'ആദ്യ ചാട്ടം തന്നെ ലക്ഷ്യത്തില്‍'- മുരളി ശ്രീശങ്കറിന് ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് യോഗ്യത

യോഗ്യതാ റൗണ്ടിലെ ആദ്യ ചാട്ടത്തില്‍ തന്നെ മുരളി ശ്രീശങ്കര്‍ 8.41 മീറ്റര്‍ താണ്ടി. ഇതോടെയാണ് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത ഉറപ്പിച്ചത്
മുരളി ശ്രീശങ്കര്‍/ ട്വിറ്റർ
മുരളി ശ്രീശങ്കര്‍/ ട്വിറ്റർ

ഭുവനേശ്വര്‍: ഇന്ത്യന്‍ പ്രതീക്ഷയും മലയാളി ലോങ് ജംപ് താരവുമായ മുരളി ശ്രീശങ്കര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത സ്വന്തമാക്കി. ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ ദൂരം പിന്നിട്ടത്. ഇതിനൊപ്പം ഏഷ്യന്‍ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കര്‍ ഉറപ്പിച്ചു. ഏഷ്യന്‍ ഗെയിംസിന് 7.95 മീറ്ററും ലോക ചാമ്പ്യന്‍ഷിപ്പിനു 8.25 മീറ്ററുമാണ് ചാടേണ്ടത്.

യോഗ്യതാ റൗണ്ടിലെ ആദ്യ ചാട്ടത്തില്‍ തന്നെ മുരളി ശ്രീശങ്കര്‍ 8.41 മീറ്റര്‍ താണ്ടി. ഇതോടെയാണ് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത ഉറപ്പിച്ചത്. അതേസമയം നിലവിലെ ദേശീയ റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റാത്തതിന്റെ നിരാശയും താരം പ്രകടിപ്പിച്ചു. ജെസ്‌വിന്‍ അല്‍ഡ്രിന്‍ സ്ഥാപിച്ച 8.42 മീറ്ററാണ് ദേശീയ റെക്കോര്‍ഡ്. യോഗ്യതാ പോരാട്ടത്തില്‍ ജെസ്‌വിന്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. താരം 7.83 മീറ്റര്‍ കടന്നു.

സീസണില്‍ മികച്ച നേട്ടങ്ങളുമായാണ് മുരളി ശ്രീശങ്കര്‍ മുന്നേറുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം പാരിസ് ഡയമണ്ട് ലീഗില്‍ ഇതേഇനത്തില്‍ വെങ്കലം നേടി ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ പുതിയ ചരിത്രം എഴുതിയത്. 8.09 ദൂരം താണ്ടിയാണ് ഈ പോരാട്ടത്തില്‍ മെഡല്‍ നേടുന്ന ഇന്ത്യയുടെ ആദ്യ ലോങ് ജംപറായി താരം മാറിയത്. 

ഈ പോരാട്ടത്തിൽ മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം അത്‍ലറ്റായും മുരളി ശ്രീശങ്കർ മാറി. നേരത്തെ ഡിസ്കസ് ത്രോയിൽ വികാസ് ​ഗൗഡയും ജാവലിൻ ത്രോയിൽ നിലവിലെ ഒളിംപിക്സ് ചാമ്പ്യൻ നീരജ് ചോപ്രയുമാണ് ഡമണ്ട് ലീ​ഗിൽ മെഡൽ നേടിയത്. കോമൺവെൽത്ത് ​ഗെയിംസിൽ വെള്ളി നേടിയും ശ്രീശങ്കർ ചരിത്രമെഴുതിയിരുന്നു.

ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് യോ​ഗ്യതാ പോരാട്ടത്തിന്റെ ഗ്രൂപ്പില്‍ മറ്റൊരു മലയാളി താരവും മാറ്റുരച്ചു. മൂന്നാം സ്ഥാനത്തെത്തി ഫൈനലുറപ്പിച്ച മുഹമ്മദ് അനീസ് യഹിയ. താരം 7.71 മീറ്റര്‍ താണ്ടി. മൂവരുമടക്കം 12 താരങ്ങള്‍ നാളെ നടക്കുന്ന ഫൈനലിന് യോഗ്യത നേടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com