'മര്യാദ കാണിക്കണം കേട്ടോ'- ലിവര്‍പൂള്‍ ടീമിനെതിരെ കുറ്റം ചുമത്തി എഫ്എ

ഇക്കാര്യത്തില്‍ ലിവര്‍പൂളിന് മറുപടി നല്‍കാന്‍ ഈ മാസം 12 വരെ സമയം അനുവദിച്ചിട്ടുണ്ട്
ലിവർപൂൾ താരങ്ങൾ റഫറിയുമായി തർക്കിക്കുന്നു/ ട്വിറ്റർ
ലിവർപൂൾ താരങ്ങൾ റഫറിയുമായി തർക്കിക്കുന്നു/ ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ മോശം ഫോമിലാണ് ലിവര്‍പൂള്‍ എഫ്‌സി. പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് അവര്‍. ഇപ്പോഴിതാ അവര്‍ക്ക് ഇരുട്ടടിയായി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം. മാഞ്ചസ്റ്റര്‍ സിറ്റിയോട് 1-4ന് തോറ്റ മത്സരത്തില്‍ ലിവര്‍പൂള്‍ താരങ്ങള്‍ റഫറിയെ വളഞ്ഞിട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ ക്ലബിന് മേല്‍ കുറ്റം ചുമത്തിയിരിക്കുകയാണ് എഫ്എ.

ശിക്ഷ സംബന്ധിച്ച് നിലവില്‍ തീരുമാനം വന്നിട്ടില്ല. ഇക്കാര്യത്തില്‍ ലിവര്‍പൂളിന് മറുപടി നല്‍കാന്‍ ഈ മാസം 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി അനുസരിച്ചായിരിക്കും നടപടി സംബന്ധിച്ച തീരുമാനം. 

ലിവര്‍പൂള്‍ മുന്നേറ്റ താരം കോഡി ഗാക്‌പോക്കെതിരായ മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിയുടെ ഫൗളാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരം. താരത്തിന് യെല്ലോ കാര്‍ഡ് നല്‍കണമെന്ന വാദവുമായി ലിവര്‍പൂള്‍ താരങ്ങള്‍ റഫറി സൈമണ്‍ ഹൂപറിന് ചുറ്റും നിന്ന് വാദിച്ചിരുന്നു. എന്നാല്‍ റഫറി ഇതിന് തയ്യാറായില്ല. 

മത്സരത്തിന്റെ 34ാം മിനിറ്റിലായിരുന്നു സംഭവങ്ങള്‍. കളിയുടെ മാന്യതയ്ക്ക് ചേര്‍ന്ന രീതിയില്‍ പെരുമാറുന്നതില്‍ ലിവര്‍പൂള്‍ താരങ്ങള്‍ പരാജയപ്പെട്ടതായി കുറ്റം ചുമത്തിയുള്ള റിപ്പോര്‍ട്ടില്‍ എഫ്എ വ്യക്തമാക്കി. താരങ്ങള്‍ റഫറിയോടടക്കം കളത്തില്‍ മാന്യമായി പെരുമാറുന്നത് ഉറപ്പാക്കാന്‍ ക്ലബിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ലീഗില്‍ 28 മത്സരങ്ങളില്‍ നിന്ന് 12 ജയവും ഏഴ് സമനിലയും ഒന്‍പത് തോല്‍വികളുമായി യുര്‍ഗന്‍ ക്ലോപിന്റെ സംഘം എട്ടാം സ്ഥാനത്താണ്. 43 പോയിന്റുകളാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ ദിവസം ചെല്‍സിയോട് ഗോള്‍രഹിത സമനിലയില്‍ ലിവര്‍പൂള്‍ പിരിഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com