'ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇനി രണ്ട് ദിവസം മാത്രം'- വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്

ഇംഗ്ലണ്ട് ക്രിക്കറ്റ് സംഭാവന ചെയ്ത ഏറ്റവും മികച്ച പേസര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചാണ് സമ്മോഹന കരിയറിന് ബ്രോഡ് വിരാമമിടുന്നത്
സ്റ്റുവർട്ട് ബ്രോഡ്/ ട്വിറ്റർ
സ്റ്റുവർട്ട് ബ്രോഡ്/ ട്വിറ്റർ

ലണ്ടന്‍: 17 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് ആഷസ് പരമ്പരയോടെ അവസാനം കുറിക്കുകയാണെന്നു വ്യക്തമാക്കി ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ആഷസ് പരമ്പരയിലെ മൂന്നാം ദിന പോരാട്ടത്തിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുള്ള ബ്രോഡിന്റെ പ്രഖ്യാപനം. വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും താരത്തിന്റെ പേസ് ബൗളിങിന്റെ കൃത്യതയ്ക്കും മൂര്‍ച്ചയ്ക്കും ഇപ്പോഴും കുറവ് വന്നിട്ടില്ല. 

2007ല്‍ ശ്രീലങ്കക്കെതിരായ പോരാട്ടത്തിലാണ് ബ്രോഡ് ടെസ്റ്റില്‍ അരങ്ങേറിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് സംഭാവന ചെയ്ത ഏറ്റവും മികച്ച പേസര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചാണ് സമ്മോഹന കരിയറിന് ബ്രോഡ് വിരാമമിടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തു ബ്രോഡാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ തികയ്ക്കുന്ന ലോകത്തിലെ രണ്ട് പേസര്‍മാരില്‍ ഒരാളും ബ്രോഡാണ്. ഒന്നാം സ്ഥാനത്ത് ബ്രോഡിന്റെ സീനിയറും സഹ താരവുമായ ജെയിംസ് ആന്‍ഡേഴ്‌സനും.

ആന്‍ഡേഴ്‌സനും ബ്രോഡും ചേര്‍ന്ന സഖ്യം കഴിഞ്ഞ ഒരു ദശകത്തിനു മുകളിലായി ഇംഗ്ലീഷ് പേസിന്റെ കുന്തമുനകളാണ്. ഇരുവരും ചേര്‍ന്നു 1000ത്തിനു മുകളില്‍ വിക്കറ്റുകളാണ് കൊയ്തത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് തവണ ഹാട്രിക്ക് വിക്കറ്റുകള്‍ നേടിയ ഏക ഇംഗ്ലീഷ് പേസറും ബ്രോഡാണ്. ഓസ്‌ട്രേലിയക്കെതിരെയാണ് താരം ഏറ്റവും മികച്ച ബൗളിങ് പുറത്തെടുത്തത്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന 2015ല്‍ നടന്ന ഓസീസിനെതിരായ ടെസ്റ്റ് പോരാട്ടത്തില്‍ 15 റണ്‍സ് മാത്രം വഴങ്ങി എട്ട് വിക്കറ്റുകള്‍ പിഴുതു കൊടുങ്കാറ്റ് വിതച്ച ബൗളിങാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം. 

167 ടെസ്റ്റുകളില്‍ നിന്നു 309 ഇന്നിങ്‌സുകള്‍ കളിച്ചാണ് താരം 602 വിക്കറ്റുകള്‍ നേടിയത്. നാല് വിക്കറ്റ് നേട്ടം 28 തവണയും അഞ്ച് വിക്കറ്റ് നേട്ടം 20 തവണയും 10 വിക്കറ്റ് നേട്ടം മൂന്ന് തവണയും സാധ്യമാക്കി. 121 ഏകദിന മത്സരങ്ങളില്‍ നിന്നു 178 വിക്കറ്റുകള്‍. 23 റണ്‍സിനു അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത് മികച്ച പ്രകടനം. 56 ടി20 മത്സരങ്ങളില്‍ നിന്നു 65 വിക്കറ്റുകളും താരം നേടി. 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. 

യുവരാജിന്റെ ആറ് സിക്‌സില്‍ തൂങ്ങിയ കരിയര്‍... 

കരിയറിന്റെ തുടക്ക കാലത്ത് യുവരാജ് സിങ് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തുകള്‍ സിക്‌സര്‍ പറത്തിയിരുന്നു. അതോടെ ബ്രോഡിനെ ക്രിക്കറ്റ് ലോകം എഴുതി തള്ളി. എന്നാല്‍ പിന്നീട് കണ്ട ബ്രോഡ് മറ്റൊരു ലെവല്‍ താരമായിരുന്നു. ഇംഗ്ലണ്ടിന്റെ പില്‍ക്കാല ചരിത്ര വിജയങ്ങളില്‍ പേസര്‍ തന്റെ മികവിന്റെ മുദ്രകള്‍ പതിപ്പിക്കുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.

'അടുത്ത രണ്ട് ദിവസം കൂടിയെ ഞാന്‍ ക്രിക്കറ്റ് കളത്തിലുണ്ടാകു. ഇത് എന്റെ അവസാന പോരാട്ടമാണ്. അത്ഭുതപ്പെടുത്തുന്ന യാത്രയായിരുന്നു. ഇംഗ്ലണ്ടിന്റേയും നോട്ടിങ്ഹാംഷെയറിന്റെയും ബാഡ്ജ് ധരിച്ചത് വലിയ പദവിയാണ്.' 

'എല്ലായ്‌പ്പോഴും ഏറ്റവും മികച്ച രീതിയില്‍ അവസാനിപ്പിക്കാനാണ് ഞാന്‍ കളത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഈ ആഷസ് ഏറ്റവും അധികം ആസ്വദിച്ച് കളിച്ച പരമ്പരയാണ്.' 

'കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നു. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പോരാട്ടം എന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ പരകോടിയിലെ പോരാട്ടമാണ്. അതിനാല്‍ ഓസ്‌ടേലിയക്കെതിരായ പോരാട്ടങ്ങള്‍ എന്നെ സംബന്ധിച്ചും ടീമിനെ സംബന്ധിച്ചും വലിയ ആവേശം നല്‍കുന്നതാണ്. ആഷസ് പരമ്പരയോടു എനിക്ക് അതിയായ പ്രണയമാണ്. എന്റെ കരിയര്‍ അവസാനിക്കേണ്ടത് ആഷസില്‍ ബാറ്റും ബോളും ചെയ്തായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു'- വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രോഡ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com