ലബുഷെയ്ന്‍, സ്മിത്ത്, ഹെഡ്ഡ്; ആദ്യ മൂന്ന് റാങ്കിലും ഓസീസ് താരങ്ങള്‍; ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വത വീണ്ടും

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഒരു ടീമിലെ മൂന്ന് താരങ്ങള്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നത്
ലബുഷെയ്ൻ, സ്മിത്ത്, ഹെഡ്ഡ്/ ട്വിറ്റർ
ലബുഷെയ്ൻ, സ്മിത്ത്, ഹെഡ്ഡ്/ ട്വിറ്റർ

ദുബൈ: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങിലെ ആദ്യ മൂന്ന് സ്ഥാനവും ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ പങ്കിട്ടപ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അപൂര്‍വത ആവര്‍ത്തിക്കപ്പെട്ടു. ഒന്നാം റാങ്കില്‍ മര്‍നെസ് ലബുഷെയ്‌നും രണ്ടാം റാങ്കില്‍ സ്റ്റീവ് സ്മിത്തും മൂന്നാം റാങ്കില്‍ ട്രാവിസ് ഹെഡ്ഡുമാണ് എത്തിയത്. 

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഒരു ടീമിലെ മൂന്ന് താരങ്ങള്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നത്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിന്റെ സുവര്‍ണ സംഘമാണ് ഇത്തരമൊരു നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 1984 ഡിസംബറില്‍ ഐസിസിസി പ്രഖ്യാപിച്ച റാങ്കിങില്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ക്ലൈവ് ലോയ്ഡ്, ലാറി ഗോമസ് എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകള്‍ നേടിയ ഒരേ ടീമിന്റെ താരങ്ങള്‍. അതിനു ശേഷം ഇപ്പോഴാണ് ഇത്തരത്തില്‍ വരുന്നത്. 

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ച്വറി നേടിയതോടെ ഹെഡ്ഡ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ 163 റണ്‍സെടുത്ത താരം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് മൂന്നാം റാങ്കിലേക്ക് എത്തിയത്. ആദ്യ പത്തില്‍ മറ്റൊരു ഓസീസ് താരം കൂടിയുണ്ട്. ഒന്‍പതാം സ്ഥാനത്തുള്ള ഉസ്മാന്‍ ഖവാജ. 

പരിക്കേറ്റ് വിശ്രമിക്കുന്ന ഋഷഭ് പന്താണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്റര്‍. പത്താം സ്ഥാനത്താണ് പന്ത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 12ാം സ്ഥാനത്തും വിരാട് കോഹ്‌ലി 13ാം സ്ഥാനത്തും തുടരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com