'ആ പന്തില്‍ സിക്‌സര്‍ അടിക്കാനാണ് ആഗ്രഹിച്ചത്, എങ്കിലും സാരമില്ല'; സെഞ്ച്വറി നഷ്ടപ്പെട്ടതില്‍ ജയ്‌സ്വാള്‍ 

മത്സരത്തില്‍ പുറത്താകാതെ 98 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്
കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരം വിജയിച്ചതില്‍ ജയ്‌സ്വാളിന്റെ ആഹ്ലാദപ്രകടനം, പിടിഐ
കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരം വിജയിച്ചതില്‍ ജയ്‌സ്വാളിന്റെ ആഹ്ലാദപ്രകടനം, പിടിഐ

കൊല്‍ക്കത്ത:  ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സ് അടിച്ച് സെഞ്ച്വറി നേടി കളി ജയിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജയ്‌സ്വാള്‍. മത്സരത്തില്‍ പുറത്താകാതെ 98 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ജയിക്കാന്‍ മൂന്ന് റണ്‍സ് ഉള്ളപ്പോള്‍ 94 റണ്‍സില്‍ നില്‍ക്കുകയായിരുന്നു ജയ്‌സ്വാള്‍. എല്ലാവരും സിക്‌സ് അടിച്ച് സെഞ്ച്വറി നേടി കളി ജയിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് ജയ്‌സ്വാളിന്റെ ബൗണ്ടറി പിറന്നത്. സെഞ്ച്വറിയടിക്കാന്‍ കഴിയാത്തതില്‍ നിരാശ തോന്നിയെങ്കിലും മത്സരം ജയിപ്പിക്കാന്‍ ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കുക എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും ജയ്‌സ്വാള്‍ പറഞ്ഞു. മത്സരശേഷമായിരുന്നു ജയ്‌സ്വാളിന്റെ പ്രതികരണം.

'എനിക്ക് ഒരു സിക്സ് അടിക്കണമെന്ന് (സെഞ്ച്വറി നേടാനും) ഉദ്ദേശമുണ്ടായിരുന്നു, പക്ഷേ കുഴപ്പമില്ല, മത്സരം ജയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കഴിഞ്ഞ കുറച്ച് കളികളായി അവസാനം വരെ തുടരാനും മത്സരം പൂര്‍ത്തിയാക്കാനുമാണ് ഞാന്‍ കഠിനമായി ശ്രമിക്കുന്നത്. അതാണ് എപ്പോഴും എന്റെ ചിന്താഗതി.'- ജയ്‌സ്വാളിന്റെ വാക്കുകള്‍. നിതീഷ് റാണയുടെ ആദ്യ ഓവറില്‍ തന്നെ ജയ്സ്വാള്‍ 26 റണ്‍സാണ് നേടിയത്. ആദ്യ പന്തില്‍ തന്നെ വേലിക്ക് പുറത്തേയ്ക്ക് പന്ത് പായിച്ചാണ് ജയ്‌സ്വാള്‍ വരവറിയിച്ചത്.

'എന്റെ നിയമം എന്റെ ദിനചര്യയാണ്, ഇത് എനിക്ക് വളരെ പ്രധാനമാണ്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എല്ലാ മത്സരങ്ങളില്‍ നിന്നും പഠിക്കാനും ഞാന്‍ പരമാവധി ശ്രമിക്കുന്നു. എന്റെ കളി മുന്നോട്ട് കൊണ്ടുപോകേണ്ടതിനാല്‍ ഇത് വളരെ പ്രധാനമാണ്'- ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. 

'മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ഗ്രാമമായ തലേഗാവില്‍, സുബിന്‍ ബറൂച്ചയുടെ അക്കാദമിയില്‍   മണിക്കൂറുകളോളം ചെലവഴിച്ചിട്ടുണ്ട്. ഇത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. എന്റെ ബാറ്റിംഗിനെക്കുറിച്ച് ഞാന്‍ സുബിന്‍ സാറുമായി ഒരുപാട് സംസാരിക്കാറുണ്ട്. എന്റെ ഏറ്റവും വലിയ തയ്യാറെടുപ്പ് അവിടെയാണ് നടന്നത്, എനിക്ക് എല്ലാ ഷോട്ടുകളും കളിക്കാന്‍ കഴിയും, എന്നെത്തന്നെ ഫിറ്റാക്കി നിലനിര്‍ത്താന്‍ സാധിക്കും'- അദ്ദേഹം പറഞ്ഞു.മാനസികവും ശാരീരികവുമായ തയ്യാറെടുപ്പില്‍ നിന്നാണ് തനിക്ക് ആത്മവിശ്വാസം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പരിചയസമ്പന്നരായ നിരവധി ഇതിഹാസ താരങ്ങളുമായി സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഞാന്‍ പാഴാക്കാറില്ല.  എനിക്ക് അവസരം കിട്ടുമ്പോഴെല്ലാം എം എസ് ധോനി, വിരാട് കോഹ്ലി, രോഹിത് ,സഞ്ജു സാംസണ്‍ എന്നിവരോട് സംസാരിക്കാറുണ്ട്. എങ്ങനെ മനസിനെ ശാന്തമാക്കാം എന്നതിനെ കുറിച്ചാണ് കൂടുതലും സംസാരിക്കാറ്. കൂടാതെ എന്ത് ചിന്തിക്കണം എന്നതിനെ കുറിച്ചും ഇവരോട് അഭിപ്രായം തേടാറുണ്ട്'- ജയ്‌സ്വാള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com