പെട്ടു. 

പേസ് ബൗളിങ് പടയ്ക്ക് മത്സരത്തിന് പിന്നാലെ ശക്തമായ താക്കീതുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ എംഎസ് ധോനി. മത്സരത്തില്‍ വൈഡുകളും നോബോളുകളും എറിഞ്ഞ് ധാരാളിത്തം കാണിച്ച പേസര്‍മാര്‍ക്കാണ് തലയുടെ മുന്നറിയിപ്പ്. 

'ഫാസ്റ്റ് ബൗളിങ് മെച്ചപ്പെടേണ്ടതുണ്ട്. വൈഡും നോബോളും എറിയുന്നത് അവസാനിപ്പിക്കണം. സാഹചര്യമനുസരിച്ച് പന്തെറിയാന്‍ താരങ്ങള്‍ തയ്യാറാകണം. എതിര്‍ ടീമിലെ ബൗളര്‍മാര്‍ എങ്ങനെ പന്തെറിയുന്നു എന്നു നിരീക്ഷിക്കാനും അവര്‍ സമയം കണ്ടെത്തണം. ഇതൊന്നും പറ്റില്ല എങ്കില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കാന്‍ തയ്യാറായിക്കൊള്ളു'- ധോനി വ്യക്തമാക്കി. 

ലഖ്‌നൗവിനെതിരെ പേസര്‍മാരായ ദീപക് ചഹര്‍ 55 റണ്‍സും തുഷാര്‍ ദേശ്പാണ്ഡെ 45 റണ്‍സുമാണ് വഴങ്ങിയത്. വന്‍ പ്രതീക്ഷയില്‍ ടീം സ്വന്തമാക്കിയ ഇംഗ്ലണ്ട് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ് ഒറ്റ ഓവറില്‍ വഴങ്ങിയത് 18 റണ്‍സ്. മത്സരത്തിലുടനീളം ചെന്നൈ ബൗളര്‍മാര്‍ വഴങ്ങിയത് 13 വൈഡുകളും മൂന്ന് നോബോളുകളുമാണ്. ഈ ധാരാളിത്തമാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്. 

അമ്പാട്ടി റായിഡുവിന് പകരം ഇംപാക്ട് പ്ലയറായി ടീമിലെത്തിയ തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വൈഡും രണ്ട് നോബോളുകളും വഴങ്ങി. താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും റണ്‍സ് വഴങ്ങുന്നതിലെ ധാരാളിത്തമാണ് തലവേദനയായി മാറിയത്. അതിലും പരിതാപകരമായിരുന്നു ദീപ് ചഹറിന്റെ സ്ഥിതി. നാലോവറില്‍ 55 റണ്‍സ് വഴങ്ങിയ ചഹറിന് ഒരു വിക്കറ്റ് വീഴ്ത്താനും സാധിച്ചില്ല. ബെന്‍ സ്‌റ്റോക്‌സ് ഒരോവറില്‍ 18 റണ്‍സ് വഴങ്ങിയതോടെ താരത്തിന് പിന്നീട് പന്ത് നല്‍കിയതുമില്ല. 

സ്പിന്നര്‍മാരായ മൊയീന്‍ അലിയും മിച്ചല്‍ സാന്റ്‌നറുമാണ് ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. മൊയീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സാന്റനര്‍ ഒരു വിക്കറ്റെ എടുത്തുള്ളുവെങ്കിലും നാലോവറില്‍ 21 റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com