'ക്യാപ്റ്റനും ഇല്ല, നെറ്റ് ബൗളറും ഇല്ല, എല്ലാവരും ഒരുപോലെ'- ഗുജറാത്ത് ടൈറ്റന്‍സിലെ 'നെഹ്‌റ ഇംപാക്ട്'

താരങ്ങളെയെല്ലാം ഒരേ പോലെ കാണുന്ന, അവരോട് തുല്ല്യ നിലയ്ക്ക് പെരുമാറുന്ന നെഹ്‌റയുടെ മനോഭാവമാണ് ടീമിന്റെ ആണിക്കല്ലെന്ന് വിജയ് പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ആദ്യമായി എത്തി കന്നി വരവില്‍ തന്നെ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് മടങ്ങുമ്പോള്‍ ഡഗൗട്ടില്‍ കരിക്ക് കുടിച്ചു നില്‍ക്കുന്ന മുഖ്യ പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ ചിത്രം ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഇത്തവണയും അവര്‍ സ്വപ്‌ന മുന്നേറ്റം തുടരുകയാണ്. നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമില്‍ നെഹ്‌റ സൃഷ്ടിക്കുന്ന ഇംപാക്ട് എന്താണെന്ന് വ്യക്തമാക്കുകയാണ് ബാറ്റര്‍ വിജയ് ശങ്കര്‍. 

നിരന്തരം ബാറ്റിങില്‍ പരാജയപ്പെട്ട് വന്‍ വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വന്ന വിജയ് ശങ്കര്‍ അതിനെയെല്ലാം തൂത്തെറിഞ്ഞ് ഈ സീസണില്‍ മിന്നും ഫോമില്‍ കളിക്കുകയാണ്. അതിന്റെ എല്ലാ ക്രഡിറ്റും വിജയ് നല്‍കുന്നത് നെഹ്‌റയ്ക്കാണ്. കഴിഞ്ഞ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രം കളിച്ച താരം 19 റണ്‍സാണ് കണ്ടെത്തിയത്. ഇത്തവണ എട്ട് മത്സരങ്ങളില്‍ നിന്ന് 205 റണ്‍സാണ് സമ്പാദ്യം. 

താരങ്ങളെയെല്ലാം ഒരേ പോലെ കാണുന്ന, അവരോട് തുല്ല്യ നിലയ്ക്ക് പെരുമാറുന്ന നെഹ്‌റയുടെ മനോഭാവമാണ് ടീമിന്റെ ആണിക്കല്ലെന്ന് വിജയ് പറയുന്നു. അദ്ദേഹത്തിന്റെ ഡൗണ്‍ ടു എര്‍ത്ത് മനോഭാവം ഗുജറാത്ത് ക്യാമ്പില്‍ മാന്ത്രികത തീര്‍ക്കുകയാണെന്നും വിജയ് ശങ്കര്‍ പറയുന്നു. 

'സത്യസന്ധമായി പറയട്ടെ കഴിഞ്ഞ സീസണിലെ എന്റെ പ്രകടനം വച്ചും എന്നെ ടീമില്‍ നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ നിലപാടാണ് ഈ സീസണിലെ മികവിന്റെ കാരണം. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ ഈ സീസണില്‍ ഞാന്‍ ഈ ടീമില്‍ കളിക്കില്ലായിരുന്നു. ഒരുപാട് മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള നെഹ്‌റ നമുക്ക് എളുപ്പം മനസിലാകുന്ന രീതിയിലാണ് കളിയെക്കുറിച്ച് സംസാരിക്കാറുള്ളത്. കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ച് മനസിലാക്കി തരും.' 

'ടീമിലെ എല്ലാവരും അദ്ദേഹത്തിനെ സംബന്ധിച്ച് തുല്ല്യരാണ്. ക്യാപ്റ്റനായാലും ശരി നെറ്റ് ബൗളറായാലും ശരി എല്ലാവരും തുല്ല്യര്‍. കഴിഞ്ഞ സീസണില്‍ ആദ്യമായി നേരില്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞതും അതു തന്നെയായിരുന്നു. ടീമില്‍ ക്യാപ്റ്റനുമില്ല, നെറ്റ് ബൗളറുമില്ല. എല്ലാവരും ഒരുപോലെ.' 

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് താന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു വിജയ് ശങ്കറിന്റെ മറുപടി. ലോകകപ്പ് ടീമിലെത്തുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും താരം പറയുന്നു. 

'ശരിക്കും പറഞ്ഞാല്‍ അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. കാര്യങ്ങള്‍ എന്നെ സംബന്ധിച്ച് ഇപ്പോഴും അകലെയാണ്. ഇപ്പോഴത്തെ ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം. നിലവില്‍ ഇന്ത്യന്‍ ടീമിലോ ലോകകപ്പ് സ്‌ക്വാഡിലോ എത്തുമെന്ന് സ്വപ്‌നം കാണുന്നില്ല. കാര്യങ്ങള്‍ ശരിയായ പാതയിലാണെങ്കില്‍ അവസരം നിങ്ങളെ തേടിയെത്തിയിരിക്കും'- വിജയ് ശങ്കര്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com