അന്റോണിയോ കോണ്ടെ പുറത്ത്; ടോട്ടനത്തെ പരിശീലിപ്പിക്കാന്‍ നാഗല്‍സ്മാന്‍? 

കോണ്ടെയുടെ സഹ പരിശീലകനായി ടീമിലെത്തിയ ക്രിസ്റ്റ്യന്‍ സ്റ്റെല്ലിനിയെ ടീമിന്റെ താത്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്
നാ​ഗൽസ്മാൻ, കോണ്ടെ/ ട്വിറ്റർ
നാ​ഗൽസ്മാൻ, കോണ്ടെ/ ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലക സ്ഥാനത്ത് നിന്നു അന്റോണിയോ കോണ്ടെ പുറത്ത്. ക്ലബുമായുള്ള പരസ്പരണ ധാരണക്കൊടുവിലാണ് കോണ്ടെ പടിയിറങ്ങുന്നത്. വന്‍ പ്രതീക്ഷയില്‍ ടീമിലെത്തിയ കോണ്ടെയ്ക്ക് കീഴില്‍ പക്ഷേ കാര്യമായ നേട്ടങ്ങളൊന്നും ടോട്ടനത്തിന് ഇല്ല. 16 മാസത്തിനൊടുവിലാണ് പരിശീലക കസേര ഒഴിയുന്നത്. 

കോണ്ടെയുടെ സഹ പരിശീലകനായി ടീമിലെത്തിയ ക്രിസ്റ്റ്യന്‍ സ്റ്റെല്ലിനിയെ ടീമിന്റെ താത്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്. പരസ്പര ധാരണ പ്രകാരം കോണ്ടെയുമായി വഴിപിരിയുകയാണെന്ന് ടോട്ടനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

അപ്രതീക്ഷിതമായി ബയേണ്‍ മ്യൂണിക്ക് പുറത്താക്കിയ ജര്‍മന്‍ യുവ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാനെ ടോട്ടനം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണോടെ റയല്‍ മാഡ്രിഡിനോട് വിട പറയാന്‍ ഒരുങ്ങുന്ന കാര്‍ലോസ് ആന്‍സലോട്ടിയുടെ പകരക്കാരനായി നാഗല്‍സ്മാനെ റയലും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 35കാരനായ ജര്‍മന്‍ പരിശീലകന് വേണ്ടി ടോട്ടനം, റയല്‍ ടീമുകള്‍ ശക്തമായി രംഗത്തുണ്ടെന്ന് ചുരുക്കം. 

അതേസമയം ടോട്ടനം നാഗല്‍സ്മാനുമായി ചര്‍ച്ചകള്‍ തുടങ്ങിയതായും വാര്‍ത്തകളുണ്ട്. മൗറീഞ്ഞോയെ പുറത്താക്കിയ ശേഷം 2021ല്‍ തന്നെ നാഗല്‍സ്മാനെ എത്തിക്കാന്‍ ടോട്ടനം ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല. അന്ന് ആര്‍ബി ലെയ്പ്‌സിഗ് പരിശീലകനായിരുന്ന നാഗല്‍സ്മാന്‍ അതിനു ശേഷം ബയേണിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് അന്ന് ടോട്ടനം ശ്രമം ഉപേക്ഷിച്ചത്. ബയേണ്‍ പുറത്താക്കിയ സാഹചര്യത്തില്‍ നാഗല്‍സ്മാന്‍ എത്തുമോ എന്നാണ് ടോട്ടനം ആരാധകര്‍ പ്രതീക്ഷയോടെ നോക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com