'കണ്ടോ, എത്ര സുന്ദരമായാണ് വിജയ് ശങ്കർ പന്ത് ഹിറ്റ് ചെയ്യുന്നത്'- 2019ലെ 'ത്രി-ഡി പ്ലെയറി'ൽ ട്രോളിയവരോട് രവി ശാസ്ത്രി 

2019ലെ ലോകകപ്പ് ടീമിലേക്ക് അമ്പാട്ടി റായിഡുവിലെ വെട്ടി വിജയ് ശങ്കറിനെ എടുത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു
വിജയ് ശങ്കറിന്റെ ബാറ്റിങ്/ പിടിഐ
വിജയ് ശങ്കറിന്റെ ബാറ്റിങ്/ പിടിഐ

അഹമ്മദാബാദ്: റിങ്കു സിങിന്റെ ബാറ്റിങ് വെടിക്കെട്ടിൽ തകർന്നു പോയെങ്കിലും ഐപിഎല്ലിൽ ഇന്നലെ കൊൽക്കത്ത നൈറ്റ്റൈ‍‍ഡേഴ്സിനെതിരെ ​ഗുജറാത്ത് ടൈറ്റൻസ് മികച്ച സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത് ഇന്നലെ പടുത്തുയർത്തിയത്. 24 പന്തിൽ അഞ്ച് സിക്സും നാല് ഫോറും സഹിതം 63 റൺസെടുത്തു പുറത്താകാതെ നിന്ന വിജയ് ശങ്കറിന്റെ കിടിലൻ‍ ബാറ്റിങാണ് ​ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. വീണ്ടും ഏകദിന ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ വിജയ് ശങ്കർ ഒരിക്കൽ കൂടി ശ്രദ്ധാ കേന്ദ്രമാകുകയാണ്. 

2019ലെ ലോകകപ്പ് ടീമിലേക്ക് അമ്പാട്ടി റായിഡുവിലെ വെട്ടി വിജയ് ശങ്കറിനെ എടുത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ബാറ്റിങും ബൗളിങും ഫീൽഡിങും ഒരുപോലെ വഴങ്ങുന്ന ത്രി- ഡി പ്ലയർ എന്ന ലേബലിലാണ് വിജയ് ശങ്കർ ടീമിൽ ഇടം കണ്ട്. അന്ന് പരിശീലകനായിരുന്ന രവി ശാസ്ത്രിയായിരുന്നു താരത്തെ ടീമിലെത്തിക്കുന്നതിൽ നിർണായകമായത്. ലോകകപ്പിൽ പക്ഷേ താരത്തിന് മികവ് പുലർത്താൻ സാധിച്ചില്ല. ഇന്ത്യൻ ടീമിലെ താരത്തിന്റെ കരിയറിനും കാര്യമായ പുരോ​ഗതി ഉണ്ടായില്ല. 

ഇപ്പോഴിതാ രവി ശാസ്ത്രി അക്കാര്യങ്ങൾ ഓർമപ്പെടുത്തി രം​ഗത്തെത്തി. കൊൽക്കത്തക്കെതിരായ വിജയ് ശങ്കറിന്റെ പ്രകടനത്തിന് പിന്നാലെയായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. അന്ന് താരത്തെ ടീമിലെടുത്ത തന്റെ തീരുമാനം ശരിയാണെന്ന് വിജയ് ശങ്കർ ഈ പ്രകടനത്തിലൂടെ അടിവരയിടുന്നുവെന്ന് രവി ശാസ്ത്രി വാ​​ദിക്കുന്നു. 

പ്രതിഭയുള്ള താരമായതിനാലാണ് അന്ന് വിജയ് ശങ്കറിനെ ടീമിലെടുത്തത്. കഠിനാധ്വാനത്തിലൂടെ അദ്ദേഹം തിരിച്ചെത്തിയത് കാണുമ്പോൾ സന്തോഷമുണ്ട്. പ്രതികൂല ഘടങ്ങളും, ഒരു ശസ്ത്രക്രിയ അടക്കമുള്ളവയും അദ്ദേഹം നേരിട്ടു. അതെല്ലാം മറികടന്നാണ് ഇപ്പോൾ മികവിലേക്ക് എത്തിയിരിക്കുന്നത്. 

മനോ​​ഹരമായാണ് അദ്ദേഹം ഇന്നലെ കളിച്ചത്. ​ഗംഭീരമായി തന്നെ പന്തുകൾ ഹിറ്റ് ചെയ്തു. അദ്ദേഹം ക്ലീൻ ​ഹിറ്ററാണ്. ഓട്ടേറെ ഷോട്ടുകളും താരത്തിന്റെ പക്കലുണ്ട്. വിജയ് ശങ്കറിന്റെ പ്രകടനം ഇങ്ങനെ കാണുന്നതിൽ ആനന്ദിക്കുന്നു. 

ഇന്നിങ്സിന്റെ അവസാന ഘട്ടത്തിൽ കളിക്കാൻ പര്യാപ്തരായ കുറച്ച് പവർ ഹിറ്റർമാരുണ്ട് ​ഗുജറാത്തിന്. ഇതാണ് അവരുടെ കരുത്ത്. മികച്ച തുടക്കം കിട്ടിയാൽ അവരെല്ലാം അപകടകാരികളായി മാറും- ശാസ്ത്രി വ്യക്തമാക്കി. 

ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ശ്രേയസ് അയ്യർ, ഋഷഭ് പന്ത് അടക്കമുള്ള മുൻനിര താരങ്ങൾ പരിക്കേറ്റ് വിശ്രമത്തിലാണ്. അതുകൊണ്ടു തന്നെ ഐപിഎല്ലിൽ തിളങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ടീമിലേക്ക് വഴി തുറക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. വിജയ് ശങ്കർ ഫോം തുടരുമോ വീണ്ടും ഒരു ത്രി ഡി പ്ലയർ പരിവേഷത്തിൽ അദ്ദേഹം  ടീമിലെത്തുമോ എന്നൊക്കെ കാത്തിരുന്നു കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com