ചരിത്രമെഴുതി എര്‍ലിങ് ഹാളണ്ട്; വെസ്റ്റ്ഹാമിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി; കിരീട പ്രതീക്ഷ

പ്രീമിയര്‍ ലീഗില്‍ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്
​ഗോൾ നേടുന്ന ഹാളണ്ട്/ ട്വിറ്റർ
​ഗോൾ നേടുന്ന ഹാളണ്ട്/ ട്വിറ്റർ

ലണ്ടന്‍: ഗോളുകള്‍ അടിച്ചുകൂട്ടി എര്‍ലിങ് ഹാളണ്ട് പ്രീമിയര്‍ ലീഗ് ചരിത്രത്തിലേക്ക് ഓടിക്കയറിയ പോരില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. ആഴ്‌സണിലെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സിറ്റി ഒന്നാം സ്ഥാനത്തേക്ക് വീണ്ടും കയറി. ഒപ്പം കിരീട പ്രതീക്ഷയും സജീവമാക്കി. 

മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ സാധിക്കാതെ സിറ്റി വിയര്‍ത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ഹാളണ്ട്, നതാന്‍ അകെ, ഫില്‍ ഫോഡന്‍ എന്നിവര്‍ സിറ്റിക്കായി വല ചലിപ്പിച്ചു. 

70ാം മിനിറ്റില്‍ വല ചലിപ്പിച്ചതോടെ എര്‍ലിങ് ഹാളണ്ട് പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയമായ റെക്കോര്‍ഡിട്ടു. പ്രീമിയര്‍ ലീഗില്‍ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. 31 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് 35 ഗോളുകളാണ് താരം ഈ സീസണില്‍ വലയിലാക്കിയത്. എല്ലാ ടൂര്‍ണമെന്റുകളിലുമായി ടീമിനു വേണ്ടി ഇത്തവണ 51 ഗോളുകള്‍ താരം നേടി. 

34 ഗോളുകളാണ് പ്രീമിയര്‍ ലീഗിലെ സിംഗിള്‍ സീസണിലെ ഗോള്‍ റെക്കോര്‍ഡ്. അന്‍ഡ്രു കോള്‍, അലന്‍ ഷിയറര്‍ എന്നിവരുടെ പേരിലാണ് ഈ റെക്കോര്‍ഡ്. ഒരു ടീമിന് 42 മത്സരങ്ങളുള്ള സമയത്താണ് ഇരുവരും ഇത്രയും ഗോളുകള്‍ നേടിയത്.

നിലവില്‍ 38 മത്സരങ്ങളാണ് ഒരു ടീമിന് പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ കളിക്കേണ്ടത്. 38 മത്സരങ്ങളുടെ സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ് ലിവര്‍പൂള്‍ താരം മുഹമ്മദ് സലയ്ക്കാണ്. ഈ റെക്കോര്‍ഡ് നേരത്തെ തന്നെ ഹാളണ്ട് മറികടന്നിരുന്നു. സീസണില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ സര്‍വകാല റെക്കോര്‍ഡിലേക്കാണ് നോര്‍വീജിയന്‍ യുവ സ്‌ട്രൈക്കര്‍ കുതിക്കുന്നത്. 

വെസ്റ്റ്ഹാം പ്രതിരോധം പൊളിച്ച് സിറ്റി 

മത്സരത്തിന്റെ 49ാം മിനിറ്റിലാണ് സിറ്റി വെസ്റ്റ്ഹാം പ്രതിരോധം പൊളിച്ചത്. നതാന്‍ അകെ സെറ്റ് പീസില്‍ നിന്ന് ഗോള്‍ കണ്ടെത്തി സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 70ാം മിനിറ്റില്‍ ഹാളണ്ടിന്റെ ഫിനിഷിങില്‍ രണ്ടാം ഗോള്‍. 85ാം മിനിറ്റില്‍ ഫില്‍ ഫോഡനിലൂടെ സിറ്റി പട്ടികയും തികച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com