'മനോഹര യാത്രയുടെ തുടക്കം... കഠിനാധ്വാനം ചെയ്യു, കളിയെ ബഹുമാനിക്കു'- മകന് ആശംസകള്‍ നേര്‍ന്ന് സച്ചിന്‍

ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ 23കാരനായ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചില്ല. എങ്കിലും മികച്ച ബൗളിങ് പുറത്തെടുക്കാന്‍ ഇതിഹാസത്തിന്റെ മകന് കഴിഞ്ഞു
പരിശീലനത്തിനിടെ സച്ചിനും മകനും/ പിടിഐ
പരിശീലനത്തിനിടെ സച്ചിനും മകനും/ പിടിഐ

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തിലാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മകന്‍ മുംബൈ ഇന്ത്യന്‍സിനായി ആദ്യ മത്സരം കളിച്ചത്. 

ഐപിഎല്‍ അരങ്ങേറ്റത്തിന് തൊട്ടുമുന്‍പ് മകന് ആശംസകള്‍ നേരാനും സച്ചിന്‍ മറന്നില്ല. കഠിനാധ്വാനവും കളിയോട് അങ്ങേയറ്റം ബഹുമാനവും വേണമെന്ന് സച്ചിന്‍ ട്വിറ്ററിലൂടെ അര്‍ജുന് ആശംസകള്‍ നേര്‍ന്ന് കുറിച്ചു. 

'ഒരു ക്രിക്കറ്റ് താരമെന്ന നിലയിലുള്ള നിന്റെ യാത്രയിലെ നിര്‍ണായക ചുവടു വയ്പ്പാണ് ഇന്നത്തെ ദിനം. അച്ഛനെന്ന നിലയിലും ക്രിക്കറ്റിനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ആളെന്ന നിലയിലും പറയുകയാണ് ക്രിക്കറ്റിനെ ബഹുമാനിക്കുക. അതിന്റെ മികച്ച ഫലം ക്രിക്കറ്റ് തിരികെ നല്‍കും.' 

'ഇവിടെ വരെ എത്താന്‍ നീ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഠിനാധ്വാനം തുടരുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇത് മനോഹരമായ യാത്രയുടെ തുടക്കമാണ്. എല്ലാ ആശംസകളും'- അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. 

ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ 23കാരനായ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചില്ല. എങ്കിലും മികച്ച ബൗളിങ് പുറത്തെടുക്കാന്‍ ഇതിഹാസത്തിന്റെ മകന് കഴിഞ്ഞു. മുംബൈക്കായി ബൗളിങ് ഓപ്പണ്‍ ചെയ്തത് അര്‍ജുനായിരുന്നു. താരം രണ്ടോവര്‍ എറിഞ്ഞു. 17 റണ്‍സാണ് വിട്ടുകൊടുത്തത്. 

2021ല്‍ 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് അര്‍ജുന്‍ മുംബൈ ടീമിലെത്തിയത്. 20 ലക്ഷമായിരുന്നു താരത്തിന് അടിസ്ഥാന വിലയെങ്കിലും ലേലം വിളിയില്‍ 30 ലക്ഷം വരെയെത്തി.

മുംബൈക്കായി അര്‍ജുന്‍ അരങ്ങേറിയതോടെ ഐപിഎല്ലില്‍ മറ്റൊരു ചരിത്രവും പിറന്നു. ഒരു ടീമിന് വേണ്ടി അച്ഛനും മകനും കളിക്കാനിറങ്ങുന്നത് ഐപിഎല്ലിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ്. മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ സച്ചിന്‍ ആറ് വര്‍ഷത്തോളം ടീമില്‍ തുടര്‍ന്നു. 2008 മുതല്‍ 2013 വരെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മുംബൈ ടീമില്‍ കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com