എംബാപ്പെയും പിഎസ്ജി വിടുന്നു; കരാര്‍ പുതുക്കില്ലെന്ന് സൂപ്പര്‍ താരം; ക്ലബിന് മുന്നില്‍ രണ്ട് വഴികള്‍ മാത്രം

നിലവില്‍ ജൂലൈ 31 വരെ കരാര്‍ നീട്ടാനുള്ള സമയം എംബാപ്പെയ്ക്കുണ്ടായിരുന്നു. അതിനിടെയാണ് താരം തന്റെ നിലപാട് ക്ലബിനെ അറിയിച്ചത്
കിലിയന്‍ എംബാപ്പെ/ എഎഫ്പി
കിലിയന്‍ എംബാപ്പെ/ എഎഫ്പി

പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും പാരിസ് സെന്റ് ജെര്‍മെയ്ന്‍ വിടുന്നു. കരാര്‍ നീട്ടാന്‍ താത്പര്യമില്ലെന്ന് താരം ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പിഎസ്ജിയുടെ അധികൃതരെ രേഖാമൂലം അറിയിച്ചു. നിലവില്‍ എംബാപ്പെയുമായി 2024 വരെയാണ് ടീമിന് കരാറുള്ളത്. താരത്തിനു ഒരു വര്‍ഷത്തേക്ക് കൂടി വേണമെങ്കില്‍ കരാര്‍ നീട്ടാം. എന്നാല്‍ കരാര്‍ നീട്ടുന്നില്ലെന്ന് താരം വ്യക്തമാക്കി. 

താരം കരാര്‍ നീട്ടാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് ഓപ്ഷനുകള്‍ മാത്രമാണ് ഇനി ക്ലബിന് മുന്നിലുള്ളത്. ഒന്നുകില്‍ ഈ സീസണ്‍ കൂടെ താരത്തെ ടീമില്‍ നിലനിര്‍ത്തുക. അങ്ങനെ വന്നാല്‍ അടുത്ത സീസണില്‍ താരം ഫ്രീ ഏജന്റാകും. ഇതൊഴിവാക്കാനാണ് ടീം തീരുമാനിക്കുന്നതെങ്കില്‍ താരത്തെ ക്ലബ് വില്‍ക്കും. യൂറോപ്പിലെ വമ്പന്‍മാര്‍ താരത്തിനായി രംഗത്തുണ്ടാകുമെന്നു ഉറപ്പായതിനാല്‍ വന്‍ തുകയാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. 

നിലവില്‍ ജൂലൈ 31 വരെ കരാര്‍ നീട്ടാനുള്ള സമയം എംബാപ്പെയ്ക്കുണ്ടായിരുന്നു. അതിനിടെയാണ് താരം തന്റെ നിലപാട് ക്ലബിനെ അറിയിച്ചത്. 

അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി ഈ സീസണോടെ ക്ലബ് വിട്ടിരുന്നു. മറ്റൊരു സൂപ്പര്‍ താരം നെയ്മറും ടീമില്‍ നിന്നു പുറത്തു പോകാനുള്ള ഒരുക്കത്തിലാണ്. പിന്നാലെയാണ് എംബാപ്പെ കരാര്‍ നീട്ടുന്നില്ലെന്ന് വ്യക്തമാക്കിയത്. 

മെസി, നെയ്മര്‍ എന്നിവരെ നഷ്ടപ്പെടുന്നതു പോലെയല്ല എംബാപ്പെയുടെ പടിയിറക്കം ടീമിനെ ബാധിക്കുന്നത്. ഫ്രഞ്ച് ദേശീയ ടീമിലെ നിര്‍ണായക താരമാണ് എംബാപ്പെ. അതിനാല്‍ തന്നെ ഒരു ദേശീയ ഐക്കണ്‍ കൂടിയായ താരത്തെ നഷ്ടപ്പെടുത്തുന്നത് പിഎസ്ജിക്ക് വന്‍ തിരിച്ചടിയാണ്. 

നാളെയുടെ ഫുട്‌ബോള്‍ താരമെന്ന നിലയില്‍ ഗണിക്കപ്പെടുന്ന താരമാണ് എംബാപ്പെ. ലയണ്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് ശേഷം ലോക ഫുട്‌ബോള്‍ അടക്കി ഭരിക്കുമെന്ന് കണക്കാക്കപ്പെടുന്ന താരം കൂടിയാണ് എംബാപ്പെ. 2017ല്‍ മൊണാക്കോയില്‍ നിന്നാണ് എംബാപ്പെയെ പിഎസ്ജി ടീമിലെത്തിച്ചത്. 

2021ല്‍ റയല്‍ മാഡ്രിഡ് വന്‍ തുക ഓഫര്‍ ചെയ്ത് താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിഎസ്ജി താരത്തെ വില്‍ക്കില്ലെന്നു വ്യക്തമാക്കി. പിന്നാലെ എംബാപ്പെ കരാര്‍ 2024 വരെ നീട്ടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com