കത്തിക്കയറി ജയ്‌സ്വാള്‍, 47 പന്തില്‍ 98 റണ്‍സ്; രാജസ്ഥാന് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം
തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച ജയ്സ്വാൾ, image credit: Indian Premier League
തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച ജയ്സ്വാൾ, image credit: Indian Premier League

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ 12 കളികളില്‍ നിന്ന് 12 പോയന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം വെറും 79 പന്തില്‍ രാജസ്ഥാന്‍ മറികടന്നു. ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസന്റെയും ഇന്നിങ്സുകളാണ് രാജസ്ഥാന്‍ ജയം എളുപ്പമാക്കിയത്.

13 പന്തില്‍ നിന്ന് 50 തികച്ച ജയ്സ്വാള്‍ 47 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്സുമടക്കം 98 റണ്‍സോടെ പുറത്താകാതെ നിന്നു. കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിതീഷ് റാണയെറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 26 റണ്‍സടിച്ചാണ് ജയ്സ്വാള്‍ തുടങ്ങിയത്. 29 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് ഫോറും അഞ്ച് സിക്സും പറത്തി 48 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. 

അര്‍ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരുടെ ബാറ്റിങാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 42 പന്തില്‍ രണ്ട് ഫോറും നാല് സിക്സുമായി 57 റണ്‍സെടുത്തു. 

ക്യാപ്റ്റന്‍ നിതീഷ് റാണ (22), റഹ്മാനുല്ല ഗുര്‍ബാസ് (18), റിങ്കു സിങ് (16), എന്നിവരാണ് പൊരുതിയ മറ്റു താരങ്ങള്‍. ജാസന്‍ റോയ് (10), ആന്ദ്ര റസ്സല്‍ (10), ശാര്‍ദുല്‍ ഠാക്കൂര്‍ (1), സുനില്‍ നരെയ്ന്‍ (6) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. അനകുല്‍ റോയ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. 

രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് താരത്തിന്റെ നേട്ടം. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റുകള്‍ പിഴുതു. സന്ദീപ് ശര്‍മ, മലയാളി പേസര്‍ കെഎം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com