റാഫേൽ വരാനെ/ ട്വിറ്റർ
റാഫേൽ വരാനെ/ ട്വിറ്റർ

'പ്രതിരോധത്തിലെ കരുത്തന്‍'- ഫ്രാന്‍സിന്റെ റാഫേല്‍ വരാനെ വിരമിച്ചു

നിലവില്‍ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായ വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്

പാരിസ്: ലോകകപ്പ് ജേതാവും ഫ്രാന്‍സിന്റെ പ്രതിരോധ താരവുമായ റാഫേല്‍ വരാനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. പത്ത് വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമം കുറിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതിരോധത്തിലെ നിര്‍ണായക താരമാണ് വരാനെ. 

നിലവില്‍ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായ വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2018ല്‍ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ഫ്രാന്‍സ് ടീമിലെ അംഗമായിരുന്നു വരാനെ. ലോകകപ്പില്‍ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചു. 2022ഖത്തര്‍ ലോകകപ്പിലും 29കാരന്‍ ബൂട്ടുകെട്ടി. 

ഫ്രാന്‍സിനായി അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 തലത്തില്‍ കളിച്ചാണ് വരാനെ സീനിയര്‍ ടീമിലേക്ക് എത്തുന്നത്. 2013ല്‍ ജോര്‍ജിയക്കെതിരേ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് രാജ്യത്തിനായുള്ള അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയില്‍ വരാനെ സ്ഥിരം സാന്നിധ്യമായി. 2016ലെ യൂറോ കപ്പില്‍ പരിക്ക് മൂലം താരത്തിന് കളിക്കാന്‍ സാധിച്ചില്ല. 

എന്നാല്‍ 2018ലെ ലോകകപ്പ് ടീമില്‍ താരം ഇടം പിടിച്ചു. ആ വര്‍ഷം ലോകകപ്പിനു പുറമേ ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ മഡ്രിഡ് ടീമിലും വരാനെ അംഗമായിരുന്നു. ഒരേ വര്‍ഷം തന്നെ ലോകകപ്പ് ജേതാവും ചാമ്പ്യന്‍സ് ലീഗ് ജേതാവുമാകുന്ന നാലാമത്തെ മാത്രം താരമായി വരാനെ മാറി. 2020-21 യുവേഫ നാഷന്‍സ് ലീഗും നേടിയ ഫ്രാന്‍സ് ടീമിലും വരാനെ അംഗമായിരുന്നു. രാജ്യത്തിനായി 93മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം അഞ്ച് ഗോളുകളും നേടി.

'നമ്മുടെ മനോഹരമായ രാജ്യത്തെ ഒരു ദശാബ്ദം പ്രതിനിധീകരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഓരോ തവണയും നീല ജേഴ്‌സി അണിയുമ്പോള്‍ വലിയ അഭിമാന ബോധമുണ്ടായിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങുന്ന ഓരോ സമയത്തും ഹൃദയം കൊണ്ട് കളിച്ച് എല്ലാം നല്‍കുക എന്നതായിരുന്നു എന്റെ ഉള്ളില്‍ നിറയെ. കുറച്ചു മാസമായി ഞാന്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു. ഫ്രാന്‍സ് ജേഴ്‌സി അഴിക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് ഇപ്പോള്‍ തീരുമാനിച്ചു'- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com