ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകന്‍; ഇയാന്‍ മോര്‍ഗന്‍ വിരമിച്ചു

022 ജൂലൈയില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു
ലോകകപ്പ് ട്രോഫിയുമായി മോർ​ഗൻ/ എഎഫ്പി
ലോകകപ്പ് ട്രോഫിയുമായി മോർ​ഗൻ/ എഎഫ്പി

ലണ്ടന്‍: മുന്‍ നായകനും ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിക്കുകയും ചെയ്ത ഇയാന്‍ മോര്‍ഗന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇതിഹാസ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 16 വര്‍ഷം നീണ്ട സമ്മോഹനമായ കരിയറിനാണ് 36കാരനായ മോര്‍ഗന്‍ വിരാമം കുറിക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം വ്യക്തമാക്കി. 2022 ജൂലൈയില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 

2019ല്‍ മോര്‍ഗന്റെ നായക മികവിലാണ് ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനായും ഇംഗ്ലണ്ടിനായും അന്താരാഷ്ട്ര മത്സരം കളിച്ച താരം എന്ന പ്രത്യേകതയും മോര്‍ഗനുണ്ട്. ഏഴര വര്‍ഷം ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റ് നായകനായിരുന്നു മോര്‍ഗന്‍. ഇംഗ്ലണ്ടിനൊപ്പം ടി20 ലോകകപ്പ് കിരീടം നേടാനും മോര്‍ഗന് സാധിച്ചിട്ടുണ്ട്. അയര്‍ലന്‍ഡിനായി 2006ല്‍ അരങ്ങേറ്റം നടത്തിയ മോര്‍ഗന്‍ 2009ലാണ് ഇംഗ്ലണ്ടിനായി കളിക്കാന്‍ തുടങ്ങിയത്. 

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരം ലോകത്തെ വിവിധ ടി20 ലീഗുകളില്‍ സജീവമായിരുന്നു. ഈയിടെ അവസാനിച്ച സൗത്ത് ആഫ്രിക്ക ടി20 ലീഗില്‍ പാള്‍ റോയല്‍സിനായി മോര്‍ഗന്‍ കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 128 റണ്‍സ് താരം അടിച്ചെടുത്തു. 64 റണ്‍സാണ് മികച്ച സ്‌കോര്‍. കഴിഞ്ഞ വര്‍ഷം അബുദാബി ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെയും ഭാഗമായി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന മോര്‍ഗന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്ക് വേണ്ടിയും കളിച്ചു. 

'ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന കാര്യം അഭിമാനപൂര്‍വം അറിയിക്കുന്നു. ക്രിക്കറ്റിനോട് വിട പറയാന്‍ പറ്റിയ സമയമിതാണെന്ന് എനിക്ക് തോന്നുന്നു. ഇത്രയും വര്‍ഷം എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി'- വിരമിക്കല്‍ കുറിപ്പില്‍ മോര്‍ഗന്‍ വ്യക്തമാക്കി.

248 ഏകദിനത്തില്‍ നിന്ന് 7701 റണ്‍സും 115 ടി 20 മത്സരങ്ങളില്‍ നിന്ന് 2458 റണ്‍സും നേടിയ മോര്‍ഗന്‍ 16 ടെസ്റ്റില്‍ നിന്ന് 700 റണ്‍സും അടിച്ചെടുത്തു. ആഭ്യന്തര ട്വന്റി 20യില്‍ ഏറെ ശോഭിച്ച മോര്‍ഗന്‍ 374 മത്സരങ്ങളില്‍ നിന്ന് 7780 റണ്‍സാണ് അടിച്ചെടുത്തത്. ഏകദിനത്തില്‍ 148 റണ്‍സും ടെസ്റ്റില്‍ 130 റണ്‍സും ടി20യില്‍ 91 റണ്‍സുമാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും നേടി. ഏകദിനത്തില്‍ 14 സെഞ്ച്വറിയും 47 അര്‍ധ ശതകവും നേടി. ടി20യില്‍ 14 അര്‍ധ സെഞ്ച്വറികള്‍ മോര്‍ഗന്റെ അക്കൗണ്ടിലുണ്ട്. 

ഇംഗ്ലണ്ടിന്റെ ഏക്കാലത്തേയും മികച്ച വൈറ്റ് ബോള്‍ നായകനായാണ് മോര്‍ഗന്‍ പരിഗണിക്കപ്പെടുന്നത്. 126 ഏകദിനങ്ങളില്‍ ടീമിനെ നയിച്ച മോര്‍ഗന്‍ 76 വിജയങ്ങള്‍ നേടി. 72 ടി20യില്‍ ഇംഗ്ലണ്ട് നായകനായ മോര്‍ഗന്‍ 42 വിജയങ്ങള്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com