സ്പിന്‍ കുരുക്കില്‍ വീണ് ഓസീസ്; ടി20 പരമ്പര ഇന്ത്യക്ക്

നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷര്‍ പട്ടേലിന്റെ ബൗളിങാണ് ഇന്ത്യക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

റായ്പുര്‍: ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്കു പകരമാവില്ലെങ്കിലും ഇന്ത്യക്ക് ആശ്വാസമായി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേട്ടം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1 എന്ന നിലയിലാണ് പരമ്പര ഉറപ്പിച്ചത്. നാലാം പോരില്‍ ഇന്ത്യ 20 റണ്‍സിന്റെ വിജയം പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയുടെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിച്ചു. 

നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷര്‍ പട്ടേലിന്റെ ബൗളിങാണ് ഇന്ത്യക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത രവി ബിഷ്‌ണോയിയുടെ ബൗളിങും ഓസീസിനെ വെട്ടിലാക്കി. ദീപക് ചഹര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആവേശ് ഖാന്‍ ഒരു വിക്കറ്റെടുത്തു. 

ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ മാത്യു വെയ്ഡ് 23 പന്തില്‍ 36 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അവസാന ഘട്ടത്തില്‍ പക്ഷേ ക്യാപ്റ്റനും ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ് 16 പന്തില്‍ 31 റണ്‍സെടുത്തു. ഹെഡ്ഡ് അഞ്ച് ഫോറും ഒരു സിക്‌സും വെയ്ഡ് രണ്ട് വീതം സിക്‌സും ഫോറും പറത്തി. മാത്യു ഷോര്‍ട്ടാണ് പിടിച്ചു നിന്ന മറ്റൊരു താരം. താരം 19 പന്തില്‍ 22 റണ്‍സെടുത്തു. ബെന്‍ മക്‌ഡെര്‍മോര്‍ട്ട്, ടിം ഡേവിഡ് എന്നിവര്‍ 19 വീതം റണ്‍സെടുത്തു മടങ്ങി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കുകയായിരുന്നു. റിങ്കു സിങ്, യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, ജിതേഷ് ശര്‍മ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 28 ബോളില്‍ നിന്ന് ജയ്‌സ്വാള്‍ 37 റണ്‍ നേടിയപ്പോള്‍ ഋതുരാജ് 28 ബോളില്‍ നിന്ന് 32 നേടി. രണ്ടു പേരും പുറത്തായതിനു പിന്നാലെ എത്തിയ ശേയസ് അയ്യര്‍ (8), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്(1) എന്നിവര്‍ നിരാശപ്പെടുത്തി. 

തുടര്‍ന്ന് എത്തിയ റിങ്കുസിങ്ങും ജിതേഷ് ശര്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 29 ബോളില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 46 റണ്‍സാണ് റിങ്കു സിങ് നേടിയത്. 19 ബോളില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 35 റണ്‍സാണ് ജിതേഷ് നേടിയത്. എന്നാല്‍ പിന്നാലെ എത്തിയ എല്ലാവരും നിരാശയാണ് സമ്മാനിച്ചത്. അവസാന ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്. ഓസീസിനായി ബെന്‍ ഡാര്‍ഷുയിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. തന്‍വീര്‍ സംഗയും ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫും രണ്ട് വിക്കറ്റ് വീതം നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com