ബൗളിങ് 'ബോസ്' vs ബാറ്റിങ് 'ബോസ്'- ഫൈനലുറപ്പിക്കാന്‍ ഗുജറാത്തും മുംബൈയും

ഐപിഎല്‍ ഫൈനലുറപ്പിക്കാനുള്ള അവസാന കടമ്പ കടക്കാന്‍ കാത്ത് രണ്ട് ടീമുകള്‍. ഇന്ന് രണ്ടാം ക്വാളിഫയര്‍ പോരാട്ടം. വിജയിക്കുന്ന ടീം കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഒരു ഭാഗത്ത്. നടാടെ എത്തി കിരീട നേട്ടവുമായി മടങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് മറുഭാഗത്ത്. ഐപിഎല്‍ ഫൈനലുറപ്പിക്കാനുള്ള അവസാന കടമ്പ കടക്കാന്‍ കാത്ത് രണ്ട് ടീമുകള്‍. ഇന്ന് രണ്ടാം ക്വാളിഫയര്‍ പോരാട്ടം. വിജയിക്കുന്ന ടീം കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും. 

പതിവ് തെറ്റിക്കാതെയാണ് മുംബൈ ടൂര്‍ണമെന്റ് തുടങ്ങിയത്. തോല്‍വികളില്‍ നിന്നു പതിയെ കരകയറി വേണ്ട സമയത്ത് ഉഗ്രരൂപം പുറത്തെടുക്കുന്ന ശൈലി ഇത്തവണയും അവര്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ സീസണ്‍ കിരീട നേട്ടത്തോടെ അവസാനിപ്പിച്ച ഗുജറാത്ത് ഇത്തവണയും ആ ഫോം നിലനിര്‍ത്തി. പ്ലേ ഓഫിലേക്ക് ആധികാരികമായി കടന്ന ഏക ടീമും ഗുജറാത്ത് തന്നെ. 

ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ചെന്നൈയോട് തോറ്റാണ് ഗുജറാത്ത് രണ്ടാം ചാന്‍സിനായി മുംബൈക്ക് മുന്നിലേക്ക് എത്തുന്നത്. മുംബൈ ആകട്ടെ നിര്‍ണായക എലിമിനേറ്റര്‍ പോരില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കെട്ടുകെട്ടിച്ചാണ് എത്തുന്നത്. 

ബാറ്റിങിലും ബൗളിങിലും ഇരു ടീമുകളും സന്തുലിതമാണ്. സൂര്യ കുമാര്‍ യാദാവ് ഫോമിലേക്ക് മടങ്ങിയെത്തി കത്തിജ്വലിക്കുന്നതും ബുമ്രയുടെ അഭാവത്തിലും പേസ് ബൗളിങില്‍ വിസ്മയം തീര്‍ക്കുന്ന ആകാശ് മധ്‌വാള്‍ അടക്കമുള്ള ബൗളര്‍മാരും മുംബൈക്ക് കരുത്താണ്. 

ബാറ്റിങില്‍ നേഹല്‍ വധേര, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ എന്നിവരും സൂര്യകുമാറിനൊപ്പം മുംബൈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്. വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയുടെ ഫോമും മുംബൈക്ക് മുതല്‍കൂട്ടാണ്. സീസണില്‍ 15 മത്സരങ്ങളില്‍ നിന്നു ചൗള ഇതുവരെ 21 വിക്കറ്റുകള്‍ വീഴ്ത്തി. 

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അപാര മികവാണ് ഗുജറാത്തിന്റെ കരുത്ത്. ഒപ്പം സ്പിന്‍, പേസ് ബൗളിങ് വൈവിധ്യവും അവരെ അപകടകാരികളാക്കുന്നു. ശുഭ്മാന്‍ ഗില്ലിന് പുറമെ വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, ഹര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ എന്നിവരും മികച്ച ഫോമില്‍. രാഹുല്‍ തേവാടിയ കഴിഞ്ഞ സീസണിലെ പോലെ നിര്‍ണായക മികവിലേക്ക് എത്തിയിട്ടില്ല എന്നതാണ് അവരെ കുഴക്കുന്നത്. 

ബൗളിങാണ് ഗുജറാത്തിന്റെ വൈവിധ്യങ്ങളുടെ കലവറ. ഗുജറാത്ത് ബൗളിങും മുംബൈയുടെ കരുത്തുറ്റ ബാറ്റിങുമാണ് നേര്‍ക്കുനേര്‍ വരുന്നത്. മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും നയിക്കുന്ന പേസ് അറ്റാക്കും റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരുടെ സ്പിന്‍ മികവും അവരുടെ കരുത്താണ്. ജോഷ്വ ലിറ്റിലിന്റെ വരവും അവരുടെ ബൗളിങ് നിരയ്ക്ക് കരുത്താകും. താരം ഇടംകൈയന്‍ പേസറാണ്. 

ഇവര്‍ നിര്‍ണായകം

ആകാശ് മധ്‌വാള്‍: സീസണില്‍ മുംബൈക്കായി ഏഴ് മത്സരങ്ങളാണ് താരം കളിച്ചത്. 13 വിക്കറ്റുകള്‍ 29കാരന്‍ വീഴ്ത്തി. മുംബൈയുടെ ആയുസ് നീട്ടിയെടുത്തത് താരം എലിമിനേറ്ററില്‍ പുറത്തെടുത്ത മാരക ബൗളിങാണ്. 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് മധ്‌വാള്‍ കൊയ്തത്. 

ശുഭ്മാന്‍ ഗില്‍: കൂറ്റന്‍ സ്‌കോറുകള്‍ നേടുന്ന ഓപ്പണര്‍ ഗില്ലിന്റെ മികവാണ് ഗുജറാത്തിന്റെ നട്ടെല്ല്. സീസണില്‍ രണ്ട് സെഞ്ച്വറികളടക്കം ഉജ്ജ്വലമായാണ് താരം ബാറ്റ് വീശിയത്. നാല് അര്‍ധ സെഞ്ച്വറികളും ഗില്‍ നേടി. നിലവില്‍ 722 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. ഇന്ന് ഒന്‍പത് റണ്‍സെടുത്താല്‍ ഫാഫ് ഡുപ്ലെസിയെ മറികടന്ന് ഗില്ലിന് ഓറഞ്ച് ക്യാപ് സ്വന്തമാക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com