'ഇക്കാര്യത്തില്‍ ഉറപ്പ് എഴുതി നല്‍കണം, എന്നാല്‍ മാത്രം ലോകകപ്പ് കളിക്കാന്‍ ഇന്ത്യയില്‍ വരാം'- സമ്മർദ്ദ നീക്കവുമായി വീണ്ടും പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ടൂര്‍ണമെന്റ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: ഏഷ്യ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച നിലപാട് വേദി തന്നെ അവര്‍ക്ക് നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലേക്ക് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സമ്മര്‍ദ്ദവുമായി പാക് ക്രിക്കറ്റ് അധികൃതര്‍. ഈ വര്‍ഷത്തെ ഏഷ്യ കപ്പും 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും നടക്കേണ്ടത് പാകിസ്ഥാനിലാണ്. ഇന്ത്യന്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലാണ്. ഇതോടെയാണ് പുതിയ സമ്മര്‍ദ്ദവുമായി പാക് ക്രിക്കറ്റ് രംഗത്തെത്തിയത്. 

ഐസിസി ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ടൂര്‍ണമെന്റ്. പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍ ലോകകപ്പ് കളിക്കണമെങ്കില്‍ ബിസിസിഐ തങ്ങള്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പു നല്‍കണമെന്ന പുതിയ ആവശ്യമാണ് പാക് അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

2025ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് വരാമെന്ന് രേഖാമൂലം ഉറപ്പു നല്‍കണമെന്നാണ് പാക് ആവശ്യം. ബിസിസിഐ സെക്രട്ടറി ജെയ് ഷാ ഇക്കാര്യം രേഖാമൂലം എഴുതി നല്‍കണമെന്ന് പാക് ക്രിക്കറ്റ് ചെയര്‍മാന്‍ നജാം സേതി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

ദുബൈയില്‍ വച്ച് നജാം സേതി ഏഷ്യന്‍ കൗണ്‍സില്‍, ഐസിസി അധികൃതരുമായി പാക് പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചര്‍ച്ചയില്‍ ബിസിസിഐ രേഖാമൂലം ഉറപ്പു നല്‍കണമെന്ന കടുത്ത സമ്മര്‍ദ്ദം തന്ത്രം പുറത്തെടുക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകകപ്പ് വേദികളായി 13 സ്റ്റേഡിയങ്ങളുടെ ആദ്യ ഘട്ട പട്ടിക കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയാണ് ഇന്ത്യ- പാക് ലോകകപ്പ് ക്ലാസിക്കിന്റെ വേദിയായി തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയില്‍ എത്തിയാല്‍ മാത്രമാകും ഈ പോരാട്ടം നടക്കുക. 

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്താതെ നിഷ്പക്ഷ വേദിയില്‍ നടത്താമെന്ന നിലപാടിലേക്ക് പാക് സംഘം എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വന്നിരുന്നില്ല. പിന്നാലെ ഏഷ്യ കപ്പ് ആതിഥേയത്വത്തില്‍ നിന്നു പിന്‍മാറാനുള്ള നീക്കവും പാകിസ്ഥാന്‍ നടത്തി. 

സമാനമായി ലോകകപ്പിലെ പാക് മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന പാക് ആവശ്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനം എടുത്തിട്ടില്ല. കൗണ്‍സിലിന്റെ ചെയര്‍മാന്‍ നിലവില്‍ ജയ് ഷായാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com