ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

'പ്രതിസന്ധി വന്നാല്‍ അവനെ വിളിക്കും, കളി തിരിച്ച് കൈയില്‍ തരും'- വിശ്വസ്ത താരത്തെ വെളിപ്പെടുത്തി ഹര്‍ദിക്

സീസണിലുടനീളം ഗുജറാത്തിന്റെ പ്രകടനം ആധികാരികമായിരുന്നു. ബാറ്റിങിലും ബൗളിങിലും മികച്ച താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്

അഹമ്മദാബാദ്: കളിക്കിടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ ആശ്രയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിലെ സഹ താരം ആരാണെന്ന് വെളിപ്പെടുത്തി നായകന്‍ ഹര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ സീസണിന്റെ തുടര്‍ച്ചയെന്നോണം ഐപിഎല്ലില്‍ ഗുജറാത്ത് വീണ്ടും ഫൈനലിലെത്തി. പിന്നാലെയാണ് ഹര്‍ദികിന്റെ ശ്രദ്ധേയ വെളിപ്പെടുത്തല്‍. 

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് തുണയാകാറുള്ളതെന്ന് ഹര്‍ദിക് പറയുന്നു. സീസണിലുടനീളം ഗുജറാത്തിന്റെ പ്രകടനം ആധികാരികമായിരുന്നു. ബാറ്റിങിലും ബൗളിങിലും മികച്ച താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്. നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കളിയില്‍ വഴിത്തിരിവുണ്ടാക്കുന്ന അവരുടെ സുപ്രധാന താരമാണ് റാഷിദ് ഖാന്‍. സീസണിലെ താരത്തിന്റെ പ്രകടനം പരിശോധിച്ചാല്‍ ഹര്‍ദികിന്റെ വെളിപ്പെടുത്തലില്‍ ആരാധകര്‍ക്ക് അതിശയോക്തിയും ഉണ്ടാകില്ല. 

ഇന്നലെ മുംബൈക്കെതിരായ മത്സരത്തിലും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് നായകന്റെ വിശ്വാസം കാക്കുകയും ചെയ്തു. അടിച്ചു തകര്‍ത്തു മുന്നേറിയ തിലക് വര്‍മയേയും വമ്പനടികളിലൂടെ മുംബൈക്ക് കരുത്തു പകരുന്ന ടിം ഡേവിഡിനെ അധികം ക്രീസില്‍ നില്‍പ്പിക്കാതെയും റാഷിദ് മടക്കി. 

'എത്രയോ തവണ റാഷദിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എങ്കിലും വീണ്ടും പറയട്ടെ മത്സരത്തില്‍ ടീം പിന്നാക്കം പോകുമ്പോഴോ, പ്രതിസന്ധി നേരിടുമ്പോഴോ കളിയില്‍ വഴിത്തിരിവ് തീര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് റാഷിദ്. ഞാന്‍ അത്തരം ഘട്ടങ്ങളില്‍ സഹായം തേടാറുള്ളതും അവനോടാണ്.' 

മുംബൈക്കെതിരായ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്‌സിനേയും ഗുജറാത്ത് നായകന്‍ പ്രശംസിച്ചു. ഏറ്റവും മികച്ച ഇന്നിങ്‌സ് എന്നാണ് നായകന്‍ സെഞ്ച്വറിയെ വിശേഷിപ്പിച്ചത്. 

'ഏറ്റവും മിച്ച ഇന്നിങ്‌സായിരുന്നു ഗില്ലിന്റേത്. ഒട്ടും തിടുക്കപ്പെടാതെ ഗില്‍ ബാറ്റ് വീശി. ആരാണ് പന്തെറിയുന്നത് എന്നത് പ്രശ്‌നമേ ആയിരുന്നില്ല. അവന്‍ നിരന്തരം അടിക്കുന്നുണ്ടായിരുന്നു. രാജ്യന്തര, ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ ഗില്‍ സൂപ്പര്‍ താരമാകുമെന്നു ഉറപ്പ്. അതിശയിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ ആള്‍ രൂപമാണ് ഗില്‍'- ഹര്‍ദിക് വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഗുജറാത്ത് തുടര്‍ച്ചയായി രണ്ടാം വട്ടവും ഫൈനലിലേക്ക് കടന്നത്. ശുഭ്മാന്‍ ഗില്ലിന്റെ ഉജ്ജ്വല സെഞ്ച്വറിയും വെറ്ററന്‍ പേസര്‍ മോഹിത് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഗുജറാത്തിന് തുണയായത്. ഞായറാഴ്ച നാല് വട്ടം ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് നിലവിലെ ചാമ്പ്യന്‍മാരുടെ എതിരാളി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com