ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തുടരെ മൂന്ന് വട്ടം പൂജ്യത്തിനു പുറത്ത്, എന്നിട്ടും ടീമിൽ! 'സൂര്യ കുമാർ യാദവാണ് ഭാ​ഗ്യവാൻ'

'സൂര്യക്കു പകരം യശസ്വിയെ പോലൊരു താരത്തിനു അവസരം നൽകുകയായിരുന്നു വേണ്ടത്. അല്ലെങ്കിൽ ഒരു അധിക റിസ്റ്റ് സ്പിന്നറെ ഉൾപ്പെടുത്തണമായിരുന്നു'

സിഡ്‌നി: സൂര്യ കുമാര്‍ യാദവിനെ പോലെ ഒരു ഭാഗ്യവാന്‍ ക്രിക്കറ്റിലുണ്ടോയെന്ന ചോദ്യവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ പരിശീലകനുമായ ടോം മൂഡി. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ടോം മൂഡിയുടെ പ്രതികരണം.

'ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ ഞാൻ ഏറ്റവും ഭാ​ഗ്യവനായി കാണുന്നത് സൂര്യ കുമാർ യാദവിനെയാണ്. മികച്ച താരമാണ് അദ്ദേഹം. എല്ലാവരും അദ്ദേഹത്തിന്റെ ബാറ്റിങ് ഇഷ്ടപ്പെടുന്നു. എന്നാൽ അദ്ദേഹം ഏകദിനത്തിൽ അത്ര മികച്ച പ്രാവീണ്യമുള്ള താരമല്ല. ഏകദിനത്തിൽ 20നു മുകളിൽ മത്സരം സൂര്യകുമാർ കളിച്ചെങ്കിലും കാര്യമായ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. ടി20യിൽ അദ്ദേഹം മിന്നും പ്രതിഭയാണ് തർക്കമില്ല. എന്നാൽ 50 ഓവർ ഫോർമാറ്റ് തീർത്തും വിഭിന്നമാണ്. അതിൽ ഇന്നുവരെ ഒരു മികവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. ഏഷ്യാ കപ്പിലും അതിനു മാറ്റം സംഭവിക്കുമെന്നു പ്രതീക്ഷിക്കാൻ വയ്യ.' 

'സൂര്യക്കു പകരം യശസ്വിയെ പോലൊരു താരത്തിനു അവസരം നൽകുകയായിരുന്നു വേണ്ടത്. അല്ലെങ്കിൽ ഒരു അധിക റിസ്റ്റ് സ്പിന്നറെ ഉൾപ്പെടുത്തണമായിരുന്നു. എത്ര മികച്ച ഓപ്ഷനുകളുണ്ട്. യശസ്വി യുവ താരമാണ്'-  ടോം മൂഡി വ്യക്തമാക്കി.

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ തുടങ്ങി നിരവധി താരങ്ങളെ പരി​ഗണിക്കാതെയാണ് ഏകദിന ക്രിക്കറ്റിൽ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത സൂര്യ കുമാർ യാ​ദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇതുവരെ 26 ഏകദിനം കളിച്ച സൂര്യ കുമാർ രണ്ട് തവണയാണ് അർധ ശതകം നേടിയത്. മാർച്ചിൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തുടരെ പൂജ്യത്തിനു പുറത്തായി നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കിയ താരമാണ് സൂര്യ കുമാർ. 

എന്നിട്ടും ടീമിലെ സ്ഥാനത്തിനു ഒരു ഇളക്കവും സംഭവിച്ചില്ല. മറു ഭാ​ഗത്ത് സഞ്ജുവടക്കമുള്ളവർ കിട്ടുന്ന ഒന്നാമത്തേയോ രണ്ടാമത്തേയോ അവസരത്തിൽ മികവ് പ്രകടിപ്പിടിച്ചിട്ടും അവസരം ഇല്ലാതെ പോകുന്നു. ഇക്കാര്യങ്ങളെയെല്ലാം പരോക്ഷമായി പരിഹസിച്ചാണ് ടോം മൂഡിയുടെ നിരീക്ഷണം. 

സൂര്യ കുമാർ യാദ​വിന്റേയും തിലക് വർമയുടേയും ടീമിലെ സ്ഥാനം സംബന്ധിച്ച് വൻ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. മുംബൈ ബന്ധത്തിന്റെ പേരിലാണെന്ന വൻ വിമർശനമാണ് ആരാധകർ മുന്നോട്ടു വയ്ക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com