'ബാറ്റ് ചെയ്യാന്‍ മറന്നു', ഇന്ത്യയെ പിടിച്ചുകെട്ടി; വിന്‍ഡീസിന് നാലുറണ്‍സ് ജയം

ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം
വിന്‍ഡീസ് താരങ്ങളെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍, image credit: BCCI
വിന്‍ഡീസ് താരങ്ങളെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍, image credit: BCCI

ടറൂബ: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിന് വിന്‍ഡീസ് ജയിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറലില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 

അരങ്ങേറ്റ മത്സരം കളിച്ച തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 22 പന്തില്‍ മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 39 റണ്‍സെടുത്താണ് താരം പുറത്തായത്. ഇഷാന്‍ കിഷന്‍ (ഒമ്പത് പന്തില്‍ ആറ്), ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ മൂന്ന്), സൂര്യകുമാര്‍ യാദവ് (21 പന്തില്‍ 21), ഹാര്‍ദിക് പാണ്ഡ്യ (19 പന്തില്‍ 19), സഞ്ജു സാംസണ്‍ (12 പന്തില്‍ 12), അക്‌സര്‍ പട്ടേല്‍ (11 പന്തില്‍ 13), കുല്‍ദീപ് യാദവ് (ഒമ്പത് പന്തില്‍ മൂന്ന്), അര്‍ഷ്ദീപ് സിങ് (ഏഴു പന്തില്‍ 11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ടോസ് നേടി വിന്‍ഡീസ് ബാറ്റിങിനിറങ്ങുകയായിരുന്നു. ഒരു വശത്ത് ബ്രണ്ടന്‍ കിങ് മികച്ച തുടക്കമിട്ടപ്പോള്‍ സഹ ഓപ്പണര്‍ കെയ്ല്‍ മെയേഴ്സ് ഇത്തവണയും പരാജയപ്പെട്ടു. താരം ഒരു റണ്ണുമായി മടങ്ങി. പിന്നാലെ ത്തെിയ ജോണ്‍സന്‍ ചാള്‍സും തിളങ്ങിയില്ല. താരം മൂന്ന് റണ്‍സില്‍ പുറത്ത്.

പിന്നീട് നിക്കോളാസ് പുരന്‍ ബ്രണ്ടന്‍ കിങിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ബൗളിങിനെ ആക്രമിച്ചു. അതിനിടെ കിങ് മടങ്ങി. താരം 19 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 28 റണ്‍സുമായി മടങ്ങി.

പിന്നീട് പുരനൊപ്പം ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ പോരാട്ടം നയിച്ചു. സ്‌കോര്‍ 96ല്‍ നില്‍ക്കെ പുരന്‍ പുറത്തായി.34 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം പുരന്‍ 41റണ്‍സ് കണ്ടെത്തി.

പിന്നാലെ വന്ന ഷിമ്രോണ്‍ ഹെറ്റ്മെയര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. താരം 10 റണ്‍സുമായി കൂടാരം കയറി. നാല് റണ്‍സ് കൂടി ചേര്‍ത്ത് ക്യാപ്റ്റനും മടങ്ങി. പവല്‍ 32 പന്തില്‍ 48 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. താരം മൂന്ന് വീതം സിക്സും ഫോറും നേടി.

റാമാരിയോ ഷെഫേര്‍ഡ് നാല് റണ്‍സുമായും ജാസന്‍ ഹോള്‍ഡര്‍ ആറ് റണ്‍സുമായും പുറത്താകാതെ നിന്നു.

ഇന്ത്യക്കായി യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com