നാലടിയില്‍ ചെല്‍സിയെ തകര്‍ത്തു; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യൻസ് ലീ​ഗിൽ തിരിച്ചെത്തി

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിച്ചതോടെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെന്ന പ്രതീക്ഷ അവസാനിച്ചു. അവര്‍ യുറോപ്പ ലീഗില്‍ കളിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Published on
Updated on

ലണ്ടന്‍: ചെല്‍സിയെ പഞ്ഞിക്കിട്ട് രാജകീയ വിജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് യോഗ്യത ഉറപ്പിച്ചു. പോയിന്റ് പട്ടികയില്‍ ടോപ് ഫോറില്‍ നില്‍ക്കാന്‍ ചെല്‍സിക്കെതിരെ അവര്‍ക്ക് സമനില മാത്രം മതിയായിരുന്നു. എന്നാല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ മിന്നും പ്രകടനം പുറത്തെടുത്താണ് യോഗ്യത ഉറപ്പിച്ചത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിച്ചതോടെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെന്ന പ്രതീക്ഷ അവസാനിച്ചു. അവര്‍ യുറോപ്പ ലീഗില്‍ കളിക്കും. ഇംഗ്ലണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ന്യൂകാസില്‍ യുനൈറ്റഡ് ടീമുകളാണ് യുനൈറ്റഡിന് പുറമെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ പന്തു തട്ടുക. 

ജയത്തോടെ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഇരു പകുതികളിലാണ് രണ്ട് ഗോളുകള്‍ വീതം ചെല്‍സി വലയില്‍ നിക്ഷേപിച്ചാണ് യുനൈറ്റഡ് വിജയം പിടിച്ചത്. കാസെമിറോ, ആന്റണി മാര്‍ഷ്യല്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുനൈറ്റഡിനായി വല ചലിപ്പിച്ചത്. ചെല്‍സിയുടെ ആശ്വാസ ഗോള്‍ അവസാന നിമിഷത്തില്‍ ജാവോ ഫെലിക്‌സ് നേടി.

കളി തുടങ്ങി ആറാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ഫ്രീ കിക്കിന് തല വച്ച് കാസെമിറോയാണ് അവര്‍ക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് ചെല്‍സി ആക്രമണം കടുപ്പിച്ചു. അവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ ഫിനിഷിങ് പോരായ്മ തിരിച്ചടിയായി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ രണ്ടാം ഗോളും യുനൈറ്റഡ് നേടി. ആന്റണി മാര്‍ഷ്യലാണ് വല ചലിപ്പിച്ചത്. കാസെമിറോയുടെ മികവുറ്റ പാസില്‍ തുടങ്ങിയ ആക്രമണം ജാഡന്‍ സാഞ്ചോയിലൂടെ മാര്‍ഷ്യലില്‍ എത്തിയാണ് ഗോളിന് വഴിയൊരുങ്ങിയത്. 

രണ്ടാം പകുതിയില്‍ യുനൈറ്റഡ് ആക്രമണം കടുപ്പിച്ചു. 70 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് മൂന്നും നാലും ഗോളുകളുടെ വരവ്. 73ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റി വലയിലാക്കിയാണ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. 78ാം മിനിറ്റില്‍ ചെല്‍സിയുടെ പിഴവ് മതലെടുത്തു ബ്രൂണോ നല്‍കിയ പാസില്‍ നിന്നു മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ക്ലിനിക്കല്‍ ഫിനിഷ്. 89ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിന്റെ ഗോള്‍ മാത്രം ചെല്‍സിക്ക് ആശ്വാസ നിമിഷം സമ്മാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com