മഴ കളിച്ചു, ഇന്ത്യ ജയിച്ചു! തിരിച്ചു വരവിൽ കളിയിലെ താരമായി 'ക്യാപ്റ്റൻ ബുമ്ര'

രണ്ട് വിക്കറ്റുകൾ തുടരെ വീഴ്ത്തി ക്രെയ്‌​ഗ് യങ് ഇന്ത്യയെ ഞെട്ടിച്ചു. ഏഴാം ഓവറിന്റെ രണ്ടും മൂന്നും പന്തുകളിലാണ് താരം യശസ്വിയേയും തിലകിനേയും മടക്കിയത്
ഇന്ത്യൻ ക്യാപ്റ്റൻ ബുമ്രയും അയർലൻഡ് നായകൻ പോൾ സ്റ്റിർലിങും ഹസ്തദാനം ചെയ്യുന്നു/ ട്വിറ്റർ
ഇന്ത്യൻ ക്യാപ്റ്റൻ ബുമ്രയും അയർലൻഡ് നായകൻ പോൾ സ്റ്റിർലിങും ഹസ്തദാനം ചെയ്യുന്നു/ ട്വിറ്റർ

ഡബ്ലിന്‍: അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ജയം. മഴയെ തുടർന്നു കളി മുഴുമിപ്പിക്കാൻ സാധിക്കാതെ വന്നതോടെ ഡെക്ക്‌വർത്ത് ലൂയീസ് നിയമമനുസരിച്ചാണ് ഇന്ത്യൻ ജയം. രണ്ട് റണ്ണിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറില്‍ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കിയത് 139 റണ്‍സ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

140 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിൽ നിൽക്കെ മഴ കളി മുടക്കി. പിന്നീട് തുടരാൻ സാധിക്കാതെ വന്നതോടെയാണ് ഡെക്ക്‌വർത്ത് ലൂയീസ് നിയമത്തിലൂടെ ജയം പുനർ നിർണയിച്ചത്. 

23 പന്തിൽ 24 റൺസെടുത്ത ഓപ്പണർ യശസ്വി ജയ്‌സ്വാൾ, നേരിട്ട ആദ്യ പന്തിൽ തന്നെ സംപൂജ്യനായി മടങ്ങിയ തിലക് വർമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി മൂന്ന് ഫോറും ഒരു സിക്സും പറത്തി.

‌കളി നിർത്തുമ്പോൾ 19 റൺസുമായി ഋതുരാജ് ​ഗെയ്ക്‌വാദും ഒരു റണ്ണുമായി സഞ്ജു സാംസണുമായിരുന്നു ക്രീസിൽ. ഋതുരാജ് 16 പന്തുകൾ നേരിട്ടു. ഓരോ സിക്സും ഫോറും പറത്തി. 

രണ്ട് വിക്കറ്റുകൾ തുടരെ വീഴ്ത്തി ക്രെയ്‌​ഗ് യങ് ഇന്ത്യയെ ഞെട്ടിച്ചു. ഏഴാം ഓവറിന്റെ രണ്ടും മൂന്നും പന്തുകളിലാണ് താരം യശസ്വിയേയും തിലകിനേയും മടക്കിയത്. താരം അഞ്ചാം പന്ത് എറിഞ്ഞതിനു പിന്നാലെ മഴയുമെത്തി. 

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു മാറി ക്യാപ്റ്റനായി തിരിച്ചെത്തിയ ബുമ്ര ആദ്യ ഓവറില്‍ തന്നെ അയര്‍ലന്‍ഡിനെ ഞെട്ടിച്ചു. ആദ്യ ഓവറിന്റെ രണ്ടാം പന്തിലും അഞ്ചാം പന്തിലും വിക്കറ്റുകള്‍ വീഴ്ത്തി ബുമ്ര കൊടുങ്കാറ്റായി. രണ്ടാം പന്തില്‍ ഓപ്പണര്‍ ബാല്‍ബിര്‍നിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുമ്ര തുടങ്ങിയത്. അഞ്ചാം പന്തില്‍ ലോര്‍ക്കന്‍ ടക്കറെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. 

പിന്നീട് പന്തെറിഞ്ഞവരും നായകന്റെ മികവിനു തുടര്‍ച്ച നല്‍കി. ആറാം ഓവറിലേക്കെത്തുമ്പോള്‍ 27 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ അയര്‍ലന്‍ഡിനു നഷ്ടമായി. പിന്നീട് 59 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകളും അവര്‍ക്കു നഷ്ടമായി. 

വാലറ്റത്ത് ഇറങ്ങിയ ബറി മക്കാര്‍ത്തിയുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് അയര്‍ലന്‍ഡിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം പുറത്താകാതെ 33 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സെടുത്തു. 

അര്‍ഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം ആറ് പന്തില്‍ പിറന്നത് 22 റണ്‍സ്. മക്കാര്‍ത്തിയുടെ ഈ കൂറ്റനടികളാണ് സ്‌കോര്‍ 139ല്‍ എത്തിച്ചത്. 

മധ്യനിരയില്‍ കുര്‍ട്ടിസ് കാംഫറും അയര്‍ലന്‍ഡിനായി തിളങ്ങി. താരം 39 റണ്‍സെടുത്തു. 33 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും അടിച്ചു. മാര്‍ക് അഡയര്‍ 16 റണ്‍സും ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ് 11 റണ്‍സും കണ്ടെത്തി. മറ്റൊരാളും രണ്ടക്കം കടന്നില്ല. 

ഇന്ത്യക്കായി ബുമ്ര നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തു തിരിച്ചു വരവ് ഗംഭീരമാക്കിയത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റെടുത്തു. 

ഇന്ത്യക്കായി ടി20യില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് കൃഷ്ണയും തിളങ്ങി. താരവും രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് അര്‍ഷ്ദീപ് സിങ് വീഴ്ത്തി. പ്രസിദ്ധിനൊപ്പം റിങ്കു സിങും ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com