ബ്ലാസ്റ്റേഴ്സിനെ വിലക്കുമോ? വിവാദ ഫ്രീ കിക്കിന്റെ ബാക്കി...

കളത്തിലെ നാടകീയ സംഭവങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ തുടരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബം​ഗളൂരു: ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് ഇന്നലെ ബം​ഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ കണ്ടത്. എക്സ്ട്രാ ടൈമിന്റെ 96ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് ബം​ഗളൂരു എഫ്സി താരം സുനിൽ ഛേത്രി നിമിഷ നേരം കൊണ്ട് ​ഗോളാക്കി മാറ്റുന്നു. അപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറായി നിന്നിരുന്നില്ല. പോസ്റ്റിൽ ​ഗോളിയും ഉണ്ടായിരുന്നില്ല.

പക്ഷേ റഫറി ​ഗോൾ അനുവദിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ റഫറിക്ക് ചുറ്റും നിന്ന് ഏറെ വാദിച്ചു. ഫലമുണ്ടായില്ല. കളി മുഴുമിപ്പിക്കാൻ നിൽക്കാതെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ താരങ്ങളെ മുഴുവൻ പിൻവലിച്ച് ​ഗ്രൗണ്ട് വിട്ടു. ബം​ഗളൂരു പ്ലേ ഓഫ് ജയിച്ച് സെമി ടിക്കറ്റും ഉറപ്പിച്ചു. 

കളത്തിലെ നാടകീയ സംഭവങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ തുടരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർ ഇവാൻ വുകോമനോവിച് എന്ന പരിശീലകന് കൈയടിക്കുന്നു. കോച്ചിന്റെ തീരുമാനമാണ് ശരിയെന്ന് അവർ വാദിക്കുന്നു. ഒരിക്കൽ കൂടി ഐസ്എല്ലിലെ റഫറിയിങ് ചോദ്യം ചിഹ്നമായി നിൽക്കുകയും ചെയ്യുന്നു. തങ്ങൾ അർഹിച്ച വിജയമാണ് സ്വന്തമാക്കിയതെന്ന് ബം​ഗളൂരു കോച്ച് ആണയിടുന്നു. റഫറിയുമായി ചർച്ച ചെയ്താണ് കിക്കെടുത്തതെന്ന് സുനിൽ ഛേത്രിയും വാദിക്കുന്നു. 

ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാൻ ആ ഒരൊറ്റ ഫ്രീ കിക്ക് കാരണമായി മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ഒരുപക്ഷേ വലിയ നടപടികൾ നേരിടേണ്ടി വന്നേക്കാം. ഇത്രയും ഫാൻ ബേസുള്ള ഒരു ടീമിനെതിരെ എന്ത് നടപടിയായിരിക്കും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കൈക്കൊള്ളുക എന്നും കണ്ടറിയണം. 

സംഭവത്തെ കുറിച്ച് മാച്ച് കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സ് നല്‍കുന്ന തെളിവും പരാതിയും അനുസരിച്ചാകും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കുക. ചട്ടപ്രകാരം കനത്ത നടപടി ബ്ലാസ്റ്റേഴ്‌സിനെതിരേ സ്വീകരിച്ചേക്കാം. അങ്ങനെയെങ്കില്‍ ഒരു സീസണ്‍ വിലക്ക് വന്നേക്കാം. അതല്ലെങ്കില്‍ കനത്ത തുക പിഴയായി നല്‍കേണ്ടി വരും. ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയില്‍ കാര്യമുണ്ടെന്ന് കണ്ടാല്‍ മത്സരം വീണ്ടും നടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കാനും സാധ്യത നിലനിൽക്കുന്നു. 

ക്വിക്ക് റീ സ്റ്റാര്‍ട്ടില്‍ കളി വീണ്ടും ആരംഭിച്ചെന്നാണ് ബംഗളൂരുവിന്റെ വാദം. ഫൗള്‍ സംഭവിച്ച് നിമിഷ നേരത്തിനുള്ളില്‍ കളി പുനരാരംഭിക്കുന്നതിനെയാണ് ക്വിക്ക് റീ സ്റ്റാര്‍ട്ട് എന്ന് പറയുന്നത്. ഇത്തരത്തില്‍ മത്സരം വീണ്ടും തുടങ്ങാന്‍ റഫറി വിസില്‍ അടിക്കേണ്ടതില്ല. പക്ഷേ ഈ മത്സരത്തില്‍ ഫൗള്‍ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ വരുന്നത്. ആ സമയത്ത് ഗോള്‍കീപ്പര്‍ പോലും സ്ഥാനം തെറ്റിയാണ് നിന്നിരുന്നത്‌. ഇതാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിക്കാനുള്ള കാരണവും.

ക്വിക്ക് റീസ്റ്റാര്‍ട്ടിലാണ് ഗോള്‍ അനുവദിച്ചത് എന്ന പോയിന്റില്‍ ഊന്നിയാകും മാച്ച് കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് നല്‍കുക. എന്നാല്‍ അങ്ങനെയെല്ലെന്ന് തെളിയിക്കുന്ന വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് ഹാജരാക്കാനും സാധ്യതയുണ്ട്. ലീഗ് റൗണ്ടിലാണ് ഇത്തരത്തില്‍ മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടീം കയറിപ്പോയതെങ്കില്‍ എതിര്‍ ടീമിന് മൂന്ന് ഗോള്‍ വിജയവും മൂന്ന് പോയിന്റുമാണ് അനുവദിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com