എത്തിഹാദിലെ സര്‍വാധിപത്യം; റയലിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ജൂണ്‍ 11ന് നടക്കുന്ന ഫൈനലില്‍ ഇന്റര്‍ മിലാനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് സിറ്റിക്ക് വേണ്ടത് ഒരു ജയം
ഗോൾ നേട്ടമാഘോഷിക്കുന്നു സിൽവ/ ട്വിറ്റർ
ഗോൾ നേട്ടമാഘോഷിക്കുന്നു സിൽവ/ ട്വിറ്റർ

ലണ്ടന്‍: എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സര്‍വാധിപത്യമായിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന്റെ മഹിത പാരമ്പര്യത്തിന്റെ കരുത്തൊന്നും അവിടെ സ്പാനിഷ് കരുത്തരുടെ രക്ഷയ്‌ക്കെത്തിയില്ല. രണ്ടാം പാദ സെമിയില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് മുന്നേറി.

ആദ്യ പാദ പോരാട്ടം 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു. 5-1 എന്ന അഗ്രഗേറ്റിലാണ് പെപ് ഗെര്‍ഡിയോളയും സംഘവും കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചത്. 

ജൂണ്‍ 11ന് നടക്കുന്ന ഫൈനലില്‍ ഇന്റര്‍ മിലാനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് സിറ്റിക്ക് വേണ്ടത് ഒരു ജയം. 2020-21 സീസണിലാണ് സിറ്റി നടാടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയത്. അന്ന് 1-0ത്തിന് ചെല്‍സിയോട് പരാജയപ്പെട്ട് കിരീടം അടിയറവ് വച്ചു. ഇത്തവണ പക്ഷേ കിരീടം കൊണ്ടേ മടങ്ങു എന്ന വാശിയിലാണ് സിറ്റി. നേരത്തെ രണ്ട് തവണ റയലിന് മുന്നില്‍ കാലിടറിയ സിറ്റി ഇത്തവണ പക്ഷേ അതിനെല്ലാം കണക്കു തീര്‍ത്താണ് മുന്നേറിയത്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ഏതാണ്ട് ഉറപ്പിച്ചു നില്‍ക്കുകയാണ് സിറ്റി. ഒപ്പം എഫ്എ കപ്പിന്റെ ഫൈനലിലേക്കും അവര്‍ എത്തി. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനൊപ്പം സീസണില്‍ ട്രെബിള്‍ നേട്ടവും സിറ്റി സ്വപ്‌നം കാണുന്നു.

സ്വന്തം തട്ടകത്തില്‍ സിറ്റി റയലിന് ഒരു പഴതും അനുവദിച്ചില്ല. ഇരു പകുതികളിലായി രണ്ട് ഗോള്‍ വീതം അവര്‍ വലയിലിട്ടു. സിറ്റിക്കായി ബെര്‍ണാര്‍ഡോ സില്‍വ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മാനുവല്‍ അകാന്‍ജി, ജൂലിയന്‍ അല്‍വാരസ് എന്നിവരും വല ചലിപ്പിച്ചു. 

കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സിറ്റി മാത്രമായിരുന്നു ചിത്രത്തില്‍. തുടക്കത്തില്‍ തന്നെ എര്‍ലിങ് ഹാളണ്ടിന്റെ രണ്ട് കിടിലന്‍ ഹെഡ്ഡര്‍ ഗോള്‍ ശ്രമങ്ങള്‍. രണ്ടും റയല്‍ ഗോളി തിബോട്ട് കോട്ട്വ തടുത്തിട്ടു. എന്നാല്‍ 23ാം മിനിറ്റില്‍ സില്‍വ സിറ്റിക്ക് ലീഡ് സമ്മാനിക്കുമ്പോള്‍ കോട്ട്വയ്ക്കും റയലിനെ രക്ഷിക്കാനായില്ല. 

ഡി ബ്രുയ്‌നെ നല്‍കിയ പാസ് സ്വീകരിച്ച് മുന്നേറിയ സില്‍വ റയല്‍ പ്രതിരോധത്തെ കബളിപ്പിച്ച് ഇടം കാലന്‍ ഷോട്ടിലൂടെ പന്ത് വലയിലിട്ടു. 37ാം മിനിറ്റില്‍ വീണ്ടും സില്‍വ. ഇത്തവണ റീബൗണ്ടായി വന്ന പന്ത് താരം ഹെഡ്ഡറിലൂടെ വലയിലാക്കി. 

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ തന്നെ സിറ്റി മാനസിക മുന്‍തൂക്കം നേടിയാണ് കളം വിട്ടത്. റയലിന് തിരിച്ചടിക്കാന്‍ 45 മിനിറ്റുകള്‍ മാത്രമായിരുന്നു ശേഷിച്ചത്. 

രണ്ടാം പകുതിയിലും കഥയ്ക്ക് മാറ്റമുണ്ടായില്ല. സിറ്റി തന്നെ ആധിപത്യം പുലര്‍ത്തി. തിരിച്ചടിക്കാനുള്ള എല്ലാ ശ്രമവും റയല്‍ നടത്തിയെങ്കിലും മികച്ച അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ അവര്‍ക്ക് പിഴച്ചു. 73ാം മിനിറ്റിലും ഹാളണ്ടിന്റെ ഗോള്‍ ശ്രമം കണ്ടു. എന്നാല്‍ കോട്ട്വ വീണ്ടും റയലിനെ രക്ഷിച്ചു. 

എന്നാല്‍ 76ാം മിനിറ്റില്‍ സിറ്റി മൂന്നാം ഗോളും നേടി. ഇത്തവണ അകാന്‍ജിയുടെ ഊഴം. ഡി ബ്രുയ്‌നെ എടുത്ത ഫ്രീ കിക്ക് ഹെഡ്ഡറിലൂടെ അകാന്‍ജി വല ലാക്കാക്കി മറിച്ചു. പന്ത് റയല്‍ പ്രതിരോധക്കാരന്‍ മിലിറ്റാവോയുടെ ദേഹത്ത് തട്ടി വലയിലേക്ക് കയറി. 

നാലാം ഗോള്‍ വന്നത് പകരക്കാരനായി ഇറങ്ങിയ അല്‍വാരസില്‍ നിന്നു. താരം ഇഞ്ച്വറി ടൈമിലാണ് മൈതാനത്ത് എത്തിയത്. വന്നതിന് പിന്നാലെ ഗോളും അടിച്ചു ടീമിന്റെ ലീഡ് നാലാക്കി ഉയര്‍ത്തി. 

പിന്നാലെ ലോങ് വിസില്‍ മുഴങ്ങി. ആവേശ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഇസ്താംബൂളിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com