അമോല്‍ മജുംദാര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ ജോണ്‍ ലൂയിസ്, ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ പരിശീലകന്‍ കൂടിയായിരുന്ന തുഷാര്‍ അരോതെ എന്നിവരാണ് അന്തിമ പട്ടികയിലെത്തിയ മറ്റുള്ളവര്‍
അമോല്‍ മജുംദാര്‍/ ട്വിറ്റര്‍
അമോല്‍ മജുംദാര്‍/ ട്വിറ്റര്‍

മുംബൈ: ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലെ അതികായനും വിവിധ ടീമുകളുടെ പരിശീലകനുമായ അമോല്‍ മജുംദാര്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്. ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖം കഴിഞ്ഞ ദിവസം നടന്നിരുന്നു. മജുംദാര്‍ അടക്കം മൂന്ന് പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. 

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ ജോണ്‍ ലൂയിസ്, ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ പരിശീലകന്‍ കൂടിയായിരുന്ന തുഷാര്‍ അരോതെ എന്നിവരാണ് അന്തിമ പട്ടികയിലെത്തിയ മറ്റുള്ളവര്‍. 2022 ഡിസംബറില്‍ രമേഷ് പൊവാര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനമൊഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് മജുംദാര്‍ എത്തുന്നത്. 

ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി ഏതാണ്ട് ഒന്നര മണിക്കൂറോളം നടത്തിയ അഭിമുഖത്തിനു ശേഷമാണ് അമോല്‍ മജുംദാറിനെ ചുമതലയേല്‍പ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. വനിതാ ടീമിന്റെ ഭാവി സംബന്ധിച്ച് കൃത്യവും വ്യക്തവുമായ കാഴ്ചപ്പാട് മജുംദാറിനുണ്ടെന്നു അധികൃതര്‍ വ്യക്തമാക്കി. 

മുംബൈ രഞ്ജി ടീമിന്റെ കോച്ചിന്റെ സ്ഥാനത്തു നിന്നാണ് മജുംദാര്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥാനത്തേക്ക് വരുന്നത്. നേരത്തെ ദക്ഷിണാഫ്രിക്ക, രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ടീമുകളുടെ പരിശീലക സംഘത്തിലും മജുംദാര്‍ അംഗമായിരുന്നു. 

ഈ മാസം ഒന്‍പത് മുതല്‍ നടക്കുന്ന ഇന്ത്യന്‍ വനിതാ ടീമിന്റെ ബംഗ്ലാദേശ് പര്യടനമായിരിക്കും അദ്ദേഹത്തിന്റെ ആദ്യ പരീക്ഷണം. രണ്ട് വര്‍ഷത്തെ കരാറിലാണ് മജുംദാര്‍ എത്തുന്നത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പും അദ്ദേഹത്തിന് വെല്ലുവിളിയായി മുന്നിലുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com