'എന്റെ പിഴ'- ജോസ് ഭായ് റണ്ണൗട്ടാകാൻ കാരണം താനെന്ന് യശസ്വി ജയ്സ്വാൾ

കൊൽക്കത്തയ്ക്കെതിരെ കത്തും ഫോമിലായിരുന്നു യുവ താരം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേ​ഗതയേറിയ അർധ സെഞ്ച്വറിയുടെ റെക്കോർഡടക്കം സ്ഥാപിച്ചായിരുന്നു യശസ്വിയുടെ കടന്നാക്രമണം
യശസ്വി ജയ്സ്വാൾ/ പിടിഐ
യശസ്വി ജയ്സ്വാൾ/ പിടിഐ

കൊൽക്കത്ത: തനിക്ക് സംഭവിച്ച പിഴവാണ് ജോസ് ബട്ലറുടെ റണ്ണൗട്ടിന് കാരണമെന്ന് തുറന്നു സമ്മതിച്ച് രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാൾ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ ജോസ് ബട്ലർ റണ്ണൗട്ടാകാൻ കാരണം താനെടുത്ത തെറ്റായ തീരുമാനമാണെന്നു താരം പറയുന്നു. 

കൊൽക്കത്തയ്ക്കെതിരെ കത്തും ഫോമിലായിരുന്നു യുവ താരം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേ​ഗതയേറിയ അർധ സെഞ്ച്വറിയുടെ റെക്കോർഡടക്കം സ്ഥാപിച്ചായിരുന്നു യശസ്വിയുടെ കടന്നാക്രമണം. 

'ജോസ് ഭായിയിൽ നിന്നു ഒട്ടനവധി കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പക്ഷേ എന്റെ തെറ്റായ തീരുമാനം കാരണം ജോസ് ഭായിക്ക് പുറത്തു പോകേണ്ടി വന്നു. ക്രിക്കറ്റിൽ ഇതൊക്കെ സ്വാഭാവികമാണ്. അത് എല്ലാവർക്കും അറിയാം. ആരും ബോധപൂർവം ചെയ്യുന്ന കാര്യമല്ല.'

'സഞ്ജു ഭായ് ബാറ്റ് ചെയ്യാനെത്തിയപ്പോൾ നന്നായി കളിക്കാനാണ് ആവശ്യപ്പെട്ടത്. പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞു. ന്യൂബോളിൽ കൊൽക്കത്ത സ്പിന്നർമാരെ കളിപ്പിക്കുമെന്നു അറിയാമായിരുന്നു. നിതീഷ് ഭായ് ആദ്യ ഓവർ എറിയാനെത്തിയപ്പോൾ അത്ഭുതം തോന്നിയതുമില്ല. സിക്സടിക്കാനായിരുന്നു ആ​ഗ്രഹം. അപ്പോഴും ടീമിനെ വിജയത്തിലെത്തിക്കാനാണ് കൂടുൽ ശ്രദ്ധ നൽകിയത്'- മത്സര ശേഷം താരം വ്യക്തമാക്കി.

കൊൽക്കത്തക്കെതിരായ പോരാട്ടത്തിൽ മൂന്ന് പന്തിൽ റണ്ണൊന്നുമെടുക്കാതെ ബട്ലർ റണ്ണൗട്ടാകുകയായിരുന്നു. ബട്ലറുടെ നിർദ്ദേശം യശസ്വി കേൾക്കാത്തത് ആശയക്കുഴപത്തിന് ഇടയാക്കി. ആന്ദ്രെ റസ്സൽ നേരിട്ട് ഏറിൽ ബട്ലറെ പുറത്താക്കുകയായിരുന്നു. മത്സരത്തിൽ കൊൽക്കത്ത ആ​​ഹ്ലാദിച്ച ഏക നിമിഷവും അതായിരിക്കും. 

47 പന്തിൽ 98 റൺസെടുത്ത് പുറത്താകാതെ നിന്ന് യശസ്വി തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തു. 29 പന്തിൽ 48 റൺസെടുത്ത് പുറത്താകാതെ പൊരുതി സഞ്ജു സാംസൺ കട്ടയ്ക്ക് യശസ്വിക്ക് പിന്തുണ നൽകിയപ്പോൾ രാജസ്ഥാൻ അനായാസ വിജയമാണ് സ്വന്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com