ഉറുഗ്വെയ്ക്ക് പുതിയ തന്ത്രങ്ങള്‍; മാഴ്‌സലോ ബിയെല്‍സ പരിശീലകന്‍

ഡീഗോ അലോണ്‍സോയുടെ പകരക്കാരനായാണ് 67 കാരനായ ബിയെല്‍സ എത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുനൈറ്റഡിനെയാണ് അവസാനമായി ബിയെല്‍സ പരിശീലിപ്പിച്ചത്
മാഴ്‌സലോ ബിയെല്‍സ / ട്വിറ്റർ
മാഴ്‌സലോ ബിയെല്‍സ / ട്വിറ്റർ

മോണ്ടെവീഡിയോ: വിഖ്യാത പരിശീലകന്‍ മാഴ്‌സലോ ബിയെല്‍സ ഉറുഗ്വെ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ കോച്ച്. ആഴ്ചകളായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനൊടുവിലാണ് ബിയെല്‍സ സ്ഥാനമേല്‍ക്കുന്നത്. 2026ല്‍ നടക്കുന്ന ലോകകപ്പ് വരെയാണ് കരാര്‍. 

ഡീഗോ അലോണ്‍സോയുടെ പകരക്കാരനായാണ് 67 കാരനായ ബിയെല്‍സ എത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുനൈറ്റഡിനെയാണ് അവസാനമായി ബിയെല്‍സ പരിശീലിപ്പിച്ചത്. ക്ലബുമായി പിരിഞ്ഞ ശേഷം മറ്റൊരു ടീമിനേയും ബിയെല്‍സ പരിശീലിപ്പിച്ചിട്ടില്ല. ലീഡ്‌സിനെ നീണ്ട ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍ഷിപ്പില്‍ നിന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ ബിയെല്‍സയുടെ തന്ത്രങ്ങള്‍ നിര്‍ണായകമായിരുന്നു. 

ജൂണില്‍ നിക്കരാഗ്വ, ക്യൂബ ടീമുകള്‍ക്കെതിരായ സൗഹൃദ മത്സരം ഉറുഗ്വെ കളിക്കുന്നുണ്ട്. ഇതായിരിക്കും ബിയെല്‍സയുടെ ആദ്യ വെല്ലുവിളികള്‍. സെപ്റ്റംബര്‍ മുതല്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഉറുഗ്വെ കളിക്കും.

ലോക ഫുട്‌ബോളിലെ മികച്ച തന്ത്രങ്ങളുടെ രാജാവായി അറിയപ്പെടുന്ന അപൂര്‍വം പരിശീലകരില്‍ ഒരാളാണ് ബിയെല്‍സ. ഫുട്‌ബോള്‍ ലോകത്ത് എല്‍ ലോക്കോ ബിയെല്‍സ (ഭ്രാന്തന്‍ ബിയെല്‍സ) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നിലവില്‍ ഫുട്‌ബോള്‍ ലോകത്തെ പല വമ്പന്‍മാരായ പരിശീലകരുടേയും റോള്‍ മോഡല്‍ കൂടിയാണ് ബിയെല്‍സ. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ മൗറീസിയോ പൊചെറ്റിനോ, ഡീഗോ സിമിയോണി, മാഴ്‌സലോ ഗല്ലാര്‍ഡോ അടക്കമുള്ളവരെ സ്വാധീനിച്ചിട്ടുണ്ട്. ലോക ഫുട്‌ബോള്‍ ഏറ്റവും മികച്ച പരിശീലകന്‍ എന്നാണ് പെപ് ഗെര്‍ഡിയോള ബിയെല്‍സയെ വിശേഷിപ്പിക്കുന്നത്. 

3-3-3-1 എന്ന തരത്തിലൊരു ഫോര്‍മേഷന്‍ ഫുട്‌ബോള്‍ ലോകത്ത് പ്രചരിപ്പിച്ച കോച്ചാണ് ബിയെല്‍സ. അര്‍ജന്റീന, ചിലി ടീമുകളെ ഈ ഫോര്‍മേഷനില്‍ നിരവധി തവണ അദ്ദേഹം കളിപ്പിച്ചിട്ടുണ്ട്. എതിരാളികളെ വട്ടംകറക്കിയ ഒരു ഫോര്‍മേഷന്‍ കൂടിയായിരുന്നു ഇത്. 

1998 മുതല്‍ 2004 വരെയാണ് ബിയെല്‍സ അര്‍ജന്റീനയെ പരിശീലിപ്പിച്ചത്. 2004ല്‍ ഏഥന്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ അര്‍ജന്റീന ടീമിന്റെ പരിശീലകനും ബിയെല്‍സയായിരുന്നു. 2007 മുതല്‍ 2011 വരെ ചിലി ദേശീയ ടീമിനേയും ബിയെല്‍സ പരിശീലിപ്പിച്ചിട്ടുണ്ട്. എസ്പന്യോള്‍, അത്‌ലറ്റിക്ക് ബില്‍ബാവോ, മാഴ്‌സ, ലില്‍, ലാസിയോ ടീമുകളും ബിയെല്‍സയുടെ തന്ത്രത്തില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com