പ്ലേ ഓഫിലേക്ക് ആരൊക്കെ? ഏഴ് ടീമുകള്‍, മൂന്ന് സ്ഥാനങ്ങള്‍; മുന്നില്‍ ജീവന്‍മരണ പോരാട്ടങ്ങള്‍   

അതേസമയം സിഎസ്‌കെ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല
പ്ലേ ഓഫിലെത്തിയ ​ഗുജറാത്ത് ടീം/ പിടിഐ
പ്ലേ ഓഫിലെത്തിയ ​ഗുജറാത്ത് ടീം/ പിടിഐ

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ടീമുകള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ് ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. ഇതോടെ ഹൈദരാബാദ് പുറത്തായി. ഡല്‍ഹി ക്യാപിറ്റല്‍സും നേരത്തെ തന്നെ പുറത്തായിരുന്നു. 

ഏഴ് ടീമുകളാണ് ഇനി മൂന്ന് സ്ഥാനത്തേക്കായി മാറ്റുരയ്ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍. 

പോയിന്റ് പട്ടികയില്‍ ചെന്നൈ രണ്ടാം സ്ഥാനത്താണ്. 15 പോയിന്റുള്ള അവര്‍ക്ക് അവസാന മത്സരത്തില്‍ നേരിടേണ്ടത് ഡല്‍ഹി ക്യാപിറ്റല്‍സിനെ. ഈ മത്സരം ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫിലേക്ക് കടക്കാം. നെറ്റ് റണ്‍റേറ്റും അനൂകുലമായി നില്‍ക്കുന്നു. + 0.381 ആണ് നെറ്റ് റേറ്റ്. 

അതേസമയം സിഎസ്‌കെ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. മുംബൈ ഇന്ത്യന്‍സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും രണ്ട് വീതം മത്സരങ്ങളുണ്ട്. ഇതില്‍ രണ്ട് മത്സരങ്ങളും ഈ ടീമുകളില്‍ ഒരാള്‍ ജയിച്ചാല്‍ അവര്‍ രണ്ടാം സ്ഥാനത്തേക്ക് കയറും. 

അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മുംബൈക്ക് സീറ്റുറപ്പിക്കാം. രണ്ടില്‍ ഒരു കളി തോറ്റാല്‍ മുംബൈക്ക് മറ്റ് ടീമുകളുടെ ഫലവും നിര്‍ണായകം. ചെന്നൈ, ലഖ്‌നൗ, ബാംഗ്ലൂര്‍, പഞ്ചാബ് ടീമുകള്‍ ഒരു കളി തോല്‍ക്കണം. നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നില്‍ക്കുന്നതിനാല്‍ അടുത്ത രണ്ട് മത്സരങ്ങളിലും മുംബൈക്ക് ജയം അനിവാര്യം.

നാലാമതുള്ള ലഖ്‌നൗവിന് 13 പോയിന്റുകളാണ്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള അവര്‍ക്ക് ഇത് രണ്ടും വിജയിച്ചാല്‍ ആദ്യ നാലില്‍ ഇടംഉറപ്പിച്ച് പ്ലേ ഓഫിലേക്ക് കടക്കാം. നെറ്റ് റണ്‍റേറ്റ് പോസിറ്റീവില്‍ നില്‍ക്കുന്നതും അവര്‍ക്ക് ഗുണകരമാണ്. 

രണ്ടില്‍ ഒരു കളി ലഖ്‌നൗ തോറ്റാല്‍ മുംബൈ, ബാംഗ്ലൂര്‍, പഞ്ചാബ് ടീമുകളുടെ ഫലമായിരിക്കും ലഖ്‌നൗവിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കുക. ഈ ടീമുകള്‍ ഒരു കളി തോല്‍ക്കണം. രണ്ട് കളികളും തോറ്റാല്‍ ലഖ്‌നൗ പുറത്താകും.

ആര്‍സിബിക്ക് രണ്ട് കളികളാണ് ബാക്കിയുള്ളത്. നിലവില്‍ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്ത്. മികച്ച നെറ്റ് റേറ്റും അവര്‍ക്കുണ്ട്. അടുത്ത രണ്ട് കളിയും ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. രണ്ടില്‍ ഒന്ന് ജയിച്ചാല്‍ മറ്റു 
ടീമകളുടെ ഫലം നിര്‍ണായകം. 

രാജസ്ഥാനു ഒരു കളിയാണ് ബാക്കിയുള്ളത്. 12 പോയിന്റും. അടുത്ത മത്സരത്തില്‍ ജയം അനിവാര്യം. തോറ്റാല്‍ പുറത്ത്. ജയിച്ചാല്‍ മാത്രം പോര അവര്‍ക്ക് മറ്റു ടീമുകളുടെ ഫലവും ബാധിക്കും. അതേസമയം നെറ്റ് റണ്‍റേറ്റ് മികച്ച രീതിയിലുള്ളത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. 

കൊല്‍ക്കത്തയ്ക്ക് ഒരു കളിയാണ് ബാക്കിയുള്ളത്. അവര്‍ക്കും 12 പോയിന്റുകള്‍. കൊല്‍ക്കത്തയുടെ അവസാന പോരാട്ടം ലഖ്‌നൗവിനെതിരെയാണ്. അടുത്ത കളി ജയിച്ചാല്‍ മാത്രം പോര അവര്‍ക്ക്. ലഖ്‌നൗവിനെ കീഴടക്കുകയും ലഖ്‌നൗ അടുത്ത മത്സരം തോല്‍ക്കാനും അവര്‍ കാത്തിരിക്കണം. നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നില്‍ക്കുന്നതും അവര്‍ക്ക് തിരിച്ചടിയാണ്. 

പഞ്ചാബിന് രണ്ട് മത്സരങ്ങളുണ്ട്. ഇതു രണ്ടും ജയിച്ചാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. തോറ്റാല്‍ പുറത്ത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവായതിനാല്‍ രണ്ട് ജയങ്ങള്‍ അനിവാര്യം. ഒരു കളി തോറ്റാല്‍ പഞ്ചാബിന് പ്ലേ ഓഫ് ഇത്തവണ സ്വപ്‌നമായി തന്നെ അവിശേഷിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com