ബാറ്റിലും ബോളിലും തിളങ്ങി കാമറൂണ്‍ ഗ്രീന്‍; മൂന്നാം ജയവുമായി മുംബൈ മുന്നോട്ട് 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തി
ഹാരി ബ്രൂക്കിന്റെ വിക്കറ്റ് നേടിയതില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ ആഹ്ലാദ പ്രകടനം, പിടിഐ
ഹാരി ബ്രൂക്കിന്റെ വിക്കറ്റ് നേടിയതില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളുടെ ആഹ്ലാദ പ്രകടനം, പിടിഐ

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തി. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദ് 19.5 ഓവറില്‍ 178ന് ഓള്‍ ഔട്ടായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ വിജയശില്‍പ്പി. 

193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് തുടക്കത്തില്‍ തന്നെ പിഴച്ചു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹാരി ബ്രൂക്കിനെ ആദ്യം നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത താരത്തെ ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് പുറത്താക്കി. പിന്നാലെ വന്ന രാഹുല്‍ ത്രിപാഠി വെറും ഏഴ് റണ്‍സെടുത്ത് മടങ്ങിയതോടെ സണ്‍റൈസേഴ്സ് വിറച്ചു.

എന്നാല്‍ നാലാമനായി ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രവും ഓപ്പണര്‍ മായങ്ക് അഗര്‍വാളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 17 പന്തില്‍ 22 റണ്‍സെടുത്ത മാര്‍ക്രത്തെ പുറത്താക്കി ഗ്രീന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന അഭിഷേക് ശര്‍മ ഒരു റണ്ണെടുത്ത് മടങ്ങി. ഇതോടെ സണ്‍റൈസേഴ്സ് 72 ന് നാല് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

എന്നാല്‍ അഭിഷേകിന് പകരം വന്ന ഹെന്റിച്ച് ക്ലാസന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതോടെ സണ്‍റൈസേഴ്സ് ക്യാമ്പില്‍ വിജയപ്രതീക്ഷ പരന്നു. അഞ്ചാം വിക്കറ്റില്‍ ക്ലാസനും മായങ്കും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പീയുഷ് ചൗള ചെയ്ത 14-ാം ഓവറില്‍ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ച് ക്ലാസന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും തൊട്ടടുത്ത പന്തില്‍ താരം പുറത്തായി. 16 പന്തില്‍ നിന്ന് 36 റണ്‍സെടുത്താണ് താരം മടങ്ങിയത്. ക്ലാസന് പകരം അബ്ദുള്‍ സമദ് ക്രീസിലെത്തി.

15-ാം ഓവറില്‍ അര്‍ധസെഞ്ചുറിയിലേക്ക് അടുത്തുകൊണ്ടിരുന്ന മായങ്കും പുറത്തായതോടെ സണ്‍റൈസേഴ്സ് തകര്‍ച്ചയിലേക്ക് വീണു. 40 പന്തില്‍ 48 റണ്‍സെടുത്ത മായങ്കിനെ മെറെഡിത്ത് പുറത്താക്കി. പിന്നാലെ വന്ന യാന്‍സണ്‍ 13 റണ്‍സെടുത്ത് മടങ്ങി. അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ സമദ് പാടുപെട്ടതോടെ സണ്‍റൈസേഴ്സ് തോല്‍വിയിലേക്ക് നീങ്ങി. യാന്‍സണ് പിന്നാലെ വന്ന വാഷിങ്ടണ്‍ സുന്ദര്‍ 10 റണ്‍സെടുത്ത് ടീമിന്റെ വിജയലക്ഷ്യം ചുരുക്കി. പക്ഷേ സമദ് തീര്‍ത്തും നിരാശപ്പെടുത്തി.

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ചെയ്ത അവസാന ഓവറില്‍ സണ്‍റൈസേഴ്സിന്റെ വിജയലക്ഷ്യം 20 റണ്‍സായിരുന്നു. ആ ഓവറിലെ രണ്ടാം പന്തില്‍ സണ്‍റൈസേഴ്സിന്റെ അവസാന പ്രതീക്ഷയായിരുന്ന സമദ് പുറത്തായി. 12 പന്തില്‍ 9 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ മുംബൈ വിജയമുറപ്പിച്ചു. 

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇന്ത്യന്‍സ് 192 റണ്‍സ് നേടിയത്. ടോസ് നേടിയ ഹൈദരബാദ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 40 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്റെ ബാറ്റിങ്ങാണ് മുംബൈക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 

മികച്ച തുടക്കമാണ് മുംൈബക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28), ഇഷാന്‍ കിഷന്‍ (38) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറില്‍ രോഹിത്തിനെ വീഴ്ത്ത്ി ടി നടരാജനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും ഗ്രീനും ചേര്‍ന്ന് 46 റണ്‍സെടുത്തു.12ാം ഓറില്‍ ഇഷാന്‍ കിഷന്‍ പുറത്തായി.

പിന്നീട് ഇറങ്ങിയ സൂര്യകുമാര്‍ യാദവിന് ഏഴ് റണ്‍സ് മാത്രമാണ് നേടാനയത്. എന്നാല്‍ അഞ്ചാമനായി ഇറങ്ങിയ തിലക് വര്‍മയുടെ (17 പന്തില്‍ 37)മുംബൈയുടെ സ്‌കോര്‍ അതിവേഗം ചലിപ്പിച്ചു. നാല് സിക്സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിങ്സ്. 17ാം ഓവറില്‍ തിലക് പുറത്തായതിനു ശേഷമെത്തിയ ടിം ഡേവിഡ് 16 റണ്‍സുമായി ഗ്രീനു കൂട്ടായി. 

ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സെന്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com