'ചാമ്പ്യന്‍സ് ട്രോഫി യോഗ്യത എങ്കിലും നേടു...'- ഇംഗ്ലണ്ടിനോട് ആതര്‍ട്ടന്‍

ഇന്ത്യക്കെതിരെ ഔട്ടായി മടങ്ങുന്ന ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ/ പിടിഐ
ഇന്ത്യക്കെതിരെ ഔട്ടായി മടങ്ങുന്ന ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ/ പിടിഐ

അഹമ്മദാബാദ്: പരമ ദയനീയം എന്ന് ഒറ്റ വാക്കില്‍ പറയാം. സമീപ കാലത്തൊന്നും ഒരു ക്രിക്കറ്റ് ലോകകപ്പിലും നിലവിലെ ചാമ്പ്യന്‍മാരെന്ന ലേബലുമായി വന്ന ടീം ഇത്ര മോശം പ്രകടനം നടത്തിയിട്ടുണ്ടാകില്ല. ഇംഗ്ലണ്ട് നിലവില്‍ അതാണ്. ഒരൊറ്റ ജയവുമായി ലോകകപ്പിലെ മുന്നോട്ടുള്ള പോക്ക് ഏതാണ്ടൊക്കെ അവസാനിച്ച മട്ടിലാണ് അവര്‍ നില്‍ക്കുന്നത്. ബാറ്റിങിലും ബൗളിങിലും ടീം സ്പിരിറ്റിലുമെല്ലാം അടിമുടി നെഗറ്റീവാണ് അവരുടെ മനോഭാവം. അടുത്ത മത്സരങ്ങള്‍ ജയിച്ച് വന്‍ നാണക്കേട് ഒഴിവാക്കുകയാണ് ഇംഗ്ലീഷ് പട ലക്ഷ്യമിടുന്നത്. 

ലോകകപ്പിലെ പ്രതീക്ഷകള്‍ അവസാനിച്ച ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള യോഗ്യത നേടുകയാണ് ഇനി ലക്ഷ്യം വയ്‌ക്കേണ്ടതെന്നു മുന്‍ ക്യാപ്റ്റനും ഇംഗ്ലീഷ് ഇതിഹാസവുമായ മൈക്കിള്‍ ആതര്‍ട്ടന്‍. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്തിയാല്‍ ഇംഗ്ലണ്ടിനു യോഗ്യത നേടാമെന്നും ആതര്‍ട്ടന്‍ ഉപദേശിച്ചു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സിന്റെ യുട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ആതര്‍ട്ടന്‍ തന്റെ നിര്‍ദ്ദേശം വ്യക്തമാക്കിയത്. 

'ഏകദിന ക്രിക്കറ്റില്‍ ഏറെക്കാലമായി ഇംഗ്ലണ്ട് മികച്ച ടീമാണ്. എന്നാല്‍ ലോകകപ്പില്‍ പ്ലാന്‍ ചെയ്ത പോലെ കാര്യങ്ങള്‍ നടന്നില്ല എന്നത് വാസ്തവമാണ്. അതിന്റെ കാരണം എന്താണെന്നു വിശദീകരിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല. ഒന്നര വര്‍ഷം മുന്‍പ് ടെസ്റ്റില്‍ സമാന രീതിയില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ബെന്‍ സ്റ്റോക്‌സിനെ നായകനാക്കി ബ്രണ്ടന്‍ മെക്കലത്തെ കോച്ചാക്കി എത്തിച്ചതോടെ കാര്യങ്ങള്‍ മാറി. ഇരുവരും ബാസ്‌ബോള്‍ പ്രൊജക്ടില്‍ മുഴുവന്‍ ശ്രദ്ധയും നല്‍കിയതോടെ കാര്യങ്ങള്‍ വിചാരിച്ച വഴിയിലേക്ക് എത്തി.'

'ഒരു കാര്യം പറയട്ടെ ആവശ്യത്തിനു ഏകദിന മത്സരങ്ങള്‍ ലോകകപ്പിനു മുന്‍പ് ഇംഗ്ലണ്ട് കളിച്ചിട്ടില്ല. അതു സത്യമാണ്. ലോകകപ്പിനു മുന്നോടിയായി നടന്ന മത്സരങ്ങളിലൊന്നും ഫസ്റ്റ് ചോയ്‌സ് ടീമിനെ ഇറക്കാനും ഇംഗ്ലണ്ടിനു കഴിഞ്ഞില്ല.'

'ഇംഗ്ലണ്ട് ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് ഏഴ്, എട്ട് സ്ഥാനങ്ങളില്‍ എത്തി 2025ല്‍ അരങ്ങേറാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനു യോഗ്യത ഉറപ്പിക്കാനാണ് ലക്ഷ്യം വയ്‌ക്കേണ്ടത്. അതിനും സാധിച്ചില്ലെങ്കില്‍ വലിയ നിരാശയാണ് ടീമിനെ കാത്തിരിക്കുന്ന ഫലം'- ആതര്‍ട്ടന്‍ വ്യക്തമാക്കി. 

ഇംഗ്ലണ്ടിനു ഇനി മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. മൂന്നും ജയിച്ചാല്‍ മാത്രം അവര്‍ത്ത് സെമി യോഗ്യത കിട്ടില്ല. മറ്റ് ടീമുകളുടെ ഫലങ്ങളും അനുകൂലമാകണം. നെറ്റ് റണ്‍റേറ്റ് ഈ മൂന്ന് മത്സരങ്ങളിലും കാര്യമായി ഉയര്‍ത്തുകയും വേണം. മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ അവര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പിക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com