പെപും ടുക്കലും തന്ത്രങ്ങളും; ഇന്ന് കാണാം എത്തിഹാദിൽ ആ ക്ലാസിക്കിന്റെ ഒന്നാം ഭാ​ഗം; ബയേണും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ

യൂറോപ്പിലെ തന്ത്രങ്ങളുടെ അപ്പോസ്തലൻമാരായ രണ്ട് മികച്ച പരിശീലകരുടെ നേർക്കുനേർ പോരാട്ടമാണ് ഇന്ന് എത്തിഹാദിൽ കാണാൻ സാധിക്കുക
പെപ് ​ഗെർഡിയോള, തോമസ് ടുക്കൽ/ എഎഫ്പി
പെപ് ​ഗെർഡിയോള, തോമസ് ടുക്കൽ/ എഎഫ്പി

ലണ്ടൻ: ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് യൂറോപ്യൻ വമ്പൻമാരും മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും ആദ്യ ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിനായി കച്ചകെട്ടുന്ന മാഞ്ചസ്റ്റർ സിറ്റി ടീമുകൾ നേർക്കുനേർ വരുന്നതാണ് ഹൈലൈറ്റ്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ​ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് ആദ്യ പാദ പോരാട്ടം. മറ്റൊരു മത്സരത്തിൽ ബെൻഫിക്ക ഇന്റർ മിലാനുമായി ഏറ്റുമുട്ടും. 

യൂറോപ്പിലെ തന്ത്രങ്ങളുടെ അപ്പോസ്തലൻമാരായ രണ്ട് മികച്ച പരിശീലകരുടെ നേർക്കുനേർ പോരാട്ടമാണ് ഇന്ന് എത്തിഹാദിൽ കാണാൻ സാധിക്കുക. പെപ് ​ഗെർഡിയോള മാഞ്ചസ്റ്റർ സിറ്റിക്കായും തോമസ് ടുക്കൽ ബയേൺ മ്യൂണിക്കിനായും തന്ത്രം മെനഞ്ഞ് ഡ​ഗൗട്ടിലുണ്ടാകും. ഇരു ടീമുകളും മികച്ച ഫോമിൽ കളിക്കുന്നു എന്നതും മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30നാണ് പോരാട്ടങ്ങൾ.

എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബയേൺ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. തുടർ വിജയങ്ങളിലേക്ക് ടീമിനെ നയിച്ച ജൂലിയൻ നാ​ഗൽസ്മാനെ മാറ്റി ടുക്കലിനെ ഇറക്കിയാണ് ക്വാർട്ടറിന് ബയേൺ വരുന്നത്. എന്ത് മാജിക്കാണ് എത്തിഹാദിൽ ടുക്കൽ കാണിക്കുക എന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മറു തന്ത്രമായി ​ഗെർഡിയോള എന്താകും കരുതിയിട്ടുണ്ടാകുക എന്നതും ആകാംക്ഷ വർധിപ്പിക്കുന്നു. 

മികച്ച താരങ്ങളുടെ സമ്മേളനമാണ് ബയോണിന്റെ കൂടാരം. ഒന്നിനൊന്ന് മികച്ച താരങ്ങളും അവർക്കൊത്ത പകരക്കാരും. മുന്നേറ്റ താരം എറിക് ചൗപോ മോട്ടിങ് പരിക്കിനെ തുടർന്ന് ഇന്ന് കളിക്കില്ല. മുള്ള, സനെ, മാനെ, മുസിയാല, അൽഫോൺസോ ഡേവിസ്, ഉപമക്കാനോ, പവാർഡ്, കാൻസലോ, ​ഗ്നാബ്രി, ഡിലിറ്റ്, കിമ്മിച്, ​ഗൊരെറ്റ്സ്ക തുടങ്ങി എല്ലാ പൊസിഷനിലും മികച്ച താരങ്ങൾ. 

മറുഭാ​ഗത്ത് എർലിങ് ഹാളണ്ടിന്റെ മാരക ഫോമിലാണ് പെപിന്റെ പ്രതീക്ഷ. ഡിബ്രുയ്ൻ, ​ഗുണ്ടോ​ഗൻ, മെഹ്റസ്, ​ഗ്രീലിഷ്, അൽവാരസ് തുടങ്ങി മികച്ച താരങ്ങളാണ് സിറ്റിയുടെ കരുത്ത്. സ്വന്തം തട്ടകത്തിൽ കളിക്കുന്നതിന്റെ ആനുകൂല്യവും അവർക്കുണ്ട്. ഇന്ന് വിജയിച്ച് മ്യൂണിക്കിലേക്കുള്ള രണ്ടാം പാദ യാത്ര അനായാസമായി തുറക്കാനുള്ള ഒരുക്കത്തിലാണ് സിറ്റി. എന്തായാലും ഫുട്ബോൾ ആരാധകർക്ക് വിരുന്നാകുന്ന പോരാട്ടമാണ് ഒരുങ്ങുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com