ആദ്യം പുരുഷ ടീം, പിന്നാലെ വനിതകളും; ആഷസില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ

വനിതാ ആഷസില്‍ ഒറ്റ ടെസ്റ്റ് മാത്രമാണുള്ളത്. അതിനാല്‍ തന്നെ വനിതാ ആഷസ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കി
ഓസ്ട്രേലിയൻ വനിതാ ടീം/ ട്വിറ്റർ
ഓസ്ട്രേലിയൻ വനിതാ ടീം/ ട്വിറ്റർ

ലണ്ടന്‍: പുരുഷന്‍മാര്‍ക്ക് പിന്നാലെ വനിതാ ആഷസ് പോരാട്ടത്തിലും ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്‌ട്രേലിയ. 89 റണ്‍സിന്റെ വിജയമാണ് ഓസീസ് വനിതകള്‍ സ്വന്തമാക്കിയത്. 268 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് വനിതകളുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 178 റണ്‍സില്‍ അവസാനിച്ചു.

വനിതാ ആഷസില്‍ ഒറ്റ ടെസ്റ്റ് മാത്രമാണുള്ളത്. അതിനാല്‍ തന്നെ വനിതാ ആഷസ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കി.  

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 473 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് അതേനാണയത്തില്‍ തന്നെ തിരിച്ചടിച്ചു. അവരുടെ ഒന്നാം ഇന്നിങ്‌സ് 463 റണ്‍സില്‍ അവസാനിച്ചു. പത്ത് റണ്‍സ് ലീഡ് മാത്രമായിരുന്നു ഓസ്‌ട്രേലിയക്ക്. രണ്ടാം ഇന്നിങ്‌സില്‍ അവരുടെ പോരാട്ടം 257 റണ്‍സില്‍ അവസാനിപ്പിക്കാനും ഇംഗ്ലണ്ടിനായി. പക്ഷേ ഓസീസ് വനിതകള്‍ മികവില്‍ പന്തെറിഞ്ഞതോടെ ഇംഗ്ലണ്ടിനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 

രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റുകള്‍ പിഴുത ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നറുടെ മാരക ബൗളിങാണ് ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഗാര്‍ഡ്‌നര്‍ മത്സരത്തിലാകെ 12 വിക്കറ്റുകള്‍ വീഴ്ത്തി. 

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് സെഞ്ച്വറിയുമായി (137) പുറത്താകാതെ നിന്നു. എല്ലിസ് പെറി 99 റണ്‍സെടുത്തു. 

ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടി ഓപ്പണര്‍ ടാമ്മി ബ്യുമോണ്ടാണ് ഇംഗ്ലണ്ടിന് കരുത്തായി നിന്നത്. താരം 208 റണ്‍സാണ് കണ്ടെത്തിയത്. 

രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റിലാകെ പത്ത് വിക്കറ്റുകള്‍ താരം നേടി. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ അലിസ ഹീലി (50)യും ഇംഗ്ലണ്ടിനായി ഡാനി വ്യാറ്റും (54) മാത്രമാണ് തിളങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com