ട്രാവിസ് ഹെഡ്ഡ് മുതല്‍ 'വലം കൈയന്‍ റെയ്‌ന' വരെ; കോടികള്‍ സ്വന്തമാക്കാന്‍ ഈ താരങ്ങള്‍; ഐപിഎല്‍ ലേലം നാളെ

സമീപ കാലത്ത് മികച്ച പ്രകടനം നടത്തിയ ചില താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ കടുത്ത മത്സരം തന്നെ കാഴ്ച വയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. 77 താരങ്ങളെയാണ് ടീമുകള്‍ക്ക് ആവശ്യമുള്ളത്
സമീർ റിസ്‍വി, ട്രാവിസ് ഹെഡ്ഡ്/ ട്വിറ്റർ‌
സമീർ റിസ്‍വി, ട്രാവിസ് ഹെഡ്ഡ്/ ട്വിറ്റർ‌

ദുബൈ: ഐപിഎല്‍ മിനി താര ലേലം നാളെ ദുബൈയില്‍ അരങ്ങേറാനൊരുങ്ങുന്നു. സമീപ കാലത്ത് മികച്ച പ്രകടനം നടത്തിയ ചില താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ കടുത്ത മത്സരം തന്നെ കാഴ്ച വയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു. 77 താരങ്ങളെയാണ് ടീമുകള്‍ക്ക് ആവശ്യമുള്ളത്. 

ലോകകപ്പ് നേട്ടത്തിലേക്ക് ഓസ്‌ട്രേലിയയെ നയിച്ച ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ്, ന്യൂസിലന്‍ഡിന്റെ യുവ വിസ്മയം ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്ര, ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ജെറാര്‍ഡ് കോറ്റ്‌സി, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്, ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, ഇന്ത്യന്‍ താരം സമീര്‍ റിസ്‌വി, ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അടക്കമുള്ള താരങ്ങള്‍ക്കായി അവസാന ഘട്ടം വരെ ടീമുകള്‍ അരയും തലയും മുറുക്കി കോടികള്‍ എറിയുമെന്നു പ്രതീക്ഷിക്കുന്നു. 

ട്രാവിസ് ഹെഡ്ഡ്: ലേലത്തിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് നിലവില്‍ ഹെഡ്ഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 174 പന്തില്‍ 163 റണ്‍സെടുത്ത ഹെഡ്ഡ്, ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കെതിരെ തന്നെ നിര്‍ണായക സെഞ്ച്വറി നേടി. താരം 137 റണ്‍സുമായി ഓസ്‌ട്രേലിയയെ ആറാം ലോക കിരീടത്തിലേക്ക് നയിച്ചു. ടി20യില്‍ 23 മത്സരങ്ങളാണ് താരം കളിച്ചത്. 554 റണ്‍സ് നേടി. ഐപിഎല്ലില്‍ നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായി കളിച്ചു. പത്ത് ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 205 റണ്‍സാണ് നേടിയത്. 

ഹാരി ബ്രൂക്: കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചാണ് ഹാരി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വെറും ഏഴ് പന്തില്‍ 31 റണ്‍സ് വാരിയാണ് താരം ശ്രദ്ധേയനായത്. ടി20യില്‍ നിലവിലെ ശ്രദ്ധേയ താരമായ ബ്രൂക് ഇംഗ്ലണ്ടിനായി കുട്ടി ഫോര്‍മാറ്റില്‍ സ്ഥിരത പുലര്‍ത്തുന്ന താരം കൂടിയാണ്. 24 കളികളില്‍ നിന്നു 531 റണ്‍സാണ് താരം നേടിയത്. 2023 സീസണില്‍ 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബ്രൂകിനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ താരത്തിനു കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. എസ്ആര്‍എച്ചിനായി 11 മത്സരങ്ങള്‍ കളിച്ച താരം 190 റണ്‍സ് മാത്രമാണ് എടുത്തത്. പിന്നാലെയാണ് അവര്‍ ബ്രൂകിനെ റിലീസ് ചെയ്തത്. പക്ഷേ സമീപ കാലത്തെ മിന്നും ഫോം ബ്രൂകിനെ ഹോട്ട് സീറ്റിലേക്ക് വീണ്ടും എത്തിച്ചു.

ജെറാര്‍ഡ് കോറ്റ്‌സി: ലോകകപ്പിലെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ യുവ പേസറെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയിലേക്ക് എത്തിച്ചത്. താരം ടൂര്‍ണമെന്റില്‍ 20 വിക്കറ്റുകള്‍ നേടി. ടി20യിലും മിന്നും പ്രകടനങ്ങള്‍ താരത്തിന്റെ പേരിലുണ്ട്. നാല് ടി20 മത്സരങ്ങളില്‍ നിന്നു 25 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ കോറ്റ്‌സി വീഴ്ത്തിയിട്ടുണ്ട്. ആവറേജ് 8.33, ഇക്കോണമി 10.5. 

രചിന്‍ രവീന്ദ്ര: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മിന്നും പ്രകടനം ലോകകപ്പില്‍ പുറത്തെടുത്ത ന്യൂസിലന്‍ഡ് യുവ താരം ആദ്യ ഐപിഎല്ലിനായാണ് തയ്യാറെടുക്കുന്നത്. ലോകകപ്പില്‍ 578 റണ്‍സും അഞ്ച് വിക്കറ്റുകളും താരം നേടി. ടി20യില്‍ 18 മത്സരങ്ങള്‍ കളിച്ച രചിന്‍ 145 റണ്‍സും 11 വിക്കറ്റുകളും നേടിയിട്ടുണ്ട്. 

വാനിന്ദു ഹസരങ്ക: ശ്രീലങ്കന്‍ ലെഗ് സ്പിന്നര്‍ നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്നു. നിരവധി ശ്രദ്ധേയ പ്രകടനങ്ങള്‍ ഐപിഎല്ലില്‍ ഹസരങ്കയുടെ പേരിലുണ്ട്. പരിക്കിനെ തുടര്‍ന്നു ലോകകപ്പ് നഷ്ടമായ ഹസരങ്ക തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. 58 ടി20 മത്സരങ്ങളില്‍ നിന്നു 91 വിക്കറ്റുകള്‍ നേടിയ താരമാണ് ഹസരങ്ക. ഐപിഎല്ലില്‍ 26 കളിയില്‍ നിന്നു 35 വിക്കറ്റുകള്‍. ബാറ്റിങിലും അത്യാവശ്യം ഘട്ടങ്ങളില്‍ തിളങ്ങാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 72 റണ്‍സും അന്താരാഷ്ട്ര ടി20യില്‍ 533 റണ്‍സും ഹസരങ്കയുടെ പേരിലുണ്ട്. 

മിച്ചല്‍ സ്റ്റാര്‍ക്ക്: ഓസ്‌ട്രേലിയന്‍ പേസറും നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്നു. ടി20യില്‍ 58 മത്സരങ്ങളില്‍ നിന്നു 78 വിക്കറ്റുകള്‍. 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 34 വിക്കറ്റുകള്‍. 

സമീര്‍ റിസ്‌വി: ഇന്ത്യന്‍ താരങ്ങളില്‍ ശ്രദ്ധേയനാകാന്‍ ഒരുങ്ങുന്നത് 20കാരനായ റിസ്‌വിയായിരിക്കും. നിരവധി മുന്‍ താരങ്ങള്‍ റിസ്‌വിക്കായി ടീമുകള്‍ കോടികളെറിയുമെന്നു തന്നെ പ്രവചിക്കുന്നു. പ്രഥമ യുപി ടി20 ലീഗിലെ മികച്ച ബാറ്റിങാണ് താരത്തെ ശ്രദ്ധയിലേക്ക് എത്തിച്ചത്. യുപി ലീഗില്‍ അതിവേഗ സെഞ്ച്വറിയുമായി താരം കളം നിറഞ്ഞു. 49.16ആണ് താരത്തിന്റെ ആവറേജ്. 134.70 സ്‌ട്രൈക്ക് റേറ്റ്. സിക്‌സുകള്‍ നേടാനുള്ള കരുത്താണ് താരത്തെ വേറിട്ടു നിര്‍ത്തുന്നത്. ഫിനിഷര്‍ റോളിലേക്ക് താരങ്ങളെ അന്വേഷിക്കുന്ന ടീമുകള്‍ റിസ്‌വിയെ സ്വന്തമാക്കാന്‍ മത്സരിക്കും. ഇന്ത്യക്കായി വിവിധ ഏജ് ഗ്രൂപ്പുകളില്‍ കളിച്ചിട്ടുള്ള റിസ്‌വി വലം കൈയന്‍ റെയ്‌ന എന്നും അറിയപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com