വരുൺ 4, സുയഷ് 3, നരെയ്ൻ 2; ഈഡൻ ​ഗാർഡൻസിൽ സ്പിൻ കുഴി; ആർസിബി കറങ്ങി വീണു!

കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 3.4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് നാല് വിക്കറ്റെടുത്തത്
ഡുപ്ലെസിയെ ക്ലീൻ ബൗൾഡ‍ാക്കിയ വരുൺ/ പിടിഐ
ഡുപ്ലെസിയെ ക്ലീൻ ബൗൾഡ‍ാക്കിയ വരുൺ/ പിടിഐ

കൊല്‍ക്കത്ത: റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മാന്ത്രിക സ്പിന്നർമാർ കെണിയിൽ വീഴ്ത്തിയപ്പോൾ ഈഡൻ ​ഗാർഡൻസിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ഐപിഎല്ലിൽ കൊൽക്കത്ത ആദ്യ വിജയവും ബാം​ഗ്ലൂർ ആദ്യ തോൽവിയും അറിഞ്ഞു. 

81 റൺസിന്റെ തോൽവിയാണ് ആർസിബിക്ക് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂരിന്റെ പോരാട്ടം 17.4 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു.

കൊൽക്കത്തയുടെ സ്പിന്നർമാരായ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ഇംപാക്ട് പ്ലയറായി കന്നി ഐപിഎൽ പോരിനിറങ്ങിയ സുയഷ് ശർമ എന്നിവർ ആർസിബിയുടെ ഒൻപത് വിക്കറ്റുകൾ പങ്കിട്ടു. ഒരു വിക്കറ്റ് ശാർദുൽ ഠാക്കൂറും സ്വന്തമാക്കി. വരുൺ നാലും സുയഷ് മൂന്നും നരെയ്ൻ ഒരു വിക്കറ്റും പോക്കറ്റിലാക്കി. 

205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും നാലോവറില്‍ 42 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ അഞ്ചാം ഓവര്‍ സ്പിന്നറായ സുനില്‍ നരെയ്‌നിനെ ഏല്‍പ്പിച്ച കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണയുടെ തന്ത്രം ബാം​ഗ്ലൂരിന്റെ ഷോഷയാത്രയ്ക്ക് തുടക്കമിട്ടു. 

അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ അപകടകാരിയായ വിരാട് കോഹ്‌ലിയെ ക്ലീന്‍ ബൗള്‍ഡാക്കി നരെയ്ന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തില്‍ നിന്ന് 21 റണ്‍സാണ് കോഹ്‌ലി നേടിയത്. തൊട്ടടുത്ത ഓവറില്‍ നായകന്‍ ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റ് പിഴുത് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും കരുത്തുകാട്ടി. 12 പന്തില്‍ 23 റണ്‍സാണ് ബാംഗ്ലൂര്‍ നായകൻ സ്വന്തമാക്കിയത്. 

പിന്നാലെ വന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ഹര്‍ഷല്‍ പട്ടേലിനെയും തന്റെ രണ്ടാം ഓവറിൽ ബൗള്‍ഡാക്കി വരുണ്‍ അത്ഭുത ബൗളിങ് പുറത്തെടുത്തു. മാക്‌സ്‌വെല്‍ വെറും അഞ്ച് റണ്‍സ് മാത്രമാണെടുത്തത്. ഹര്‍ഷല്‍ പട്ടേലിന് റണ്ണെടുക്കാനും സാധിച്ചില്ല. ഹര്‍ഷലിന് പകരം വന്ന ഷഹബാസ് അഹമ്മദിനെ ശാര്‍ദുലിന്റെ കൈയിലെത്തിച്ച് സുനില്‍ നരെയ്ന്‍ ബാംഗ്ലൂരിന്റെ അഞ്ചാം വിക്കറ്റെടുത്തു. ഒരു റണ്‍ മാത്രമാണ് താരത്തിന് നേടാനായത്. അനാവശ്യ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചാണ് ഷഹബാസ് പുറത്തായത്. ഇതോടെ ബാംഗ്ലൂര്‍ അഞ്ചിന് 61 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നാലെ വന്ന ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. 19 റണ്‍സെടുത്ത മൈക്കിള്‍ ബ്രെയ്സ്‌വെല്‍ മാത്രമാണ് പിടിച്ചു നിന്നത്. താരത്തെ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി. ദിനേഷ് കാര്‍ത്തിക്ക് (9), അനുജ് റാവത്ത് (1), കരണ്‍ ശര്‍മ (1) എന്നിവര്‍ അതിവേഗത്തില്‍ പുറത്തായി. 

ഇംപാക്ട് പ്ലയറായാണ് അനുജിനെ കളത്തിലിറക്കിയതെങ്കിലും ആർസിബിയുടെ തന്ത്രം ഫലം കണ്ടില്ല. എന്നാൽ ഇംപാക്ട് പ്ലയറായി കൊൽക്കത്ത ഇറക്കിയ അരങ്ങേറ്റക്കാരൻ സ്പിന്നർ സുയഷ് മികച്ച രീതിയിൽ പന്തെറിഞ്ഞു. ദിനേഷ് കാർത്തികിനേയും അനുജിനേയും പിന്നാലെ വന്ന കരൺ ശർമയേയും അരങ്ങേറ്റ പോരാട്ടത്തിൽ സുയഷ് മടക്കി. 

അവസാന വിക്കറ്റില്‍ ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്ന് ചെറുത്തു നിന്നെങ്കിലും അധികനേരം നീണ്ടു നിന്നില്ല. ടീം സ്കോർ 100 കടത്താൻ ഇരുവർക്കും സാധിച്ചു അത്രമാത്രം. 18 ഓവറില്‍ ആകാശ് ദീപിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബാംഗ്ലൂര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആകാശ് 17 റണ്‍സെടുത്തു. ഡേവിഡ് വില്ലി 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 3.4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് നാല് വിക്കറ്റെടുത്തത്. നരെയ്ൻ നാലോവറിൽ 16 റൺസ് വഴങ്ങി രണ്ടും സുയഷ് നാലോവറിൽ 30 റൺസ് വഴങ്ങി മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത തുടക്കത്തിൽ തകർന്നു. 89 റൺസ് ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് പരുങ്ങിയ അവരെ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂര്‍- റിങ്കു സിങ് സഖ്യമാണ് കരകയറ്റിയത്. 

ഏഴാമതായി ക്രീസില്‍ എത്തിയ ശാര്‍ദുല്‍  29 പന്തില്‍ നിന്നു 68 റണ്‍സ് നേടി അമ്പരപ്പിക്കുന്ന ബാറ്റിങ് പുറത്തെടുത്തു. ഇതില്‍ മൂന്ന് സിക്‌സറുകളും ഒന്‍പത് ഫോറും ഉള്‍പ്പെടുന്നു. ശാര്‍ദുലാണ് ടോപ്‌ സ്‌കോറര്‍. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത റിങ്കു സിങും കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി. ശാര്‍ദുലിന് പുറമേ അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസും മികച്ച പ്രകടനം പുറത്തെടുത്തു. 

റിങ്കു 33 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സെടുത്തു. ഗുര്‍ബാസ് 44 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 57 റണ്‍സും കണ്ടെത്തി.

ടോസ് നേടിയ ആര്‍സിബി ആതിഥേയരായ കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസും വെങ്കടേഷ് അയ്യരും ചേര്‍ന്നാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഏഴ് പന്തില്‍ വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത വെങ്കടേഷിനെ നാലാം ഓവറില്‍ തന്നെ ഡേവിഡ് വില്ലി ക്ലീന്‍ ബൗള്‍ഡാക്കി. റീസ് ടോപ്ലിയ്ക്ക് പകരം അവസരം ലഭിച്ച വില്ലി തൊട്ടടുത്ത പന്തില്‍ മൂന്നാമനായി ക്രീസിലെത്തിയ മന്‍ദീപ് സിങ്ങിനെയും ക്ലീന്‍ ബൗള്‍ഡാക്കി കൊടുങ്കാറ്റായി. 

പിന്നീട് വന്ന ക്യാപ്റ്റന്‍ നിതീഷ് റാണയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. അഞ്ച് പന്തില്‍ വെറും ഒരു റണ്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും റണ്‍റേറ്റ് കുറയാതെ ഗുര്‍ബാസ് തകര്‍ത്തടിച്ചു. വൈകാതെ ഗുര്‍ബാസ് അര്‍ധ സെഞ്ച്വറി കുറിച്ചു. 38 പന്തില്‍ നിന്നാണ് ഗുര്‍ബാസ് അര്‍ധ സെഞ്ച്വറി നേടിയത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഗുര്‍ബാസ് മടങ്ങി. പിന്നീട് ആന്ദ്രെ റസ്സല്‍ അത്ഭുതമൊന്നും കാണിച്ചില്ല. താരം ​ഗോൾഡൻ ഡക്കായി. 

12.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. പിന്നീടാണ് അവർ ടോപ് ​ഗിയറിലേക്ക് മാറിയത്. റിങ്കു സിങ്ങിനെ കാഴ്ചക്കാരനാക്കി ശാര്‍ദുല്‍ വാലറ്റത്ത് തകര്‍ത്തടിച്ചു. വെറും 22 പന്തില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

ആഞ്ഞടിച്ച ശാര്‍ദുല്‍ വെറും 20 പന്തുകളില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടി ആരാധകരെ വിസ്മയിപ്പിച്ചു. താരത്തിന്റെ ആദ്യ ഐപിഎല്‍ അര്‍ധ ശതകമാണിത്.  അവസാന ഓവറുകളില്‍ റിങ്കു സിങും ശാര്‍ദുലും കൂറ്റൻ അടികളിലൂടെ കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് ആനയിച്ചു. 

ബാംഗ്ലൂരിനായി ഡേവിഡ് വില്ലി നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ കരണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, മിച്ചല്‍ ബ്രെയ്സ്വെൽ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com