91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം! ഒറ്റ ശതകത്തില്‍ യശസ്വി തീര്‍ത്ത നേട്ടങ്ങള്‍...

അരങ്ങേറ്റത്തില്‍ സെഞ്ച്വറി വിദേശത്തു നേടുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമായും യുവ ബാറ്റര്‍ മാറി
യശസ്വി ജയ്‌സ്വാള്‍/ പിടിഐ
യശസ്വി ജയ്‌സ്വാള്‍/ പിടിഐ

റോസോ: ഐപിഎല്ലിലെ മിന്നും ഫോം ഇന്ത്യന്‍ സീനിയര്‍ ടീമിനായി ടെസ്റ്റില്‍ അരങ്ങേറിയപ്പോഴും യശസ്വി ജയ്‌സ്വാള്‍ തുടര്‍ന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേട്ടത്തോടെ താരം അരങ്ങേറ്റം അവിസ്മരണീയമാക്കി. സെഞ്ച്വറി നേട്ടത്തിനൊപ്പം നിരവധി റെക്കോര്‍ഡുകളും താരം എഴുതി ചേര്‍ത്തു. 

അരങ്ങേറ്റ ടെസ്റ്റ് വിദേശത്ത് കളിച്ച് അതില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായി യശസ്വി മാറി. ടെസ്റ്റ് ക്രിക്കറ്റ് ചര്‍ത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു നേട്ടം ഒരു ഇന്ത്യന്‍ താരം നേടുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറെന്ന പെരുമയും യശ്വസി നേടി. നേരത്തെ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവര്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരാണ്. ഇരുവരും ഇന്ത്യയിലാണ് നേട്ടം സ്വന്തമാക്കിയത്. 

അരങ്ങേറ്റത്തില്‍ തന്നെ ശതകം കുറിക്കുന്ന 17ാം ഇന്ത്യന്‍ താരമാണ് യശസ്വി. അരങ്ങേറ്റത്തില്‍ സെഞ്ച്വറി വിദേശത്തു നേടുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ താരമായും യുവ ബാറ്റര്‍ മാറി. 

1959ല്‍ അബ്ബാസ് അലി ബെയ്ഗാണ് ഈ നേട്ടം ആദ്യം നേടിയത്. ഇംഗ്ലണ്ടിലായിരുന്നു താരത്തിന്റെ അരങ്ങേറ്റവും സെഞ്ച്വറി നേട്ടവും. 1976ല്‍ സുരിന്ദര്‍ അമര്‍നാഥ് ന്യൂസിലന്‍ഡില്‍ സെഞ്ച്വറിയടിച്ചു. 1992ല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അരങ്ങേറ്റ സെഞ്ച്വറിയടിച്ച പ്രവീണ്‍ ആംറെ മൂന്നാം സ്ഥാനത്ത്. 1996ല്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഇംഗ്ലീഷ് മണ്ണില്‍ അരങ്ങേറ്റ സെഞ്ച്വറി കുറിച്ചു. 2001ല്‍ വീരേന്ദര്‍ സെവാഗും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സെഞ്ച്വറി നേടി അരങ്ങേറ്റം അവിസ്മരണീയമാക്കി.

21 വയസും 196 ദിവസവും പ്രായമുള്ളപ്പോഴാണ് യശസ്വിയുടെ സെഞ്ച്വറി നേട്ടം. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ താരം നാലാം സ്ഥാനത്ത്. പൃഥ്വി ഷായാണ് ഒന്നാമത്. അബ്ബാസ് അലി രണ്ടാം സ്ഥാനത്തും ഗുണ്ടപ്പ വിശ്വനാഥ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 

നിലവില്‍ 143 റണ്‍സുമായി താരം ബാറ്റിങ് തുടരുകയാണ്. ഇനി മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ശിഖര്‍ ധവാന്റെ പേരിലാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ താരം 187 റണ്‍സ് അടിച്ചതാണ് റെക്കോര്‍ഡ്. ഈ സ്‌കോര്‍ മറികടന്നു റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനുള്ള അവസരവും താരത്തിനുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com