ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെസി കളിക്കുമോ? പിഎസ്ജിക്ക് ബയേണ്‍ പരീക്ഷ; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും

പരിക്കിന്റെ പിടിയിലുള്ള അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി ഇന്ന് കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളുടെ ആവേശത്തിലേക്ക് ഫുട്‌ബോള്‍ ലോകം. നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ തീപ്പാറും മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ഇന്ന് ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പന്‍മാരും സൂപ്പര്‍ താരനിരയുമുള്ള പാരിസ് സെന്റ് ജെര്‍മെയ്ന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കുമായി ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാന്‍ ഇംഗ്ലീഷ് കരുത്തര്‍ ടോട്ടനം ഹോട്‌സ്പറുമായി ഏറ്റുമുട്ടും. 

പിഎസ്ജി- ബയേണ്‍ പോരാട്ടമാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഹൈ വോള്‍ട്ടേജ് പോരാട്ടം. പരിക്കിന്റെ പിടിയിലുള്ള അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി ഇന്ന് കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കിലിയന്‍ എംബാപ്പെയും പരിക്കേറ്റ് കഴിഞ്ഞ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. താരവും ഇറങ്ങുമെന്ന് ഉറപ്പായിട്ടില്ല. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് പോരാട്ടം. 

ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോയോട് കഴിഞ്ഞ ദിവസം പരാജയമേറ്റു വാങ്ങിയാണ് പിഎസ്ജി എത്തുന്നത്. പരിശീലകന്‍ ക്രിസ്റ്റഫ് ഗാല്‍റ്റിയറെ സംബന്ധിച്ച് ഏറെ തല പുകയ്‌ക്കേണ്ട സ്ഥിതിയാണ് നിലവില്‍. മെസിയേയും എംബാപ്പെയേയും നിലവില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും അന്തിമ ഇലവനിലേക്ക് എത്തുമോ എന്ന കാര്യം പക്ഷേ ഉറപ്പായിട്ടില്ല. മെസി, എംബാപ്പെ എന്നിവര്‍ക്കൊപ്പം മാര്‍ക്കോ വെറാറ്റി, റെനാറ്റോ സാഞ്ചസ് എന്നിവര്‍ക്കും പരിക്കിന്റെ വേവലാതികളുണ്ട്. 

പൂര്‍ണ ഫിറ്റ്‌നസുമായി നെയ്മര്‍ കളിക്കുന്നുണ്ടെങ്കിലും താരത്തിന്റെ ഫോമിലാണ് പരിശീലകന് ആശങ്ക. സുപ്രധാന മത്സരങ്ങളില്‍ താരം മികവിലേക്ക് എത്താറുണ്ടെന്നതാണ് ഗാല്‍റ്റിയര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം. 

മെസിയും എംബാപ്പെയും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. വെറാറ്റിയുടെ അഭാവം പിഎസ്ജിയുടെ മധ്യനിരയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. 

മറുഭാഗത്ത് ബയേണ്‍ മ്യൂണിക്ക് തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ ആറില്‍ ആറ് മത്സരവും വിജയിച്ചാണ് ജൂലിയന്‍ നാഗല്‍സ്മാനും സംഘവും വരുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ബുണ്ടസ് ലീഗയില്‍ തുടരെ മൂന്ന് സമനിലകളില്‍പ്പെട്ടെങ്കിലും പിന്നീട് വിജയ വഴിയില്‍ അവര്‍ തിരിച്ചെത്തി. അവസാന മൂന്ന് മത്സരങ്ങളില്‍ 11 ഗോളുകള്‍ നേടിയാണ് ബയേണ്‍ മികവ് തുടര്‍ന്നത്. 

പ്രതിരോധത്തിലെ പ്രശ്‌നങ്ങളും പിഎസ്ജിക്ക് തലവേദനയാണ്. പ്രതിരോധത്തില്‍ താരങ്ങള്‍ നിരന്തരം പരാജയപ്പെടുമ്പോള്‍ പലപ്പോഴും ഗോള്‍ കീപ്പര്‍ ഡൊണാരുമയാണ് അവരുടെ രക്ഷക്കെത്തുന്നത്. 

ഗോളടിച്ചും അടിപ്പിച്ചും മിന്നും ഫോമില്‍ കളിക്കുന്ന ജമാല്‍ മുസിയാലയുടെ സാന്നിധ്യമാണ് ബയേണിനെ വേറിട്ട് നിര്‍ത്തുന്ന ഘടകം. ഭാവിയിലെ മെസിയെന്ന് ഫുട്‌ബോള്‍ ലോകം വാഴ്ത്തുന്ന താരം ഇന്ന് മെസിക്കെതിരെ കളിക്കുന്നത് കാണാനും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com