ആഴ്സണലിന്റെ അമ്പരപ്പിക്കുന്ന തിരിച്ചുവരവ്, പക്ഷേ... കിരീട പ്രതീക്ഷ ത്രിശങ്കുവിൽ! 

32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് കിരീട സാധ്യതയിൽ ഏറെ മുന്നിലുണ്ടായിരുന്ന ആഴ്സണലിന് വമ്പൻ തിരിച്ചടി. തുടർച്ചയായി മൂന്നാം പോരാട്ടത്തിലും അവർ സമനിലയിൽ കുരുങ്ങി. ഈ മാസത്തെ മൂന്ന് പോരാട്ടത്തിലും അവർക്ക് സമനില വഴങ്ങേണ്ടി വന്നതോടെ പ്രീമിയർ ലീ​ഗ് കിരീടമെന്ന സ്വപ്നം അവർ പടിക്കൽ വച്ച് ഉടയ്ക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. 

സ്വന്തം തട്ടകത്തിൽ ലീ​ഗിലെ അവസാന സ്ഥാനക്കാരായ സതാംപ്ടനോടാണ് അവർ ഏറ്റവും അവസാനം സമനില വഴങ്ങിയത്. തോൽവിയുടെ വക്കിൽ നിന്നാണ് ഇത്തവണ അവർ ​ഗംഭീര തിരിച്ചുവരവ് നടത്തി സമനില പിടിച്ചെടുത്തത്. 3-3 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. 3-1 എന്ന സ്കോറിന് തോൽവി മുന്നിൽ കണ്ട അവർ അവസാന രണ്ട് മിനിറ്റിൽ രണ്ട് ​ഗോൾ മടക്കിയാണ് അവിശ്വസനീമാം വിധം സമനില പിടിച്ചത്.

32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റ്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ സിറ്റിക്ക് 76 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറാം. ആഴ്സണലിനേക്കാൾ ഒരു പോയിന്റ് അധികമാകും അപ്പോൾ സിറ്റിക്ക്. മാഞ്ചസ്റ്റർ സിറ്റിയുമായി ആഴ്സണലിന് മത്സരമുണ്ട്. ഈ പോരാട്ടം എന്തു വില കൊടുത്തും വിജയിക്കാനായിരിക്കും ഇനി ആർട്ടേറ്റയും സംഘവും ശ്രമിക്കുക. ഈ മത്സരം ഒരുപക്ഷേ കിരീടം ആർക്കെന്ന കാര്യത്തിലും തീരുമാനമുണ്ടാക്കിയേക്കും.

മത്സരത്തിന്റെ വിസിൽ മുഴങ്ങി ഒരു മിനിറ്റ് തികയും മുൻപ് തന്നെ ആഴ്സണൽ ഞെട്ടി. കാർലോസ് അൽക്കാരസിലൂടെ സതാംപ്ടൻ ​ഗണ്ണേഴ്സിനെ ഞെട്ടിച്ച് ലീഡ് സ്വന്തമാക്കി. ​ഗണ്ണേഴ്സ് ​ഗോൾ കീപ്പർ റാംസ്ഡലെയുടെ പിഴവാണ് അൽക്കാരസ് മുതലെടുത്തത്. 

അവിടെയും തീർന്നില്ല. 14ാം  മിനിറ്റിൽ സതാംപ്ടൻ രണ്ടാം ​ഗോളും വലയിലാക്കി. ആഴ്സണലിന്റെ ഇതിഹാസ താരങ്ങളിലൊരാളായ തിയോ വാൽക്കോട്ടാണ് തന്റെ മുൻ ക്ലബിനെതിരെ വല ചലിപ്പിച്ചത്. അൽക്കാരസിന്റെ പാസിൽ നിന്നായിരുന്നു വാൽക്കോട്ടിന്റെ ​ഗോൾ.

തുടക്കത്തിൽ തന്നെ രണ്ട് ​ഗോൾ വഴങ്ങിയതോടെ ആഴ്സണൽ ഉണർന്നു. അവർ ആക്രമണം കടുപ്പിച്ചു. അതിന്റെ ഫലവും പിന്നാലെ എത്തി. ആറ് മിനിറ്റിനുള്ളിൽ ആഴ്സണൽ ഒരു ​​ഗോൾ മടക്കി ലീഡ് അൽപ്പം കുറച്ചു. 20ാം  മിനിറ്റിൽ ​ഗബ്രിയേൽ മാർട്ടിനെല്ലിയാണ് അവർക്കായി വല ചലിപ്പിച്ചത്. ബുകായോ സാക നൽകിയ ക്രോസിൽ നിന്ന് ഒരു വോളിയിലൂടെയാണ് മിർട്ടിനെല്ലി വല ചലിപ്പിച്ചത്. ഒന്നാം പകുതിക്ക് പിരിയുനേപോൾ 1-2 എന്ന നിലയിലായിരുന്നു സ്കോർ. 

രണ്ടാം പകുതിയിൽ ലീഡ് നിലനിർത്താൻ സതാംപ്ടൻ പ്രതിരോധം കടുപ്പിച്ചു. 66ാം മിനിറ്റിൽ ആഴ്സണലിന്റെ നെഞ്ചിടിപ്പേറ്റി സതാംപ്ടൻ മൂന്നാം ​ഗോളും നേടി. ഡുജെ കലെറ്റ സർ ആയിരുന്നു സ്കോറർ. കോർണർ കിക്കിൽ നിന്നായിരുന്നു ​ഗോളിന്റെ വഴി. 

ഇതോടെ ആഴ്സണൽ ആക്രമണം കൂടുതൽ കടുപ്പിച്ചു. തോൽവി അവർക്ക് താങ്ങാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. 88ാം മിനിറ്റിൽ മാർട്ടിൻ ഒഡെ​ഗാർഡിന്റെ ​ഗോളിലൂടെ അവർ ലീഡ് കുറച്ചു. ഒടുവിൽ 90ാം മിനിറ്റിൽ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ബുകായോ സാകയുടെ ​ഗോൾ അവർക്ക് സമനില സമ്മാനിച്ചു. 

ഇഞ്ച്വറി ടൈമിൽ വിജയ ​​ഗോളിനായുള്ള ആഴ്സണലിന്റെ നിരന്തര ശ്രമങ്ങൾ. ഒന്ന് പോസ്റ്റിൽ തട്ടിയും ഒന്ന് നേരിയ വ്യത്യാസത്തിലും പുറത്തേക്ക്. ലിയാൻഡ്രോ ട്രൊസാർഡിന്റെ ലോങ് റേഞ്ച് ഷോട്ടാണ് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയത്. റീസ് നെൽസൻ‌ തൊടുത്ത ഷോട്ടാണ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയത്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com