സൂപ്പര്‍ പോരാട്ടം; ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് എഫ്‌സി ഗോവ ഒന്നാമത്

ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോവയുടെ ഗോള്‍ പിറന്നത്.
എഫ്‌സി ഗോവന്‍ താരങ്ങളുടെ ആഹ്ലാദം
എഫ്‌സി ഗോവന്‍ താരങ്ങളുടെ ആഹ്ലാദം

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു രണ്ടാം തോല്‍വി. കരുത്തരുടെ പോരാട്ടത്തില്‍ എഫ്‌സി ഗോവ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. ആറാം വിജയത്തോടെ പോയിന്റ് പട്ടികയില്‍ എഫ്‌സി ഗോവ ഒന്നാം സ്ഥാനത്തെത്തി. പതിനേഴ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയുടെ അധിക സമയത്താണ് ഗോവയുടെ ഗോള്‍ പിറന്നത്. വിക്ടര്‍ റോഡ്രിഗസിന്റെ ഫ്രീകിക്കില്‍നിന്ന് റൗളിങ് ബോര്‍ജാണ് ഗോവയ്ക്കായി വല കുലുക്കിയത്.

ഗോള്‍ നേട്ടത്തിനു പിന്നാലെ ബോര്‍ജ് പരിക്കേറ്റ് പുറത്തായി. മത്സരത്തിനിടെ കേരള താരത്തിന്റെ കാലില്‍ തട്ടിയാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്ട്രെച്ചറില്‍ ഡ്രസ്സിങ് റൂമിലെത്തിച്ചു. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച കളി പുറത്തെടുത്തു. ഗോവന്‍ മുന്നേറ്റത്തെ ബ്ലാസ്റ്റേഴ്സും തിരിച്ചുള്ള ആക്രമണത്തെ ഗോവയും ഫലപ്രദമായിത്തന്നെയാണ് പ്രതിരോധിച്ചത്. ഇരു വിങ്ങുകളിലൂടെ ഗോവ നടത്തിയ മുന്നേറ്റം കേരള പ്രതിരോധനിര നന്നായി പിടിച്ചുകെട്ടി. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്കാകട്ടെ, സീസണിലെ പേരുകേട്ട ഗോവന്‍ പ്രതിരോധ നിരയെ മറികടന്ന് ഗോളാക്കാനുമായില്ല.

വാശിയേറിയ മത്സരത്തില്‍ അഞ്ചുതവണയാണ് റഫറി മഞ്ഞക്കാര്‍ഡെടുത്തത്. അഡ്രിയാനോ ലൂണയെ വരിഞ്ഞുകെട്ടിയായിരുന്നു ഗോവന്‍ മധ്യനിരയുടെ പ്രതിരോധം. മത്സരത്തില്‍ ഇരുടീമുകളും ഏതാണ്ട് ഒരേ അളവില്‍ത്തന്നെ പന്ത് കൈവശംവെച്ച് കളിച്ചു. അവസാന സമയംവരെ ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കില്‍ ഗോവന്‍ പ്രതിരോധം അത് തകര്‍ത്തു. ഡിസംബര്‍ 14ന് പഞ്ചാബ് എഫ്‌സിക്കെതിരെ കൊച്ചിയില്‍വച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com