യുവന്റസിനെ അടപടലം തകര്‍ത്ത് നാപ്പോളി; വലയില്‍ അഞ്ച് ഗോളുകള്‍; ലക്ഷ്യം മറഡോണ യുഗത്തിന് ശേഷം ആദ്യ കിരീടം

വിക്ടര്‍ ഒസിമെന്‍ നാപ്പോളിക്കായി ഇരട്ട ഗോളുകള്‍ നേടി
നാപ്പോളിയുടെ വിക്ടര്‍ ഒസിമെന്‍ ​ഗോൾ നേടുന്നു/ എഎഫ്പി
നാപ്പോളിയുടെ വിക്ടര്‍ ഒസിമെന്‍ ​ഗോൾ നേടുന്നു/ എഎഫ്പി

മിലാന്‍: മറഡോണ യുഗത്തിന് ശേഷം സീരി എ കിരീടം നേടിയിട്ടില്ലെന്ന കുറവ് ഇത്തവണ തീര്‍ക്കുമെന്നുറച്ച നാപ്പോളി, ഈ സീസണിലെ മുന്നേറ്റം തുടരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ യുവന്റസിനെ അടപടലം തകര്‍ത്ത് മറ്റൊരു വമ്പന്‍ ജയം കൂടി അവര്‍ സ്വന്തമാക്കി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നാപ്പോളി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 

സീസണ്‍ തുടക്കത്തില്‍ തപ്പിത്തടഞ്ഞ യുവന്റസ് പിന്നീട് മികവിലേക്ക് എത്തിയിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും അവര്‍ അതിവേഗം കടന്നെത്തി. പ്രതിരോധം ശക്തമാക്കി ഗോള്‍ ഒന്നും വഴങ്ങാതെ അവസാന ആഴ്ചകളില്‍ മുന്നേറിയ അവര്‍ക്ക് പക്ഷേ മറഡോണയുടെ സ്മരണ പേറുന്ന നാപ്പോളിയുടെ ഹോം മൈതാനത്ത് എല്ലാ പിഴയ്ക്കുന്ന കാഴ്ചയായിരുന്നു. ഈ മത്സരത്തിനു മുന്‍പ്
സീസണില്‍ യുവന്റസ് ആകെ ഏഴ് ഗോളുകളെ വഴങ്ങിയിരുന്നുള്ളൂ.

വിക്ടര്‍ ഒസിമെന്‍ നാപ്പോളിക്കായി ഇരട്ട ഗോളുകള്‍ നേടി. ഖ്വിച ക്വരറ്റ്‌സ്‌കേലിയ, അമിര്‍ റഹ്മാനി, എലിഫ് എല്‍മസ് എന്നിവരും നാപ്പോളിക്കായി വല കുലുക്കി. യുവന്റസിന്റെ ആശ്വാസ ഗോള്‍ എയ്ഞ്ചല്‍ ഡി മരിയ നേടി. 

മത്സരത്തിന്റെ 14ാം മിനിറ്റില്‍ ഒസിമെനിലൂടെ നാപ്പോളി ലീഡെടുത്തു. 39ാം മിനിറ്റില്‍ ക്വരറ്റ്‌സ്‌കേലിയ ലീഡുയര്‍ത്തി. പിന്നാലെ ഡി മരിയ യുവന്റസിനായി വല ചലിപ്പിച്ച് ലീഡ് കുറച്ചു. 

രണ്ടാം പകുതിയില്‍ കളി പൂര്‍ണമായും നാപ്പോളി സ്വന്തം വരുതിയില്‍ നിര്‍ത്തി. ഇട വേളകളില്‍ മൂന്ന് വട്ടം കൂടി അവര്‍ വല ചലിപ്പിച്ചതോടെ യുവന്റസിന്റെ പതനം പൂര്‍ണം. 55ാം മിനിറ്റില്‍ അനിര്‍ റഹ്മാനിയിലൂടെ നാപ്പോളിയുടെ മൂന്നാം ഗോള്‍. ആ ക്ഷീണം തീരും മുമ്പ് ഒസിമെന്‍ വീണ്ടും വല കുലുക്കി. 72ാം മിനിറ്റില്‍ എല്‍മസിന്റെ ഗോളും വന്നു.

ജയത്തോടെ നാപ്പോളി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. അവര്‍ക്ക് നിലയില്‍ 47 പോയിന്റുകളുണ്ട്. രണ്ടാമതുള്ള എസി മിലാനും മൂന്നാം സ്ഥാനത്തുള്ള യുവന്റസിനും 37 വീതം പോയിന്റുകള്‍. ഇതില്‍ മിലാന്‍ യുവന്റസിനേക്കാള്‍ ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളു. അടുത്ത പോര് ജയിച്ചാല്‍ മിലാന്‍ രണ്ടാം സ്ഥാനത്ത് 40 പോയിന്റുമായി സുരക്ഷിതമായി നില്‍ക്കാം. 

 ഒന്നാമതുള്ള നാപോളിയും രണ്ടാമതുള്ള യുവന്റ്‌സും തമ്മിലുള്ള പോയിന്റ് വ്യത്യാസം 10 ആയി ഉയര്‍ത്തി. നാപോളി 47 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com